സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി: മോഡിയുടെ കോലം കത്തിച്ചു, പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു; മണിപ്പൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി: മോഡിയുടെ കോലം കത്തിച്ചു, പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു; മണിപ്പൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി

ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മണിപ്പൂര്‍ ബിജെപിയില്‍ വന്‍ പൊട്ടിത്തെറി.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കാത്ത നേതാക്കളും നിരാശരായ പ്രവര്‍ത്തകരും ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങിന്റെയും കോലം കത്തിക്കുകയും പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇംഫാലിലെ ബിജെപി ആസ്ഥാനത്തിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ തടിച്ചുകൂടി. നിരവധി നേതാക്കള്‍ രാജിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയില്‍ ചേര്‍ന്ന 10 മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിരുന്നു. കാങ്പോപിയില്‍ നെംച കിപ്ജെന്‍, ചന്ദേലില്‍ എസ് എസ് ഒലിഷ്, നൗരിയാപഖംഗ്ലക്പയില്‍ സൊറൈസം കെബി ദേവി എന്നീ മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കും ബിജെപി സീറ്റ് നല്‍കി. മൂന്ന് മുന്‍ ഐഎഎസ് ഓഫീസര്‍മാരെയും ബിജെപി രംഗത്തിറക്കിയിട്ടുണ്ട്.

കാക്ചിംഗില്‍ യെങ്‌ഖോം സുര്‍ചന്ദ്ര സിംങ്, ഉറിപോക്കില്‍ രഘുമണി സിംങ് എന്നിവര്‍ മത്സരിക്കുമ്പോള്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് തന്റെ പരമ്പരാഗത സീറ്റായ ഹീന്‍ഗാങ്ങില്‍ നിന്നാണ് മത്സരിക്കുന്നത്. മണിപ്പൂരിലെ മറ്റൊരു മന്ത്രി ബിശ്വജിത് സിംങ് തോങ്ജു സീറ്റില്‍ മത്സരിക്കും. മുന്‍ ദേശീയ ഫുട്‌ബോള്‍ താരം സൊമതായ് സൈസ ഉഖ്രുളില്‍ നിന്നാണ് ജനവിധി തേടുന്നത്.

ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കേന്ദ്രമന്ത്രിയും സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലയുമുള്ള ഭൂപേന്ദര്‍ യാദവ് സംസ്ഥാന ഇന്‍ചാര്‍ജ് ഡോ.സംബിത് പത്ര എന്നിവരാണ് പുറത്തുവിട്ടത്. മണിപ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 38 നിയമസഭാ സീറ്റുകളില്‍ ഫെബ്രുവരി 27 നും രണ്ടാം ഘട്ടത്തില്‍ 22 നിയമസഭാ മണ്ഡലങ്ങളിലേക്ക് മാര്‍ച്ച് മൂന്നിനും വോട്ടെടുപ്പ് നടക്കും.

2017 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 21 സീറ്റുകള്‍ നേടിയെങ്കിലും ചെറുപാര്‍ട്ടികളുടെയും സ്വതന്ത്ര എംഎല്‍എമാരുടെയും സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചു. 28 സീറ്റുകളോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.