'നാവ് പിഴുതു കളയും':വര്‍ഗീയത കത്തിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഗായികയോട് ; 'നിനക്കാവില്ലെ'ന്ന് മറുപടി

'നാവ് പിഴുതു കളയും':വര്‍ഗീയത കത്തിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഗായികയോട് ; 'നിനക്കാവില്ലെ'ന്ന് മറുപടി

ഇസ്താംബൂള്‍: വര്‍ഗ്ഗീയ വൈരം ജ്വലിപ്പിച്ചുള്ള പ്രസംഗത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനില്‍ നിന്ന് 'നാവ് പിഴുതുകളയു'മെന്ന ഭീഷണി നേരിട്ട ജനപ്രിയ പോപ്പ് ഗായിക സെസെന്‍ അക്‌സുവിന്റെ ധീരമായ തിരിച്ചടി ഗാനത്തിലൂടെ തന്നെ: 'ഞാന്‍ ഇരയും നീ വേട്ടക്കാരനുമാണ്; എങ്കില്‍ എന്നെ വെടിവെക്കൂ... നമുക്ക് കാണാം... നിനക്ക് എന്നെ കൊല്ലാന്‍ കഴിയില്ല.എന്റെ നാവ് തകര്‍ക്കാനുമാകില്ല,'

സെസെന്‍ അക്‌സുവിന്റെ 2017 ലെ ഒരു ഗാനത്തിലെ 'അജ്ഞരായ ഹവ്വയോടും ആദാമിനോടും ഹലോ പറയൂ' എന്ന വരി കുത്തിപ്പൊക്കിയെടുത്താണ് ഈയിടെ എര്‍ദോഗന്റെ പക്ഷത്തു നിന്ന് ആദ്യം ഭീഷണികള്‍ ഉയര്‍ന്നത്. പുതുവര്‍ഷ രാവില്‍ ഈ പാട്ടിന്റെ വീഡിയോ ക്ലിപ്പ് അക്സു പുറത്തിറക്കിയിരുന്നു. അതു കണ്ടാണ് സര്‍ക്കാര്‍ അനുകൂല സോഷ്യല്‍ മീഡിയ 'മത മൂല്യങ്ങളെ അവഹേളിക്കുന്നു' എന്ന് ആരോപിച്ച് പാട്ടിന്റെ പേരില്‍ അക്‌സുവിനെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയത്.

ഒരു കൂട്ടം സര്‍ക്കാര്‍ അനുകൂലികള്‍ അക്‌സുവിനെതിരെ ക്രിമിനല്‍ പരാതി നല്‍കുകയും അവരുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. അക്സു പിന്നീട് സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളുടെയും സര്‍ക്കാര്‍ രാഷ്ട്രീയക്കാരുടെയും അവരുടെ സഖ്യകക്ഷികളുടെയും ലക്ഷ്യമായി മാറി. വൈകാതെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ വിഷയം ഏറ്റെടുത്തു.ഇതിനിടെ സെസെന്‍ അക്‌സുവിന്റെ ഗാനം പ്ലേ ചെയ്യുന്നതിനെതിരെ പ്രക്ഷേപകര്‍ക്ക് തുര്‍ക്കിയിലെ മാധ്യമ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഇസ്താംബൂളിലെ ഗ്രാന്‍ഡ് കാംലിക്ക മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ എര്‍ദോഗന്‍ പറഞ്ഞു: 'ആദാമിന്റെ വിശുദ്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. അങ്ങനെ അപകീര്‍ത്തിപ്പെടുത്തുന്നവരുടെ നാവ് സമയമാകുമ്പോള്‍ പറിച്ചെടുക്കേണ്ടത് നമ്മുടെ കടമയാണ്. ഹവ്വയുടെ വിശുദ്ധി അപകീര്‍ത്തിപ്പെടുത്താനും ആരെയും അനുവദിക്കാനാവില്ല.'

ജുമുഅ നമസ്‌കാരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതാണ് സാധാരണ പതിവെങ്കിലും പ്രസിഡന്റ് ഇത്തവണ സെസെന്‍ അക്‌സുവിനെ ലാക്കാക്കി മസ്ജിദില്‍ കയറി പ്രസംഗിക്കുകയായിരുന്നു.സര്‍ക്കാര്‍ നടത്തുന്ന അനഡോലു എന്ന വാര്‍ത്താ ഏജന്‍സിയും മറ്റ് മുഖ്യധാരാ മാധ്യമങ്ങളും അക്സുവിനെ ഭീഷണിപ്പെടുത്തുന്ന എര്‍ദോഗന്റെ വാക്കുകള്‍ റിപ്പോര്‍ട്ടുകളില്‍ ചേര്‍ത്തില്ല. പ്രസംഗം കേട്ട ഒരാള്‍ എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയ ശേഷമാണ് പ്രസിഡന്റിന്റെ യഥാര്‍ത്ഥ വാക്കുകള്‍ വെളിയില്‍ വന്നത്.

അതുവരെ മിണ്ടാതിരുന്ന അക്സു ഇതോടെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു പ്രസ്താവന നടത്തി. തനിക്ക് പിന്തുണ പ്രഖ്യാപിച്ചവരോട് അവര്‍ നന്ദി പറഞ്ഞു. 'നിങ്ങള്‍ക്കറിയാവുന്നതുപോലെ, വിഷയം ഞാനല്ല. രാജ്യം തന്നയൊണു വിഷയം.'ഒരു പുതിയ ഗാനത്തിന്റെ വരികളും അക്സു പങ്കിട്ടു; അത് തലേദിവസം താന്‍ എഴുതിയതാണെന്ന് അവര്‍ അറിയിച്ചു.'എന്റെ നാവ് തകര്‍ക്കാന്‍ നിങ്ങള്‍ക്കാകില്ല' - എര്‍ദോഗന്റെ ഭീഷണികള്‍ക്ക് മറുപടിയായി അവള്‍ പാട്ടില്‍ പറയുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍, സോഷ്യല്‍ മീഡിയ 30 ലധികം ഭാഷകളിലേക്ക് വരികള്‍ വിവര്‍ത്തനം ചെയ്തു.'ദി ഹണ്ടര്‍' (വേട്ടക്കാരന്‍)എന്ന് അക്‌സു പേരിട്ട ഗാനത്തിന്റെ വരികള്‍:

നിനക്ക് എന്നെ സങ്കടപ്പെടുത്താന്‍ കഴിയില്ല

ഞാന്‍ ഇതിനകം വളരെ ദുഃഖിതയാണ്

ഞാന്‍ എവിടെ നോക്കിയാലും വേദന കാണുന്നു

ഞാന്‍ എവിടെ നോക്കിയാലും വേദന കാണുന്നു

ഞാന്‍ ഇരയും നീ വേട്ടക്കാരനുമാണ്

എങ്കില്‍ എന്നെ വെടിവെക്കൂ...

നിനക്ക് എന്നെ മനസ്സിലാക്കാന്‍ കഴിയുന്നില്ല

നിങ്ങള്‍ക്ക് എന്റെ നാവ് തകര്‍ക്കാന്‍ കഴിയില്ല

ഞാന്‍ എവിടെ നോക്കിയാലും വേദന കാണുന്നു

ഞാന്‍ എവിടെ നോക്കിയാലും വേദന കാണുന്നു

ആരാണ് സഞ്ചാരി, ആരാണ് സത്രം സൂക്ഷിപ്പുകാരന്‍

നമുക്ക് കാണാം...

നിനക്ക് എന്നെ കൊല്ലാന്‍ കഴിയില്ല

എനിക്ക് എന്റെ ശബ്ദം, എന്റെ ഉപകരണങ്ങള്‍, എന്റെ വാക്കുകള്‍ ഉണ്ട്

'ഞാന്‍' എന്ന് പറയുമ്പോള്‍ എല്ലാവരേയും അര്‍ത്ഥമാക്കുന്നു...

ഭരണപരാജയത്തിന്റെ പടുകുഴിയില്‍ വീണുകഴിഞ്ഞ എര്‍ദോഗന്‍ ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം മസ്ജിദ് ആക്കിയതുള്‍പ്പെടെയുള്ള വര്‍ഗ്ഗീയ പ്രീണന തന്ത്രങ്ങളിറക്കിയും എതിര്‍ ശബ്ദങ്ങളെ നിര്‍ദ്ദയം അടിച്ചമര്‍ത്തിയുമാണ് പിടിച്ചുനില്‍ക്കാന്‍ നോക്കുന്നത്. അനിഷ്ടകരമായ വാര്‍ത്ത നല്‍കിയതിന് ഈയിടെ ഒരു മാധ്യമ പ്രവര്‍ത്തകനെ തടവിലാക്കി. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുമെടുക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.