ഒമിക്രോണെത്തിയത് കാനഡയില്‍നിന്നുള്ള പാഴ്‌സല്‍ വഴിയെന്ന് ചൈന; വിശ്വസനീയമല്ലെന്ന് വിദഗ്ധര്‍

ഒമിക്രോണെത്തിയത് കാനഡയില്‍നിന്നുള്ള പാഴ്‌സല്‍ വഴിയെന്ന് ചൈന; വിശ്വസനീയമല്ലെന്ന് വിദഗ്ധര്‍

ബീജിങ്: കാനഡയില്‍നിന്നുള്ള പാഴ്‌സലിലൂടെയാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ എത്തിയതെന്ന് ചൈന. പാഴ്സലുകളും തപാല്‍ ഉരുപ്പടികളും പാക്കേജുകളുമെല്ലാം തുറക്കുമ്പോള്‍ കൈയുറയും മാസ്‌കും ധരിക്കണമെന്നും വിദേശത്തുനിന്ന് വരുന്ന പാക്കേജുകള്‍ കരുതലോടെ കൈകാര്യം ചെയ്യണമെന്നും ചൈനീസ് ഭരണകൂടം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.

ചൈനയില്‍ ആദ്യമായി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചയാള്‍ കാനഡയില്‍നിന്ന് വന്ന പാക്കേജ് തുറന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ചൈന അറിയിച്ചു. ഇയാള്‍ വിദേശത്തു പോയിട്ടില്ല. അമേരിക്കയും ഹോങ്കോങ്ങും കടന്നാണ് പാക്കേജ് ചൈനയിലെത്തിയത്. ഇതുവഴി തന്നെയാണ് ഒമിക്രോണുമെത്തിയതെന്ന് ചൈനീസ് ആരോഗ്യ വൃത്തങ്ങള്‍ ഉറപ്പിച്ചു പറയുന്നു.

വിദേശത്തുനിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും തപാല്‍ ഉരുപ്പടികള്‍ സ്വീകരിക്കുന്നതും പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. സാധനങ്ങള്‍ നേരിട്ട് സ്വീകരിക്കുമ്പോള്‍ മാസ്‌കും കൈയുറകളുമടക്കം ധരിച്ച് പരമാവധി സ്വയം സുരക്ഷ ഉറപ്പാക്കണം. തുറന്ന സ്ഥലത്തുവച്ചു മാത്രം പാക്കേജുകള്‍ തുറക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വിദേശത്തുനിന്നുള്ള പാഴ്സല്‍ സാധനങ്ങള്‍ സ്വീകരിക്കുമ്പോള്‍ കൃത്യമായി അണുനശീകരണം നടത്തണം. പാഴ്സല്‍ സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ബൂസ്റ്റര്‍ ഡോസ് സഹിതം കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്നും ചൈനീസ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം, ചൈനയുടെ വാദം തെറ്റാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തില്‍, വൈറസ് പ്രധാനമായും ഒരു വ്യക്തിയില്‍നിന്ന് മറ്റൊരാളിലേക്ക് ശ്വസനം വഴിയാണ് പകരുന്നത്.

കാനഡയില്‍ നിന്നുള്ള പാഴ്‌സല്‍ കോവിഡ് വ്യാപനത്തിന് കാരണമാകും എന്നത് അസാധാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു. കോവിഡിനു കാരണമാകുന്ന വൈറസ് രോഗബാധിതനായ ഒരു വ്യക്തിക്ക് പുറത്ത് ഏറെസമയം നിലനില്‍ക്കില്ല. അതുകൊണ്ട് ചൈനയുടെ അവകാശവാദങ്ങള്‍ വിശ്വസനീയമല്ലെന്ന് അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.