പാരിസ്: ഇന്ത്യയ്ക്ക് ഒരു റഫാല്‍ യുദ്ധവിമാനം നഷ്ടമായിട്ടുണ്ടെന്നും എന്നാല്‍ അത് ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്‍ വെടിവെച്ചിട്ടതല്ലെന്നും റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ദസോ ഏവിയേഷന്‍ കമ്പനി ചെയര്‍മാനും സിഇഒയുമായ എറിക് ട്രാപിയര്‍.
പരിശീലന പറക്കലിനിടെ 12,000 മീറ്ററിലധികം ഉയരത്തില്‍ വെച്ച് സാങ്കേതിക തകരാര്‍ മൂലം ഒരു വിമാനം നഷ്ടപ്പെട്ട സംഭവമുണ്ടായി. ഇതില്‍ ശത്രുക്കളുടെ ഇടപെടലോ റഡാറില്‍ പതിഞ്ഞ സംഭവമോ ഉണ്ടായിരുന്നില്ലെന്നും അദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വിമാനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ട്രാപിയര്‍ ഉറപ്പിച്ചു പറയുന്നതായി ഫ്രഞ്ച് വെബ്സൈറ്റായ അവിയോണ്‍ ഡി ഷാസ് വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇന്ത്യ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ റഫാലിനെ നേരിട്ടു പരാമര്‍ശിക്കാതെ ചില നഷ്ടങ്ങള്‍ ഉണ്ടായെന്ന് ഇന്ത്യന്‍ സൈന്യം സമ്മതിച്ചിരുന്നു.
ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്) ജനറല്‍ അനില്‍ ചൗഹാനില്‍ നിന്നാണ് കഴിഞ്ഞ മാസം ആദ്യ സ്ഥിരീകരണം വരുന്നത്. എന്നാല്‍ എന്താണ് നഷ്ടപ്പെട്ടതെന്ന് അദേഹം വ്യക്തമാക്കിയിരുന്നില്ല.
റഫാലുകള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം തീര്‍ത്തും തെറ്റാണെന്ന് അദേഹം പറയുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിനിടെ ചില നഷ്ടങ്ങള്‍ സംഭവിച്ചതായി ഇന്തോനേഷ്യയിലെ ഇന്ത്യന്‍ ഡിഫന്‍സ് അറ്റാഷെ നേവി ക്യാപ്റ്റന്‍ ശിവ് കുമാറും സമ്മതിച്ചിരുന്നു.
നാല് ദിവസത്തെ സംഘര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് റഫാല്‍ യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്ന് പറയുന്നത് തെറ്റാണെന്ന് ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ആര്‍.കെ. സിങ് വ്യക്തമാക്കി. 'നിങ്ങള്‍ 'റഫാലുകള്‍' എന്ന് ബഹുവചനത്തില്‍ ഉപയോഗിച്ചു, അത് തീര്‍ത്തും ശരിയല്ലെന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയും'.
സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്ന് അദേഹം വ്യക്തമാക്കുകയും ചെയ്തു. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം റഫാലിന്റെ പോരാട്ട ശേഷിയെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതില്‍ ചൈന പ്രധാന പങ്ക് വഹിച്ചതായി ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.