ഓസ്‌ട്രേലിയന്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ നിലവില്‍ വന്നു; അറിയാം കോഡ് ബ്രൗണ്‍ അലർട്ടിനെക്കുറിച്ച്

ഓസ്‌ട്രേലിയന്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ നിലവില്‍ വന്നു; അറിയാം കോഡ് ബ്രൗണ്‍ അലർട്ടിനെക്കുറിച്ച്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് ആരോഗ്യരംഗത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ആശുപത്രികളെ അമിത സമ്മര്‍ദ്ദത്തിലാക്കുന്ന സാഹചര്യത്തിലാണ് വിക്ടോറിയയില്‍ കോഡ് ബ്രൗണ്‍ പ്രഖ്യാപിച്ചത്. ഒരു മഹാമാരിക്കാലത്ത് ഇതാദ്യമായാണ് സംസ്ഥാനത്തുടനീളം കോഡ് ബ്രൗണ്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

ഇന്ന് ഉച്ചയ്ക്കാണ് ഇത് പ്രാബല്യത്തില്‍ വന്നത്. അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിക്കാനും അടിയന്തര സ്വഭാവമില്ലാത്ത ചികിത്സകള്‍ നീട്ടിവയ്ക്കാനും അധികാരം നല്‍കുന്നതാണ് കോഡ് ബ്രൗണ്‍ അലര്‍ട്ട്. ഇതോടൊപ്പം, ജീവനക്കാരെ അടിയന്തര സാഹചര്യമുള്ള മേഖലകളിലേക്കു മാറ്റി വിന്യസിക്കാനും ആംബുലന്‍സ് സേവനരീതിയില്‍ മാറ്റം വരുത്താനുമൊക്കെ അധികാരമുണ്ടാകും.

പൊതുവില്‍ പ്രകൃതി ദുരന്തങ്ങളോ, കെമിക്കല്‍ ചോര്‍ച്ചയോ, വലിയ വാഹനാപകടങ്ങളോ ഉണ്ടാകുമ്പോഴാണ് ആശുപത്രികളില്‍ കോഡ് ബ്രൗണ്‍ പ്രഖ്യാപിക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ രോഗികളുടെ വലിയ ഒഴുക്ക് ഉണ്ടാകുമ്പോള്‍ എമര്‍ജന്‍സി സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി നിര്‍ത്തി ആശുപത്രികളുടെ ഭാരം ലഘൂകരിക്കാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ ഉള്‍നാടന്‍ വിക്ടോറിയയിലെ ആറ് ആശുപത്രികള്‍ ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായാണ് കോഡ് ബ്രൗണ്‍ പ്രഖ്യാപനം.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കോഡ് ബ്രൗണ്‍ നിലവില്‍ വന്നത്. ആംബുലന്‍സുകള്‍ ഓടിക്കാനും വിവിധ തലത്തില്‍ ആശുപത്രികളെ സഹായിക്കാനും ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്സ് (എഡിഎഫ്) ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു.

കോവിഡ് ബാധിച്ച് 5000-ത്തിലധികം ജീവനക്കാരാണ് ക്വാറന്റീനില്‍ കഴിയുന്നത്. അതിനാല്‍ മറ്റു ജീവനക്കാര്‍ അമിത ജോലി ഭാരമാണ് നേരിടുന്നത്. ആശുപത്രികളുടെ മേലുള്ള ഈ സമ്മര്‍ദം ഫലപ്രദമായി നേരിടാന്‍ കോഡ് ബ്രൗണ്‍ അലര്‍ട്ട് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

വരും ആഴ്ചകളില്‍ പ്രതിദിനം 100 അഡ്മിഷന്‍ എന്ന നിരക്കില്‍ 2,500-ലധികം കോവിഡ് ബാധിതരെക്കൂടി ആശുപത്രിയില്‍ ഉള്‍ക്കൊള്ളിക്കാനാകും. ഫെബ്രുവരി പകുതിയോടെ രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നാണ് അധികൃതരുടെ പ്രവചനം.

2016-ല്‍ വിക്‌ടോറിയയിലുണ്ടായ രാജ്യത്തെ ഏറ്റവും വലിയ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ആദ്യമായി കോഡ് ബ്രൗണ്‍ പ്രഖ്യാപിച്ചത്. 2017-ലെ ബര്‍ക്ക് സ്ട്രീറ്റ് മാള്‍ ആക്രമണത്തിന് ശേഷം ഇരകള്‍ക്ക് അടിയന്തര വൈദ്യചികിത്സ ആവശ്യമായി വന്ന സമയത്താണ് ഈ അലര്‍ട്ട് രണ്ടാമത് സജീവമാക്കിയത്.

നിലവിലെ കോഡ് ബ്രൗണ്‍ നാല് മുതല്‍ ആറ് ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് വിക്ടോറിയന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.