'ഗാന്ധിജിയുടെ ചിതാഭസ്മം ഇവിടെയുണ്ടെ'ന്ന് അവകാശപ്പെട്ട് കാലിഫോര്‍ണിയന്‍ ആശ്രമം;സംശയത്തോടെ തുഷാര്‍ ഗാന്ധി

 'ഗാന്ധിജിയുടെ ചിതാഭസ്മം ഇവിടെയുണ്ടെ'ന്ന് അവകാശപ്പെട്ട് കാലിഫോര്‍ണിയന്‍ ആശ്രമം;സംശയത്തോടെ തുഷാര്‍ ഗാന്ധി

വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ തടാകാശ്രമത്തില്‍ (ലേക് ഷ്രൈന്‍) മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുള്ളതായി ബിബിസി റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കു പുറത്ത് ചിതാഭസ്മം സൂക്ഷിച്ചിട്ടുള്ള ഏക സ്ഥലമാണിതെന്നും അവകാശവാദമുണ്ട്. ചൈനയില്‍ നിന്നുള്ള പ്രത്യേക ശിലകളാല്‍ നിര്‍മ്മിതമായ കല്ലറയില്‍ ആണ് ചെമ്പും വെളളിയും കൊണ്ടുള്ള ചെറു പേടകത്തില്‍ ചിതാഭസ്മം ഇവിടെ അടക്കം ചെയ്തിട്ടുള്ളതെന്നാണ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 74 വര്‍ഷം തികയവേ ആത്മീയ കേന്ദ്രം സന്ദര്‍ശിച്ച ശേഷം പൗത്രന്‍ തുഷാര്‍ ഗാന്ധിയില്‍ നിന്നു കൂടി ശേഖരിച്ച വിവരങ്ങള്‍ സഹിതം സവിത പട്ടേല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പൂന്തോട്ടവും വെളളച്ചാട്ടവും കടല്‍ക്കാഴ്ചകളും കൊണ്ട് ഹൃദ്യമാണ് ഹോളിവുഡില്‍ നിന്ന് അല്‍പ്പം മാത്രം ദൂരെ സണ്‍സെറ്റ് ബൊളിവാര്‍ഡിലുള്ള ആത്മീയ വിശ്രമ കേന്ദ്രമായ ലേക് ഷ്രൈന്‍. ഗാന്ധി വേള്‍ഡ് പീസ് മെമ്മോറിയല്‍ ആയി ഈ ആശ്രമം അറിയപ്പെടുന്നു. 1950ല്‍ യോഗാനന്ദ പരമഹംസ എന്ന യോഗി പണിതതാണ് ഈ ആശ്രമം.ഗാന്ധിജിയുടെ ചിതാഭസ്മം ഗുരുവിന് ആരെങ്കിലും സമര്‍പ്പിച്ചതാവാമെന്ന് യോഗാനന്ദയുടെ ശിഷ്യനായ സന്യാസി ഋതാനന്ദ പറഞ്ഞു. ഗാന്ധിജിയുടെ പിന്‍മുറക്കാര്‍ ചിതാഭസ്മത്തിനായി സമീപിച്ചിരുന്നു.അതേസമയം, താന്‍ ഒരിക്കലും ചിതാഭസ്മം കണ്ടിട്ടില്ലെന്നും എന്നാല്‍ യോഗാനന്ദ അത് പ്രതിഷ്ഠിക്കുന്ന വീഡിയോ ശ്രദ്ധയില്‍ പെട്ടതായും അദ്ദേഹം പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ ജനിച്ച മുകുന്ദലാല്‍ ഘോഷ് ആണ് യോഗാനന്ദ പരമഹംസ ആയ ശേഷം യു.എസില്‍ എത്തി തടാകാശ്രമം സ്ഥാപിച്ചത്. യോഗാനന്ദ 1935 ല്‍ വാര്‍ധ ആശ്രമത്തില്‍ ഗാന്ധിജിയെ സന്ദര്‍ശിച്ചതായി അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ആശ്രമത്തില്‍ യോഗ ചെയ്യുന്ന രംഗവും കാണാം.വീഡിയോ കണ്ടതല്ലാതെ ആശ്രമത്തില്‍ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിക്കുന്ന പെട്ടി ഉണ്ടെന്നതിന് മറ്റൊരു തെളിവും തരാനില്ലെന്നും ഋതാനന്ദ വ്യക്തമാക്കി.'യോഗാനന്ദയുമായി അടുത്ത സൗഹൃദം പുലര്‍ത്തിപ്പോന്ന പത്രപ്രവര്‍ത്തകനും പ്രസാധകനുമായിരുന്ന പൂനെ സ്വദേശി വി.എം നാവ്ലെ വഴി എത്തിയതായിരിക്കും ചിതാഭസ്മം എന്ന സൂചനകള്‍ ലഭിച്ചിരുന്നു.എന്തായാലും ഗുരു സ്ഥാപിച്ചത് ഞങ്ങള്‍ അട്ടിമറിക്കില്ല.'എന്നാല്‍ ചിതാഭസ്മം നാവ്ലെയുടെ കൈവശം എത്തിച്ചേര്‍ന്നത് എങ്ങനെയെന്നതു സംബന്ധിച്ച് ആത്മകഥയില്‍ ഒന്നും പറയുന്നില്ല.

1948 ല്‍ ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ സിംഹഭാഗവും ഗംഗയിലൊഴുക്കിയത് അലഹാബാദില്‍ നിന്നാണ്.ബാക്കി ഭാഗം 20 ആയി വിഭജിച്ച് രാജ്യത്തെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പലയിടത്തായി നിമഞ്ജനം ചെയ്തു. ചില ഭാഗങ്ങള്‍ രാജ്യത്തിന്റെ പുറത്തേക്കും എത്തി. ഗാന്ധിജിയുടെ ചിതാഭസ്മം ഓര്‍മയ്ക്കായി സൂക്ഷിക്കാന്‍ ഒരുപാട് പേര്‍ ആഗ്രഹിച്ചതായി പൗത്രന്‍ തുഷാര്‍ ഗാന്ധി വ്യക്തമാക്കി.

ഇത്തരത്തില്‍ യു.എസിലെ തടാക ആശ്രമത്തില്‍ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചതായി 20 വര്‍ഷം മുന്‍പ് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ആശ്രമത്തെ ബന്ധപ്പെട്ടെങ്കിലും ആരില്‍ നിന്നും ഒരു മറുപടിയും ലഭിച്ചില്ലെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. തന്നോടൊപ്പം എല്ലാം അവസാനിക്കണമെന്ന് ആഗ്രഹിച്ച ഗാന്ധിജിയുടെ ചിന്തകള്‍ക്ക് വിരുദ്ധമാണ് ചിതാഭസ്മം കൈവശം വയ്ക്കുന്നതെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.


'ഒരിക്കലും തന്റെ ചിതാഭസ്മം സൂക്ഷിക്കരുത്, മറിച്ച് നീക്കം ചെയ്യണമെന്ന് ബാപ്പു പറഞ്ഞിരുന്നതിനാല്‍ അതു കൈവശം വയ്ക്കുന്നത് ബാപ്പുവിന്റെ ആഗ്രഹത്തിന് വിരുദ്ധമാണ്' എന്നും കൂട്ടിച്ചേര്‍ക്കുന്നു 'നമുക്കു ഗാന്ധിയെ വധിക്കാം' എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായ തുഷാര്‍ ഗാന്ധി.'നമുക്കറിയാവുന്നിടത്തോളം ഗാന്ധിയുടെ ചിതാഭസ്മത്തിന്റെ അവസാന ഭാഗം പൂനെ നഗരത്തിലെ ആഗാഖാന്‍ കൊട്ടാരത്തിലാണ്, കൊട്ടാര വളപ്പില്‍ സംസ്‌കരിച്ച ഭാര്യ കസ്തൂര്‍ബയുടെ ശവകുടീരത്തിനടുത്തായി ഒരു മാര്‍ബിള്‍ ഘടത്തില്‍ അടക്കം ചെയ്തിരിക്കുന്നു.'

ഗാന്ധിയെ ബഹുമാനിക്കാനുള്ള എല്ലാവരുടെയും അവകാശത്തെ മാനിക്കുകയും തടാകാശ്രമം ചിതാഭസ്മം കരുതലോടെ പരിപാലിക്കുന്നുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.എങ്കിലും ചിതാഭസ്മം എപ്പോഴെങ്കിലും അവഹേളിക്കപ്പെട്ടാല്‍ കുടുംബത്തെ അത് വേദനിപ്പിക്കുമെന്ന് തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.'അതിനാല്‍, ചിതാഭസ്മം ശരിയായി സംസ്‌കരിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.പരമഹംസ യോഗാനന്ദയ്ക്കു ചിതാഭസ്മം ശേഖരിച്ച് അയച്ചത് ആരാണെന്ന് എനിക്കറിയില്ല. അക്കാലത്തെ ക്യാബിനറ്റ് അംഗങ്ങളും പ്രഗത്ഭരായ ഗാന്ധിയന്‍മാരും അടങ്ങുന്ന ഒരു സമിതിക്കായിരുന്നു വിതരണത്തിന്റെ ചുമതല.'

'1948ല്‍ തന്നെ ബാപ്പുവിന്റെ ചിതാഭസ്മം ദക്ഷിണാഫ്രിക്കയില്‍ നിമഞ്ജനം ചെയ്തിരുന്നു. അത് ഔദ്യോഗികമായി അയച്ചതാണോ അല്ലാതെ തന്നെ ആരെങ്കിലും കൊണ്ട് പോയതാണോ, എന്നറിയില്ല,' തുഷാര്‍ ഗാന്ധി അറിയിച്ചു. മധ്യ പ്രദേശിലെ റീവയിലുള്ള ഗാന്ധി ഭവനില്‍ നിന്ന് ചിതാഭസ്മം അടങ്ങിയ പേടകം മോഷണം പോയത് രണ്ടു വര്‍ഷം മുമ്പ് രാജ്യത്തെ വേദനിപ്പിച്ചിരുന്നു. അക്രമികള്‍ ഗാന്ധി ചിത്രത്തില്‍ മഹാത്മാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകളും എഴുതിവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.