ടോംഗയിലെ പ്രകൃതിദുരന്തം; കടലിനടിയിലെ കേബിള്‍ പുനഃസ്ഥാപനത്തിന് ഒരു മാസം

ടോംഗയിലെ പ്രകൃതിദുരന്തം; കടലിനടിയിലെ   കേബിള്‍ പുനഃസ്ഥാപനത്തിന് ഒരു മാസം

നുകുവ അലോഫ: അഗ്‌നിപര്‍വ്വത സ്ഫോടനമുണ്ടായി സുനാമിത്തിരകളും നാശം വിതച്ച ടോംഗയോടു ചേര്‍ന്ന് കടലില്‍ മുറിഞ്ഞു പോയ കേബിള്‍ സംവിധാനം അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കാന്‍ നാലാഴ്ചയോളം വേണ്ടിവരുമെന്നു വിദഗ്ധര്‍ അറിയിച്ചതായി ന്യൂസിലാന്‍ഡ് വിദേശ കാര്യ മന്ത്രാലയം വെളിപ്പെടുത്തി.കേബിള്‍ സംവിധാനം തകര്‍ന്നതിനെ തുടര്‍ന്ന് പുറംലോകവുമായുള്ള ആശയവിനിമയം ഇല്ലാതായിരിക്കുകയാണ് ദുരന്തമുണ്ടായ ശനിയാഴ്ച മുതല്‍. 

അഗ്‌നിപര്‍വ്വത ചാരം നിറഞ്ഞ് അഭൂതപൂര്‍വ്വമായ ദുരന്തമാണ് ദ്വീപിനെ ബാധിച്ചിരിക്കുന്നത്. ചാരം മാറ്റുന്നതും ശ്രമകരമാണ്.ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയും സഹായ വസ്തുക്കളുമായി തയ്യാറാക്കിയ വിമാനങ്ങള്‍ക്ക് ടോംഗയില്‍ ഇറങ്ങാന്‍ ആകാത്ത സ്ഥിതിയാണുള്ളത്. കടലിലെ അഗ്‌നിപര്‍വ്വത സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് സുനാമി രൂപപ്പെടുകയും ടോംഗ ദ്വീപസമൂഹം ഒറ്റപ്പെടുകയും ചെയ്തു. മൂന്നു മരണങ്ങള്‍ സ്ഥിരീകരിച്ചു. അന്‍പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയതാണ് കടലിനടിയിലെ കേബിള്‍ ശൃംഖല. കപ്പലിന്റെ സഹായത്തോടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് അറ്റകുറ്റപ്പണി നടത്താനാണ് യുഎസ് കേബിള്‍ കമ്പനി ശ്രമം നടത്തുന്നത്. 

തലസ്ഥാന നഗരിയായ നുകുവ അലോഫയിലെ വിദേശ എംബസികളിലെ ഏതാനും സാറ്റലൈറ്റ് ഫോണ്‍ ശൃംഖലവഴി മാത്രമാണ് ആശയവിനിമയം സാധ്യമാകുന്നത്. വിദേശത്തുള്ള ഒട്ടേറെ ടോംഗാവാസികള്‍ പ്രിയപ്പെട്ടവരുടെ വാര്‍ത്തകള്‍ക്കായി കാതോര്‍ക്കുകയാണ്. വോയ്സ് മെസേജുകളും ടെക്സ്റ്റ് മെസേജുകളും അയയ്ക്കുന്നതിനായി ടെലികമ്യൂണിക്കേഷന്‍ സ്ഥാപനമായ ഡിജിസെല്‍  താല്‍ക്കാലിക ടുജി കണക്ഷന്‍ ഏര്‍പ്പെടുത്തുന്നുണ്ട്. പരിമിതമായ തോതിലെങ്കിലും ആശയ വിനിമയം ഇതോടെ സാധ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ.

മൊബൈല്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതായത് ഒരു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഒന്നില്‍ കൂടുതല്‍ കേബിള്‍ സംവിധാനം ഇല്ലാത്തതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. കടലില്‍ ഒരു കേബിള്‍ സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ പകരം സംവിധാനമില്ല ദ്വീപ സമൂഹത്തിന്.ടോംഗയില്‍ ഇത് ആദ്യമായല്ല കേബിള്‍ സംവിധാനം തകരാറിലാവുന്നത്.2019 ലെ മോശം കാലാവസ്ഥയില്‍ അപ്രതീക്ഷിത തകരാര്‍ സംഭവിച്ചിരുന്നു. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.