ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറാതിരുന്നത് ശരിയായ നടപടിയല്ലെന്ന് വാദത്തിനിടെ കോടതി. ഫോണ്‍ ആവശ്യപ്പെടുന്നത് തന്റെ സ്വകാര്യതയ്‌ക്കെതിരെയുള്ള കടന്നു കയറ്റമെന്ന് ദിലീപ്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് കൈവശം വെച്ചിരിക്കുന്ന ഫോണ്‍ കൈമാറണമെന്ന പ്രോസിക്യൂഷന്‍ ഉപഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ രാവിലെ 11 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറാതിരുന്നത് ശരിയായ നടപടിയല്ലെന്ന് വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. ദിലീപ് ഫോണ്‍ സ്വന്തമായി ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയതിനെയും കോടതി വിമര്‍ശിച്ചു. ഫോണില്‍ കൃത്രിമം കാണിച്ചുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചാല്‍ എന്ത് മറുപടി നല്‍കുമെന്ന് ചോദിച്ച കോടതി ഫോണ്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറിക്കൂടേയെന്നും ചോദിച്ചു. എന്നാല്‍ അത് തെറ്റായ കീഴ് വഴക്കങ്ങള്‍ ഉണ്ടാക്കുമെന്ന വാദമാണ് ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്.
അന്വേഷണ സംഘം ഫോണ്‍ ആവശ്യപ്പെടുന്നത് തന്റെ സ്വകാര്യതയ്‌ക്കെതിരെയുള്ള കടന്നു കയറ്റമാണെന്നായിരുന്നു ദിലീപിന്റെ വാദം. അഭിഭാഷകരുമായുള്ള സംഭാഷണങ്ങളും തന്റെ സ്വകാര്യ സംഭാഷണങ്ങളും ഫോണിലുണ്ട്. തന്റെ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഫോണിലുണ്ട്. ഇത് അന്വേഷണ സംഘത്തിന്റെ കൈയ്യിലെത്തിയാല്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.
ഇതിനിടെ ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരെ ക്രൈംബ്രാഞ്ചിന് നിര്‍ണായക തെളിവ് ലഭിച്ചതായാണ് സൂചന. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയായ ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചെന്നാണറിയുന്നത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ദിലീപിനോട് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ട് അതിന് തയാറാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. മാത്രമല്ല ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
കഴിഞ്ഞ ദിവസം പരിഗണിക്കാനെടുത്ത കേസ് പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വളരെ നാടകീയമായിട്ടാണ് ഇന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപിന് പുറമേ സഹോദരന്‍ അനൂപ് (പി. ശിവകുമാര്‍), സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷിയായ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.