കോടിക്കണക്കിന് വണ്ടുകള്‍ പറന്നെത്തി 'കീഴടക്കി': സാന്താ ഇസബെല്‍ പട്ടണ വാസികള്‍ വീട്ടു തടങ്കലില്‍

 കോടിക്കണക്കിന് വണ്ടുകള്‍ പറന്നെത്തി 'കീഴടക്കി':  സാന്താ ഇസബെല്‍ പട്ടണ വാസികള്‍ വീട്ടു തടങ്കലില്‍


സാന്താ റോസ(അര്‍ജന്റീന): കോടിക്കണക്കിന് വണ്ടുകള്‍ പറന്നെത്തി മുക്കും മൂലയും സഹിതം എല്ലായിടത്തും നിറഞ്ഞതോടെ ജീവിതം അതീവ ദുസ്സഹമായ അവസ്ഥയില്‍ അര്‍ജന്റീനയിലെ സാന്താ ഇസബെല്‍ പട്ടണ വാസികള്‍. ഒരാഴ്ചയിലേറെയായി തുടരുന്ന വണ്ടുകളുടെ പ്രളയത്താല്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ അടച്ചിരിക്കേണ്ട ഗതികേടാണെന്ന് ജനങ്ങള്‍ പറയുന്നു.

റോഡ് പോലും കാണാനാകാത്ത സ്ഥിതിയിലാണ് വണ്ടുകള്‍ മൂടിയിരിക്കുന്നത്. ട്രെയിനുകളെയും പൊതിഞ്ഞ ശേഷം ഉള്ളിലേക്കു കയറുന്നു. വീടുകളിലും കടകളിലും വാഹനങ്ങളിലുമെല്ലാം ഇവ കൂട്ടം കൂട്ടമായി കടന്നു കയറിയിരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'അവ എല്ലായിടത്തും ഉണ്ട് - വീടുകളിലും കടകളിലും'-ഡെപ്യൂട്ടി മേയര്‍ ക്രിസ്റ്റ്യന്‍ എച്ചെഗരെ അറിയിച്ചു.അര്‍ജന്റീനയിലെ മധ്യ പ്രവിശ്യയായ ലാ പാമ്പയില്‍ പെടുന്നസാന്താ ഇസബെല്‍ പട്ടണത്തില്‍ താമസിക്കുന്നത് ഏകദേശം 2,500 പേരാണ്.

കെട്ടിടങ്ങളുടെ മുകള്‍ നിലകളും 'വണ്ടിന്‍ പട' കീഴടക്കിയിരിക്കുകയാണ്. വെള്ളം ഒഴുക്കി വിടാനുള്ള സംവിധാനങ്ങളിലും ഇവ കൂട്ടമായി ഇടം പിടിച്ചു. ഡ്രെയിനേജ് സംവിധാനം തടസ്സപ്പെട്ട നിലയിലാണ്. പോലീസ് സ്റ്റേഷനുകളും വലഞ്ഞിരിക്കുകയാണ്. വണ്ടുകള്‍ വെളിച്ചം കണ്ട് ആകൃഷ്ടരാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി സ്ട്രീറ്റ് ലൈറ്റുകളും പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ ലൈറ്റുകളും ഒന്നും പ്രവര്‍ത്തിപ്പിക്കുന്നില്ല.

വീടുകള്‍ക്കുള്ളില്‍ കയറുന്ന വണ്ടുകളെ വാരിക്കൂട്ടി പെട്ടികളിലാക്കി ദൂരെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുകളയുകയാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍ ചെയ്യുന്നത്. അര്‍ജന്റീനയില്‍ കാലം തെറ്റി പെയ്ത മഴയും വീശിയടിച്ച ഉഷ്ണക്കാറ്റും ചെറുപ്രാണികളുടെ പ്രജനനത്തിന് അനുയോജ്യമായ കാലാവസ്ഥ ഒരുക്കിയിരുന്നു. ഇതാണ് വണ്ടുകളുടെ കൂട്ടപ്പെരുകലിന് കാരണമെന്നാണ് നിഗമനം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.