സൗരദൗത്യത്തിനുളള ഇന്ത്യയുടെ ആദിത്യ എല്‍ 1 പേടകം സജ്ജമാകുന്നു; വിക്ഷേപണം ഈ വര്‍ഷം

സൗരദൗത്യത്തിനുളള ഇന്ത്യയുടെ ആദിത്യ എല്‍ 1 പേടകം സജ്ജമാകുന്നു; വിക്ഷേപണം ഈ വര്‍ഷം

സിംല: ഇന്ത്യയുടെ സൗരദൗത്യത്തിനുളള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിയെന്നും ഇതിനായുള്ള ആദിത്യ എല്‍1 പേടകം ഈ വര്‍ഷം വിക്ഷേപിച്ചേക്കുമെന്നും ഐഎസ്ആര്‍ഒയുടെ മുന്‍ മേധാവി എ.എസ്. കിരണ്‍ കുമാര്‍. 'സ്‌പേസ് റേഡിയേഷന്‍ വര്‍ക്ക്‌ഷോപ്പ്: റേഡിയേഷന്‍ കാരക്ടറൈസേഷന്‍ ഫ്രം സണ്‍ റ്റു എര്‍ത്ത്, മൂണ്‍, മാര്‍സ്, ആന്റ് ബിയോണ്ട്' എന്ന ഇന്‍ഡോ-യുഎസ് വര്‍ക്ക്‌ഷോപ്പില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്തോ-യുഎസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പിന്തുണയില്‍ നൈനിറ്റാളിലെ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒബ്‌സര്‍വേഷണല്‍ സയന്‍സസും (ഏരീസ്) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചു(ഐസര്‍)മാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്. ഭാവിയില്‍ ചാന്ദ്ര ഗവേഷണ പദ്ധതിക്ക് വേണ്ടി ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി (ജാക്‌സ) യും ഐഎസ്ആര്‍ഒയും തമ്മില്‍ സഹകരിക്കുമന്നും കിരണ്‍ കുമാര്‍ പറഞ്ഞു.

'ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ ചൊവ്വയെപ്പറ്റി നടത്തുന്ന പഠനം ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി.വിവിധ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദര്‍ശിനി ആസ്‌ട്രോ സാറ്റ് ഭ്രമണപഥത്തിലെത്തിച്ചു. വിവിധ ബഹിരാകാശ ഗവേഷണ പഠനങ്ങള്‍ക്കായി ഇത് വിവരങ്ങള്‍ നല്‍കുന്നുണ്ട്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചുവരുന്നു. ഇനിയും ഏറെ ക്കാലം ഈ പേടകത്തിന് പ്രവര്‍ത്തിക്കാനാകും.'- ഐഎസ്ആര്‍ഒയുടെ മുന്‍ മേധാവി അറിയിച്ചു.

സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് ആദിത്യ-എല്‍1. 400 കിലോഗ്രാം ഭാരമുള്ള പേടകമായിരിക്കും ആദിത്യ എല്‍1 എന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളുമായി പുറപ്പെടുന്ന പേടകം ഭൂമിയ്ക്കും സൂര്യനുമിടയിലെ ലാഗ് റേഞ്ചിയന്‍ പോയിന്റ് 1 ലെ ഹാലോ ഓര്‍ബിറ്റിലേക്കാണ് വിക്ഷേപിക്കുക; 15 ലക്ഷം കിലോ മീറ്റര്‍ അകലേക്ക്. നേരത്തെ ഇത് ഭൂമിയില്‍ നിന്നും 800 കിലോമീറ്റര്‍ ദൂരത്ത് വിക്ഷേപിക്കാനായിരുന്നു പദ്ധതി. എന്നാല്‍ സൂര്യനെ നിരന്തരം കാണാന്‍ അവിടെ നിന്നും സാധിക്കില്ല എന്ന കാരണത്താല്‍ എല്‍1 ലേക്ക് മാറ്റുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.