രണ്ടാം ലോക മഹായുദ്ധത്തിനിടെ തകര്‍ന്ന യു.എസ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ 77 വര്‍ഷത്തിനു ശേഷം കണ്ടെത്തി, ഹിമാലയത്തില്‍

 രണ്ടാം ലോക മഹായുദ്ധത്തിനിടെ തകര്‍ന്ന യു.എസ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ 77 വര്‍ഷത്തിനു ശേഷം കണ്ടെത്തി, ഹിമാലയത്തില്‍

ന്യൂയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധ സമയത്ത് കാണാതായ അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ 77 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിമാലയ പര്‍വത നിരകളില്‍ നിന്നു കണ്ടെത്തി. 1945ല്‍ ദക്ഷിണ ചൈനയിലെ കുന്‍മിങ്ങില്‍ നിന്ന് 13 പേരുമായി പോന്ന 46 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് അരുണാചല്‍ പ്രദേശിലെ പര്‍വതപ്രദേശത്ത് കൊടുങ്കാറ്റുള്ള കാലാവസ്ഥയില്‍ അപ്രത്യക്ഷമാവുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാളുടെ മകന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വര്‍ഷങ്ങളായി നടത്തിപ്പോന്ന തിരച്ചില്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയത് യുഎസ് സാഹസികനായ ക്ലേട്ടണ്‍ കുഹ്ലെസ് ആയിരുന്നു. കുഹ്ലെസും പ്രാദേശിക ലിസു വംശീയ ഗ്രൂപ്പില്‍ നിന്നുള്ള ഗൈഡുകളുടെ സംഘവും നെഞ്ചോളം ആഴത്തിലുള്ള നദികള്‍ കടന്നാണ് തണുത്തുറഞ്ഞയിടങ്ങളില്‍ ഇതിനായി ക്യാമ്പ് ചെയ്തത്. മാരകമായ ഒരു ദൗത്യമായിരുന്നു അതെന്ന് കുഹ്ലെസ് പറയുന്നു.

സംഘാംഗങ്ങളായിരുന്ന മൂന്ന് ലിസു വംശജര്‍ സെപ്റ്റംബറിലെ അനിയന്ത്രിതമായ മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട് 2018-ല്‍ 'ഹൈപ്പോഥെര്‍മിയ' മൂലം മരവിച്ചു മരിച്ചു. മറ്റ് രണ്ട് പേര്‍ 'കഷ്ടിച്ച് ജീവനോടെ രക്ഷപ്പെട്ടു'. കഴിഞ്ഞ മാസമാണ് മഞ്ഞുമൂടിയ ഒരു പര്‍വതത്തിന്റെ മുകളില്‍ സംഘം വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാന നമ്പറുകള്‍ മായാതിരുന്നതിനാല്‍ അവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞു. മനുഷ്യ അവശിഷ്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ബില്‍ ഷെറര്‍ എന്നയാളായിരുന്നു തിരച്ചില്‍ നടത്താന്‍ കുഹ്ലെസിനെ ചുമതലപ്പെടുത്തിയത്, വിമാനത്തിലുണ്ടായിരുന്ന ഒരു സൈനിക ഓഫീസറുടെ മകന്‍. 'അദ്ദേഹത്തിന്റെ ജീവന്‍ പൊലിഞ്ഞത് എവിടെയാണെന്ന് അറിയുന്നതില്‍ എനിക്ക് ഒരേസമയം സന്തോഷമുണ്ട്; സങ്കടവുമുണ്ട് ' ന്യൂയോര്‍ക്കില്‍ നിന്ന് ഷെറര്‍ എഎഫ്പിയോട് പറഞ്ഞു.'ഞാന്‍ അച്ഛനില്ലാതെയാണ് വളര്‍ന്നത്. ഭര്‍ത്താവിനെ കാണാനില്ല എന്ന ടെലിഗ്രാം ലഭിച്ചപ്പോഴത്തെ എന്റെ പാവപ്പെട്ട അമ്മയെക്കുറിച്ച് ഞാന്‍ ചിന്തിക്കുമായിരുന്നു. അന്നെനിക്കു പ്രായം 13 മാസം'.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യ, ചൈന, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ ദൗത്യത്തിനിടെ കാണാതായത് നൂറുകണക്കിന് യുഎസ് സൈനിക വിമാനങ്ങളാണ്. ജാപ്പനീസ് സേന ചില വിമാനങ്ങളെ വെടിവച്ചു വീഴ്ത്തി. ഭൂരിഭാഗവും മഞ്ഞുവീഴ്ച, ചുഴലിക്കാറ്റ്, മറ്റ് വിപരീത കാലാവസ്ഥകള്‍ എന്നിവ മൂലമാണ് തകര്‍ന്നതെന്ന് കുഹ്ലെസ് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.