മുംബൈ: ദേശീയഗാനത്തോട് അനാദരവ് കാണിച്ചുവെന്ന കേസില്‍ മാര്‍ച്ച് രണ്ടിന് ഹാജരാവാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് മുംബൈ കോടതി. 2021 ഡിസംബര്‍ ഒന്നിന് മുംബൈ സന്ദര്‍ശനത്തിനിടെ ദേശീയഗാനത്തെ അപമാനിച്ചുവെന്നാണ് കേസ്. മുംബൈയിലെ മസ്ഗോണ്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മമതാ ബാനര്‍ജിയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
മമത ബാനര്‍ജി മുഖ്യമന്ത്രിയാണെങ്കിലും അവര്‍ ഔദ്യോഗിക ചുമതല നിര്‍വഹിക്കാത്തതിനാല്‍ നടപടിയെടുക്കാന്‍ ഒരു അനുമതിയുടെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരന്‍ നല്‍കിയ ഡി.വി.ഡിയിലെ വീഡിയോ ക്ലിപ്പ്, യൂട്യൂബിലെ വീഡിയോ ക്ലിപ്പുകള്‍ എന്നിവയില്‍ നിന്ന് മമത ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന് പ്രഥമദൃഷ്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു.
മുംബൈ സന്ദര്‍ശിക്കുന്ന മമതാ ബാനര്‍ജി ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ദേശീയഗാനം ആലപിച്ചിരുന്നു. ഇരുന്നുകൊണ്ട് ആലാപനം തുടങ്ങിയ മമത പിന്നീട് എഴുന്നേറ്റെങ്കിലും നാലുവരി പാടി അപൂര്‍ണമായി അവസാനിപ്പിച്ച് ജയ് മറാഠാ, ജയ് ബംഗ്ലാ ജയ് ഭാരത് എന്ന് മുദ്രാവാക്യം വിളിക്കുകയാണ് ഉണ്ടായത്.
ഇരുന്നുകൊണ്ട് ആലപിക്കുന്നതും അപൂര്‍ണമായി നിര്‍ത്തുന്നതും ദേശീയ ഗാനത്തോടുള്ള അനാദരവുമാണെന്ന് കാണിച്ച് ബി.ജെ.പി പ്രവര്‍ത്തകനായ അഭിഭാഷകന്‍ വിവേകാനന്ദ് ഗുപ്തയാണ് മുംബൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.