നിശാപാര്‍ട്ടികളില്‍ സ്ത്രീകള്‍ക്കു നേരേ സൂചിപ്രയോഗം; യു.കെയിലും ഓസ്‌ട്രേലിയയിലും മൂന്നു മാസത്തിനിടെ രണ്ടായിരത്തോളം കേസുകള്‍

നിശാപാര്‍ട്ടികളില്‍ സ്ത്രീകള്‍ക്കു നേരേ സൂചിപ്രയോഗം; യു.കെയിലും ഓസ്‌ട്രേലിയയിലും മൂന്നു മാസത്തിനിടെ രണ്ടായിരത്തോളം കേസുകള്‍

0 സിറിഞ്ച് ശരീരത്തില്‍ കയറ്റുന്നത് സ്ത്രീകള്‍ അറിയാതെ
0 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇരകള്‍
0 തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും പോലീസ് അന്വേഷിക്കുന്നു
0 വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് രാജ്യാന്തര മാധ്യമങ്ങള്‍


സിഡ്‌നി: ഓസ്‌ട്രേലിയയിലും യു.കെയിലും നിശാപാര്‍ട്ടികളില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന പുതിയ തരം ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. സമീപകാലത്തായി രണ്ടു രാജ്യങ്ങളിലും യുവതികളുടെ നേരേ നടന്ന 'സൂചി പ്രയോഗ'മാണ് ആശങ്കയ്ക്കിടയാക്കുന്നത്. സ്ത്രീകളുടെ ശരീരത്തില്‍ അവരറിയാതെ ഏതോ ദ്രാവക രൂപത്തിലുള്ള പദാര്‍ത്ഥം നിറച്ച സിറിഞ്ച് കുത്തിവച്ച സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിശാപാര്‍ട്ടിക്കിടെയാണ് യുവതികള്‍ക്കു നേരേ രണ്ടായിരത്തോളം അതിക്രമങ്ങള്‍ അരങ്ങേറിയതെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഓസ്‌ട്രേലിയയിലെയും യു.കെയിലെയും പോലീസ് പങ്കുവച്ചത്.

മൂന്നു മാസത്തിനുള്ളില്‍ യുകെയില്‍ മാത്രം ഏകദേശം 1,400-ലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് ഇതിന് ഇരയാകുന്നത്. ലൈംഗികാതിക്രമം, മോഷണം എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കു വേണ്ടി സൂചി പ്രയോഗം നടന്നിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. വിഷയം രാജ്യാന്തര മാധ്യമങ്ങളായ എ.ബി.സി, ഇന്‍ഡിപെന്‍ഡന്റ് അടക്കമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ വിക്ടോറിയയിലും ന്യൂ സൗത്ത് വെയില്‍സിലുമാണ് ഇത്തരം അതിക്രമങ്ങള്‍ നടന്നിട്ടുള്ളത്. എച്ചുക, ന്യൂകാസില്‍ എന്നിവിടങ്ങളിലുള്ള യുവതികളാണ് അതിക്രമത്തിനിരയായത്. അജ്ഞാതമായ ഒരു പദാര്‍ത്ഥം സിറിഞ്ചില്‍ നിറച്ച് ശരീരത്തില്‍ കുത്തിവയ്ക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. സൂചി കയറിയത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് സ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിനിരയായ സ്ത്രീകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയും ഇവരുടെ ശരീരത്തില്‍ സൂചി കയറ്റിയതിന്റെ ചെറിയ മുറിവുകള്‍ കണ്ടെത്തുകയും ചെയ്തു. പുതുവത്സരാഘോഷങ്ങള്‍ക്കു ശേഷമാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ ശരീരത്തില്‍ സൂചി കയറ്റുന്ന സംഭവങ്ങള്‍ താന്‍ ആദ്യമായി കേള്‍ക്കുകയാണെന്ന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിറ്റക്ടീവ് സര്‍ജന്റ് ബാരി ഗ്രേ പറഞ്ഞു. അതേസമയം എത്ര സംഭവങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു എന്നതു സംബന്ധിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഉപയോഗിക്കുന്നത് നേര്‍ത്ത സൂചി

ഡിസംബര്‍ ആദ്യം ന്യൂ സൗത്ത് വെയില്‍സിലെ ന്യൂകാസില്‍ നഗരത്തില്‍ രാത്രി ഏറെ വൈകി നടന്ന പാര്‍ട്ടികളിലാണ് ആറ് സ്ത്രീകളെ സൂചി പ്രയോഗത്തിനിരയാക്കിയത്. തീരെ നേര്‍ത്ത സൂചികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ സൂചി കയറിയത് സ്ത്രീകള്‍ അറിഞ്ഞിട്ടില്ല.

മെഡിക്കല്‍ പരിശോധനയില്‍ സ്ത്രീകളുടെ ശരീരത്തില്‍ അസ്വാഭാവികമായ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഡിറ്റക്ടീവുകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ദൃക്‌സാക്ഷികളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.


ശരീരത്തില്‍ സിറിഞ്ച് കയറ്റിയതിനെതുടര്‍ന്നുണ്ടായ മുറിവുകള്‍

കൂടുതല്‍ സ്ത്രീകള്‍ ഇത്തരം ആക്രമണത്തിനിരയായിട്ടുണ്ടെന്ന ആശങ്കയും പോലീസ് പങ്കുവയ്ക്കുന്നുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുമ്പോഴാണ് പലര്‍ക്കു നേരേയും സൂചി പ്രയോഗമുണ്ടായത്. ആളുകള്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ തളര്‍ച്ച അനുഭവപ്പെട്ട ഉടനെ അവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ കഴിഞ്ഞതായി ഡിറ്റക്ടീവ് സര്‍ജന്റ് ബാരി ഗ്രേ പറഞ്ഞു.

അതിക്രമത്തിനിരയായ സ്ത്രീകളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂചി കയറ്റിയ അടയാളങ്ങള്‍ കണ്ടെത്താനായിട്ടുണ്ട്. പല സ്ഥലങ്ങളിലും പല രാത്രികളിലും ഇങ്ങനെ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ല. അതേസമയം തീവ്രവാദ സ്വഭാവമുള്ള ജിഹാദി പ്രവര്‍ത്തനങ്ങളുടെ സാധ്യത പോലീസ് പരിശോധിക്കുന്നുണ്ട്.

സുഹൃത്തുക്കളുമൊത്ത് രാത്രി പുറത്തിറങ്ങുന്ന യുവതികളാണ് ഇരകളെന്ന് ഡിറ്റക്ടീവ് സര്‍ജന്റ് ഗ്രേ പറഞ്ഞു. ഭാഗ്യത്തിന്, ഓസ്‌ട്രേലിയയില്‍ ഇതിന്റെ മറവില്‍ ലൈംഗികാതിക്രമം പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 'ഇത് ഏതെങ്കിലും തരത്തിലുള്ള ലഹരിമരുന്നിന്റെ ഫലമായുള്ള പ്രവര്‍ത്തനമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ലക്ഷ്യം ഇതിനു പിന്നിലുണ്ടോ എന്നത് വ്യക്തമല്ല. ഇത് തീര്‍ച്ചയായും അപകടകരമായ പ്രവര്‍ത്തിയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിറ്റക്ടീവ് സെര്‍ജന്റ് ഗ്രേ പറഞ്ഞു.

ഇതുവരെ, അത്രികമത്തിനിരയാക്കപ്പെട്ട എല്ലാ യുവതികളും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.

അതേസമയം, യു.കെയില്‍നിന്നു പുറത്തുവരുന്ന സൂചി പ്രയോഗത്തിന്റെ വിവരങ്ങള്‍ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണ്. സെപ്റ്റംബര്‍ മുതലാണ് യു.കെയില്‍ ഈ പുതിയ പ്രതിഭാസം കണ്ടുതുടങ്ങിയതെന്ന് ലിങ്കണ്‍ഷെയര്‍ പോലീസ് ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ ജേസണ്‍ ഹാര്‍വിന്‍ പറഞ്ഞു. നിലവില്‍ ഓസ്ട്രേലിയയില്‍നിന്നും യുകെയില്‍നിന്നുമാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് മനസിലാക്കാന്‍ ഓസ്ട്രേലിയയിലെ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നു ജേസണ്‍ ഹാര്‍വിന്‍ പറഞ്ഞു.

യുകെയില്‍ നടന്ന മെഡിക്കല്‍ പരിശോധനകളില്‍ മയക്കം ഉണ്ടാക്കുന്ന ചില മരുന്നുകളാണ് സൂചികളില്‍ നിറച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിക്കായി ഉപയോഗിക്കുന്ന മാജിക് മഷ്‌റൂമില്‍ കണ്ടെത്തിയ രാസവസ്തുവാണ് ഒരു സാമ്പിളില്‍ ഉണ്ടായിരുന്നത്.

യുകെയിലെ ഏതെങ്കിലും ക്രിമിനല്‍ ശൃംഖലയാണ് ഈ സംഭവങ്ങള്‍ പിന്നിലെന്നു കണ്ടെത്താനുള്ള ഒരു തെളിവും ലഭിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.