വാഷിംഗ്ടണ്‍: അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനി 2015-ല്‍ വിക്ഷേപിച്ച റോക്കറ്റ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുമെന്ന് ഗവേഷകര്‍. ഏഴ് വര്‍ഷം മുമ്പ് വിക്ഷേപിച്ച സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ഒരു വലിയ ഭാഗം ചന്ദ്രനില്‍ പതിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബില്‍ ഗ്രേ എന്ന യു.എസ് ഗവേഷകനാണ് തന്റെ ബ്ലോഗിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
ഈ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ പല ഗവേഷകരും റോക്കറ്റിന്റെ പാതയെക്കുറിച്ചു പഠിക്കുകയും ഗ്രേയുടെ കണ്ടെത്തല്‍ ശരിയാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് നാലിന് കൂട്ടിയിടി ഉണ്ടാകും എന്നാണു ഗവേഷകരുടെ അനുമാനം. സെക്കന്‍ഡില്‍ 2.58 കിലോമീറ്റര്‍ വേഗത്തിലാകും നാലു ടണ്‍ ഭാരമുള്ള റോക്കറ്റ് ചന്ദ്രോപരിതലത്തിലേക്കു പതിക്കുക.
ഇത് ചന്ദ്രനില്‍ ചെറിയ ഒരു ഗര്‍ത്തം രൂപപ്പെടുത്തും. സ്‌പേസ് എക്‌സ് ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം കൂട്ടിയിടിയിലൂടെ ചന്ദ്രോപരിതലത്തിനു കാര്യമായ നാശം ഉണ്ടാകില്ലെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ അഭിപ്രായം.
കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാനായാണ് 2015 ഫെബ്രുവരിയില്‍ ഫ്‌ളോറിഡയില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ വിജയകരമായി എത്തിക്കുകയും ചെയ്തു. ഇതിന് ശേഷം ഇന്ധനം തീര്‍ന്ന റോക്കറ്റ് നിയന്ത്രണം വിട്ട് ചന്ദ്രനും ഭൂമിക്കുമിടയിലായി ഏഴ് വര്‍ഷമായി ഭ്രമണം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ജനുവരി അഞ്ചിന് ഫാല്‍ക്കണ്‍ റോക്കറ്റ് ചന്ദ്രന് വളരെയടുത്ത ഭ്രമണപഥത്തിലൂടെയാണ് കടന്നുപോയത്. വീണ്ടും ഭ്രമണപഥത്തിലുണ്ടായ മാറ്റമാണ് കൂട്ടിയിടിക്ക് കാരണമായി വിലയിരുത്തുന്നത്.
ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാനും നാസയുടെ ലൂണാര്‍ റെക്കണൈസെന്‍സിനും ഫാല്‍ക്കണ്‍ ഭീഷണിയാകുമെന്ന വിലയിരുത്തലുമുണ്ട്. ഇതാദ്യമായല്ല മനുഷ്യനിര്‍മിതമായ ബഹിരാകാശ വസ്തു ചന്ദ്രനില്‍ പതിക്കുന്നത്. 2009ല്‍ നാസയുടെ ലൂണാര്‍ ക്രേറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സെന്‍സിങ് സാറ്റലൈറ്റ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പതിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.