ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ഭീകരാക്രമണം: ഇരകള്‍ക്ക് നീതി ലഭിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്

ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ഭീകരാക്രമണം: ഇരകള്‍ക്ക് നീതി ലഭിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്

കൊളംബോ: ശ്രീലങ്കയില്‍ 2019-ലെ ഈസ്റ്റര്‍ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെടെയുണ്ടായ സ്ഫോടനങ്ങളിലെ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കൊളംബോയിലെ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. ഇതല്ലാതെ രാജ്യത്തിനുള്ളില്‍ നീതി നടപ്പാക്കാന്‍ മറ്റ് വഴികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര തലത്തിലുള്ള പ്രേക്ഷകരുമായി ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചാവേദിയിലാണ് കര്‍ദിനാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

'രാജ്യത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാനും ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും തങ്ങള്‍ പരമാവധി ശ്രമിച്ചു; പക്ഷേ പരാജയപ്പെട്ടു. അറ്റോര്‍ണി ജനറലിന്റെ കീഴിലുള്ള നിയമസംവിധാനം ഈസ്റ്റര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്റെ ശിപാര്‍ശകള്‍ പരിഗണിക്കുന്നതു പോലുമില്ല. അതിനാല്‍ തങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ സഹായം തേടുകയല്ലാതെ മറ്റു യാതൊരു മാര്‍ഗവുമില്ലെന്നു കര്‍ദിനാള്‍ പറഞ്ഞു.

മൂന്ന് പള്ളികള്‍ക്കും മൂന്ന് ആഡംബര ഹോട്ടലുകള്‍ക്കും നേരെയുണ്ടായ ഭീകരാക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ വിചാരണ ചെയ്യാന്‍ ഐക്യരാഷ്ട്രസഭയെ മാത്രമല്ല ആഗോള തലത്തില്‍ സ്വാധീനമുള്ള രാജ്യങ്ങളെയും സമീപിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ വര്‍ഷം ഏപ്രിലിലും കര്‍ദിനാള്‍ രഞ്ജിത്ത് സൂചന നല്‍കിയിരുന്നു.

സഭ അന്താരാഷ്ട്ര തലത്തില്‍ വ്യാപിച്ചുകിടക്കുന്നതിനാല്‍ ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെടാന്‍ തങ്ങള്‍ക്കു കഴിയും-കര്‍ദിനാള്‍ പറഞ്ഞു.

37 വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ 269 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ശ്രീലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്നു അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അന്വേഷണത്തിലുള്ള മെല്ലപ്പോക്ക് നയത്തിനെതിരെ ശ്രീലങ്കയിലെ ക്രൈസ്തവര്‍ കര്‍ദിനാള്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ തുടര്‍ന്നുവരികയായിരുന്നു.

സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ ഒരു പള്ളി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആ വ്യക്തിയെ തെറ്റായി ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് പള്ളി അധികൃതര്‍ പറഞ്ഞു. ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നും ജുഡീഷ്യറി തെറ്റ് തിരുത്തുമെന്നാണ് വിശാസമെന്നും കര്‍ദിനാള്‍ രഞ്ജിത്ത് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.