ഉമ്മന്‍ ചാണ്ടിക്ക് വി.എസ് അച്യുതാനന്ദന്‍ 10.10 ലക്ഷം നല്‍കണം: വിധി മാനനഷ്ട കേസില്‍

ഉമ്മന്‍ ചാണ്ടിക്ക് വി.എസ് അച്യുതാനന്ദന്‍ 10.10 ലക്ഷം നല്‍കണം:  വിധി  മാനനഷ്ട കേസില്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ കേസില്‍ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സബ് കോടതിയുടേതാണ് വിധി.

സോളാര്‍ കേസ് വലിയ വിവാദം സൃഷ്ടിച്ച 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസിന്റെ ആരോപണം.

ഇതിനെതിരെ 2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിക്ക് നല്‍കണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് മാനനഷ്ടക്കേസ് നല്‍കിയതെന്നും സത്യം വിജയിച്ചതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.