കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 ന്; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷ

കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 ന്; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷ

ന്യൂഡല്‍ഹി: കോവിഡ് മൂന്നാംതരംഗത്തിനിടെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ലക്ഷ്യമിട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് രാവിലെ 11-ന് ബജറ്റ് അവതരിപ്പിക്കും. ബജറ്റില്‍ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബജറ്റാകും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. സമഗ്രമേഖലയ്ക്കും ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളുണ്ടാകും. കാര്‍ഷിക മേഖലയ്ക്ക് ഉള്‍പ്പെടെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രിമാരായ പങ്കജ് ചൗധരിയും ഭഗവത് കരാടും കേന്ദ്രധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെത്തി മന്ത്രി നിര്‍മ്മല സീതാരാമന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.

കോവിഡ് മഹാമാരിയില്‍ നട്ടംതിരിയുന്ന സാമ്പത്തിക മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ. ക്ഷേമ പദ്ധതികള്‍, സുസ്ഥിര വളര്‍ച്ചാ പദ്ധതികള്‍, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്നിവയെല്ലാം പുതിയ ബജറ്റിലുണ്ടാവുമോയെന്നാണ് വ്യാവസായിക ലോകം ഉറ്റുനോക്കുന്നത്. ആദായ നികുതി സ്ലാബുകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമോ എന്നതിലാണ് ജനത്തിന്റെ കണ്ണ്.

സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിക്കുന്നത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും.

തൊഴിലുറപ്പു പദ്ധതിക്കും ഭക്ഷ്യസബ്സിഡിക്കുമുള്ള വിഹിതം കൂട്ടുമെന്ന സൂചന സാധാരക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്വകാര്യവത്കരണത്തിന് നിര്‍ദേശമുണ്ടാകും. ആത്മനിര്‍ഭര്‍ മുദ്രാവാക്യത്തിന് കീഴില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇത്തവണ പ്രതീക്ഷിക്കാം. ക്രിപ്റ്റോകറന്‍സി ബില്ലാണ് മറ്റൊരു ശ്രദ്ധേയമായ വിഷയം. ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചിരുന്നില്ല. ഇത്തവണ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.

അതേസമയം, വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് വാര്‍ഷിക സര്‍വേ. നടപ്പ് വര്‍ഷം കണക്കാക്കിയിരുന്നത് 9.2 ശതമാനം വളര്‍ച്ചയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.