'നിഷിദ്ധ മൃഗത്തിന്റെ ഹൃദയമെടുത്തത്' തെറ്റ്! കുടുംബ വിചാരണയില്‍ പകച്ച് ഡോ. മന്‍സൂര്‍ മൊഹിയുദ്ദീന്‍

 'നിഷിദ്ധ മൃഗത്തിന്റെ ഹൃദയമെടുത്തത്' തെറ്റ്! കുടുംബ വിചാരണയില്‍ പകച്ച് ഡോ. മന്‍സൂര്‍ മൊഹിയുദ്ദീന്‍

വാഷിംഗ്ടണ്‍/ഇസ്ലാമാബാദ് :  അമേരിക്കയില്‍ പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച് ചരിത്രം സൃഷ്ടിച്ച ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ മൊഹിയുദ്ദീന് കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേരിടേണ്ടിവന്നത് കടുത്ത വിചാരണയും കുറ്റപ്പെടുത്തലും. ഇസ്ലാമില്‍ നിഷിദ്ധമായ മൃഗത്തിന്റെ അവയവം ഉപയോഗിച്ചതിന്റെ പേരിലാണ് ഈ ദുരനുഭവം.

യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ കാര്‍ഡിയാക് സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാം ഡയറക്ടറാണ് ഡോ.മുഹമ്മദ് മൊഹിയുദ്ദീന്‍.'വൈസ്' എന്ന കനേഡിയന്‍-അമേരിക്കന്‍ മാസികയോട് സംസാരിക്കവേ ഡോ. മൊഹിയുദ്ദീന്‍ തനിക്ക് കുടുംബത്തില്‍ നിന്നുണ്ടായ തിരിച്ചടിയെ കുറിച്ച് ഉള്ളു തുറന്നു.

'നിങ്ങള്‍ എന്തിനാണ് ഈ മൃഗത്തെ ഉപയോഗിക്കുന്നത് എന്ന് എന്റെ പിതാവ് എപ്പോഴും എന്നോട് ചോദിച്ചിരുന്നു.പകരം മറ്റേതെങ്കിലും മൃഗത്തെ ഉപയോഗിച്ച് നോക്കരുതോ എന്നും തുടരെ അന്വേഷിച്ചുകൊണ്ടിരുന്നു. എന്റെ അമ്മയും എനിക്ക് നേരെ ഇക്കാര്യത്തില്‍ ക്ഷോഭം പ്രകടിപ്പിച്ചു. എന്റെ കുടുംബത്തില്‍ 'പന്നി' എന്ന വാക്ക് നിഷിദ്ധമാണ്.അങ്ങനെ പറഞ്ഞാല്‍ പോലും ശിക്ഷിക്കപ്പെടും'-ഡോക്ടറുടെ വാക്കുകള്‍.'ഞാന്‍ ഇസ്ലാമിന്റെ എല്ലാ തത്വങ്ങളും പിന്തുടരാന്‍ ശ്രമിക്കുന്നു, അതിനാല്‍ ആശങ്ക എപ്പോഴും എന്റെ മനസ്സിലും ഉണ്ടായിരുന്നു. എന്നാല്‍, ഈ മൃഗത്തെ ഉപയോഗിക്കാനായി ഞാന്‍ ന്യായവാദം കണ്ടെത്താനും ശ്രമിച്ചുപോന്നു.'

'ആളുകള്‍ യഥേഷ്ടം പന്നിയിറച്ചി കഴിക്കുന്ന ഒരു രാജ്യത്താണ് ഞാന്‍ താമസിക്കുന്നത്. പാശ്ചാത്യ ലോകത്ത് ഇത് ഒരു ധാര്‍മ്മിക പ്രശ്‌നമേയല്ല.അക്കാരണത്താല്‍ ഇക്കാര്യങ്ങള്‍ എളുപ്പമായിരുന്നു,'ഡോ. മുഹമ്മദ് മന്‍സൂര്‍ മൊഹിയുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ഡോ.മൊഹിയുദ്ദീനും സെന്ററിന്റെ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ബാര്‍ട്ട്‌ലി പി. ഗ്രിഫിത്തും ചേര്‍ന്നാണ് ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയത്. ജനിതക എഞ്ചിനീയറിംഗ് നടത്തിയ പന്നി ഹൃദയവും അപൂര്‍വ പ്രതിരോധശേഷിയുള്ള മരുന്നുകളും ലഭ്യമാക്കിയത് സ്വീഡിഷ് ബയോടെക് കമ്പനിയായ റിവിവികോര്‍ ആയിരുന്നു. ഹൃദയം സ്വീകരിച്ച 57 വയസ്സുകാരന്‍ സുഖം പ്രാപിച്ചുവരുന്നു.


ഡോ. മൊഹിയുദ്ദീനും സംഘവും നടത്തിയ 18 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായിരുന്നു ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ ടീമിനെക്കുറിച്ച് ഡോ. മൊഹിയുദ്ദീന്‍ പറഞ്ഞു:'മികച്ച ശസ്ത്രക്രിയാ വിദഗ്ധര്‍ക്കു പുറമേ മികച്ച ഫിസിഷ്യന്‍മാരും മികച്ച അനസ്‌തെറ്റിസ്റ്റുകളും മറ്റുമടങ്ങുന്ന വിദഗ്ധ സംഘമാണിത്.'

പിറക്കുന്നത് പുതു ചരിത്രം

അവയവ ദൗര്‍ലഭ്യം തീവ്രമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍. ദേശീയ അവയവ മാറ്റിവയ്ക്കല്‍ പട്ടികയിലുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് നവീന കണ്ടുപിടുത്തം പുതിയ ജീവന്‍ രക്ഷാ സാധ്യത തുറന്നതായാണ് വിദഗ്ധര്‍ പറയുന്നത്.'മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് അവയവങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ യുഎസില്‍ മാത്രം ഒരു വര്‍ഷം ഏകദേശം 150,000 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ട്.ലോകമെമ്പാടുമായി എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുവെന്ന് നിങ്ങള്‍ക്ക് കണക്കാക്കാം,' ഡോ. മൊഹിയുദ്ദീന്‍ പറഞ്ഞു. 'ഈ സാങ്കേതികവിദ്യ വിജയിച്ചാല്‍ ചരിത്രം വഴി മാറും. മിക്കവാറും എല്ലാവരെയും രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.'

അതേസമയം, പന്നിയുടെ ഹൃദയം വിജയകരമായി മനുഷ്യ ശരീരത്തിലേക്ക് മാറ്റി വയ്ക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച് അന്താരാഷ്ട്ര അംഗീകാരം നേടിയ പാക് വംശജനായ അമേരിക്കന്‍ സര്‍ജന് അദ്ദേഹത്തിന്റെ ജന്മനാടായ കറാച്ചിയിലെ സുഹൃദ് ഡോക്ടര്‍മാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും മുന്‍ സഹപാഠികളില്‍ നിന്നും ലഭിച്ചത് അകമഴിഞ്ഞ പിന്തുണയും ആരാധനയും.ഡോ. മുഹമ്മദ് മന്‍സൂര്‍ മൊഹിയുദ്ദീന്‍ 1980-കളില്‍ കറാച്ചിയിലെ ഡൗ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്.

തന്റെ മുന്‍ സഹപാഠിയെ അനുസ്മരിച്ചുകൊണ്ട് ഡോ.മുനീര്‍ അമാനുല്ല പറഞ്ഞു, 'കഠിനാധ്വാനിയാണ് അദ്ദേഹം. എല്ലായ്‌പ്പോഴും സജ്ജനായ സര്‍ജന്‍. സര്‍ജറിക്ക് സദാ തയ്യാറായിരിക്കും മൊഹിയുദ്ദീന്‍.' 'ഈ കോളേജില്‍ നിന്നുള്ള ഒരു ബിരുദധാരിയാണ് ഇത് ചെയ്തതെന്നതില്‍ ആഹ്ലാദമുണ്ട്,'-ഡൗ കോളേജ് വൈസ് ചാന്‍സലര്‍ മുഹമ്മദ് സയീദ് ഖുറേഷി പറഞ്ഞു.'എനിക്ക് തോന്നുന്നു... മുഴുവന്‍ ടീമും നൊബേല്‍ സമ്മാനം കരസ്ഥമാക്കും' വൈസ് ചാന്‍സലര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റുന്നതിനുള്ള മെഡിക്കല്‍ നടപടിക്രമങ്ങളെക്കുറിച്ച് 'എല്ലാവരും ആവേശഭരിതരല്ലെ'ന്ന കാര്യം കറാച്ചിയിലെ ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടി.'ചില മുസ്ലീങ്ങള്‍ പന്നികളെ അശുദ്ധമായി കണക്കാക്കുന്നു, ചില ഇസ്ലാമിക പണ്ഡിതന്മാര്‍ ശസ്ത്രക്രിയ ഇസ്ലാമില്‍ അനുവദനീയമല്ലെന്നും വിമര്‍ശിക്കുന്നുണ്ട്'.എന്തായാലും ഒരു 'മെഡിക്കല്‍ അത്ഭുതം' തന്നെയാണ് നടന്നിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.അതേസമയം, 'മതത്തില്‍, മനുഷ്യജീവനെ രക്ഷിക്കുന്നതുപോലെ പരമോന്നതമായ ഒരു കര്‍മ്മവുമില്ല,'- പാകിസ്ഥാന്‍ ഇസ്ലാമിക പണ്ഡിതന്‍ അല്ലാമ ഹസന്‍ സഫര്‍ നഖ്വി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.