സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിക്കു വേണ്ടിയുള്ള തെരച്ചില്‍ അഞ്ചാം ദിവസവും ഫലം കണ്ടില്ല. ബ്ലൂ മൗണ്ടെയ്നിലാണ് ഒന്‍പതു വയസുകാരിയായ ചാര്‍ലിസ് മട്ടനെ കഴിഞ്ഞ വ്യാഴാഴ്ച്ച കാണാതായത്. കുട്ടിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാണെങ്കിലും മോശം കാലാവസ്ഥയും കോവിഡ് വ്യാപനവും തെരച്ചിലിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതിനെതുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്വീഡ് ഹെഡ്സ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ചാര്‍ലിസ് ക്വീന്‍സ്ലന്‍ഡിലെ കൂലങ്കട്ടയില്‍ മുത്തശ്ശിയോടൊപ്പമാണ് താമസിക്കുന്നത്. അവധിയായതിനാല്‍ രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ബ്ലൂ മൗണ്ടന്‍സില്‍ ചെലവഴിക്കുകയായിരുന്നു. കുടുംബത്തിന്റെ സ്വന്തം എസ്റ്റേറ്റില്‍ താമസിക്കുമ്പോഴാണ് വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് കുട്ടിയെ കാണാതാകുന്നത്. എന്നാല്‍ അടുത്ത ദിവസമാണ് അമ്മ മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെട്ടത്. കാണാതാകുമ്പോള്‍ കുട്ടി എന്താണ് ധരിച്ചിരുന്നതെന്നോ അപ്രത്യക്ഷമായ സമയത്തെക്കുറിച്ചോ വ്യക്തമാക്കാന്‍ അമ്മയ്ക്കു കഴിഞ്ഞിട്ടില്ല. വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ് വ്യക്തമാക്കി.
കുട്ടിയെ കാണാതായതിനെതുടര്‍ന്ന് ആരോഗ്യനില മോശമായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാനുമായിട്ടില്ല.
കാലാവസ്ഥ പ്രതികൂലമാണെങ്കിലും ചാര്‍ലിസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് പ്രതീക്ഷയെന്ന് പ്രശസ്ത ക്രിമിനോളജിസ്റ്റ് സാന്തെ മാലറ്റ് പറഞ്ഞു. മഴയും മൂടല്‍മഞ്ഞുമാണ് തെരച്ചിലിനെ ദുഷ്‌കരമാക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി അന്വേഷണത്തില്‍ നിര്‍ണായക ഘടകമാണെന്ന് ക്രിമിനോളജിസ്റ്റ് പറഞ്ഞു.
ചാര്‍ലിസ് താമസിച്ചിരുന്ന എസ്‌റ്റേറ്റില്‍ നിന്ന് ഒരു വെള്ള ബോട്ടും ചുവന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. സിഡ്നിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള വിന്‍ഡ്സറിലെ നദിയില്‍ ഉള്‍പ്പെടെ പോലീസ് മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ നടത്തി.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം ചെറുതാണെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ എബിസി റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയെ ഉടന്‍ കണ്ടെത്തിയാലും അവളുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് മൗണ്ട് വില്‍സണിലെ റൂറല്‍ ഫയര്‍ സര്‍വീസ് (ആര്‍എഫ്എസ്) ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.