ന്യുഡല്‍ഹി: ഇന്ത്യാ വിരുദ്ധ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 35 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധിച്ചു. മന്ത്രാലയം ബ്ലോക്ക് ചെയ്ത യൂട്യൂബ് അക്കൗണ്ടുകള്‍ക്ക് മൊത്തം ഒരു കോടി 20 ലക്ഷത്തിലധികം വരിക്കാരുണ്ട്. ഈ വീഡിയോകള്‍ക്ക് 130 കോടിയിലധികം വ്യൂ ആണ് ഇതുവരെ രേഖപ്പെടുത്തിയിരുന്നത്. കൂടാതെ ഇന്റര്‍നെറ്റിലൂടെ ഇന്ത്യാ വിരുദ്ധമായ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍, രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍, ഒരു ഫേസ്ബുക്ക് അക്കൗണ്ട് എന്നിവയും നിരോധിച്ചു.
2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി(ഇടക്കാല മാര്‍ഗ നിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) ചട്ടം 16 പ്രകാരം പുറപ്പെടുവിച്ച അഞ്ച് വ്യത്യസ്ത ഉത്തരവുകള്‍ അനുസരിച്ച് പാകിസ്ഥാന്‍ അടിസ്ഥാനമാക്കിയുള്ള ഈ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യുന്നുവെന്നാണ് സര്‍ക്കാറിന്റെ ഉത്തരവില്‍ പറയുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും വെബ്സൈറ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയും അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രാലയത്തിനെ അറിയിക്കുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രാലയം ബ്ലോക്ക് ചെയ്ത 35 അക്കൗണ്ടുകളും പാകിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവയാണ്. ഇവ വ്യാജ വിവര ശൃംഖലകളുടെ ഭാഗമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 14 യൂട്യൂബ് ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന അപ്നി ദുനിയ നെറ്റ്വര്‍ക്ക്, 13 യൂട്യൂബ് ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തല്‍ഹ ഫിലിംസ് നെറ്റ്വര്‍ക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നാല് ചാനലുകളുടെ ഒരു ശൃംഖലയും മറ്റ് രണ്ട് ചാനലുകളുടെ ഒരു ശൃംഖലയും പരസ്പരം സമന്വയത്തില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഈ ശൃംഖലകളെല്ലാം ഇന്ത്യയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റ ശൃംഖലയുടെ ഭാഗമായ ചാനലുകള്‍ പൊതുവായ ഹാഷ്ടാഗുകളും എഡിറ്റിംഗ് ശൈലികളും ആണ് ഉപയോഗിക്കുന്നത്. ഒരേ വ്യക്തികള്‍ കൈകാര്യം ചെയ്യുന്ന ഈ ചാനലുകള്‍ പരസ്പരം ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ ടിവി വാര്‍ത്താ ചാനലുകളുടെ അവതാരകരാണ് ചില യൂട്യൂബ് ചാനലുകള്‍ നടത്തിയിരുന്നത്.
മന്ത്രാലയം നിരോധിച്ച യുട്യൂബ് ചാനലുകള്‍, വെബ്സൈറ്റുകള്‍, മറ്റ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ എന്നിവ ഇന്ത്യയുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങളെക്കുറിച്ച് ഇന്ത്യ വിരുദ്ധ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പാകിസ്ഥാന്‍ ഉപയോഗിച്ചു. ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍, മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശബന്ധം തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
അന്തരിച്ച മുന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലുകള്‍ വഴി വ്യാപകമായ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ യുട്യൂബ് ചാനലുകള്‍ അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയ്ക്ക് എതിരായ തരത്തിലുള്ള ഉള്ളടക്കവും പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.