ഹൂതി ഭീകരാക്രമണം: യു.എ.ഇയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഇന്ത്യ

ഹൂതി ഭീകരാക്രമണം: യു.എ.ഇയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഇന്ത്യ


ന്യൂഡല്‍ഹി: അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തില്‍ ഐക്യദാര്‍ഢ്യമറിയിച്ച് ഇന്ത്യ. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നെഹ്യാനുമായി ഫോണില്‍ ബന്ധപ്പെട്ട വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ യു.എ.ഇയ്ക്ക് സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

യു.എ.ഇയുടെ തലസ്ഥാന നഗരമായ അബുദാബിയില്‍ രണ്ടിടങ്ങളിലാണ് ഡ്രോണുകളും റോക്കറ്റുകളുമുപയോഗിച്ച് തിങ്കളാഴ്ച രാവിലെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പോലീസ് അറിയിച്ചിരുന്നു. കൊല്ലപ്പെട്ട ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തെ അസ്വീകാര്യമായ പ്രവൃത്തിയെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ യു.എ.ഇയിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വരികയാണെന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.