ഉക്രെയ്ന്‍ സംഘര്‍ഷം; കിഴക്കന്‍ യൂറോപ്പില്‍ 3000 സൈനികരെ വിന്യസിക്കാനൊരുങ്ങി അമേരിക്ക; വിനാശകരമെന്ന് റഷ്യ

ഉക്രെയ്ന്‍ സംഘര്‍ഷം; കിഴക്കന്‍ യൂറോപ്പില്‍ 3000 സൈനികരെ വിന്യസിക്കാനൊരുങ്ങി അമേരിക്ക; വിനാശകരമെന്ന് റഷ്യ

വാഷിംഗ്ടണ്‍: ഏതു നിമിഷവും ഉക്രെയ്‌നില്‍ റഷ്യ ആക്രമണം നടത്തുമെന്ന ഭീതി നിലനില്‍ക്കെ, കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി അമേരിക്ക. പോളണ്ട്, റുമാനിയ, ജര്‍മനി എന്നിവിടങ്ങളിലായി മൂവായിരം സൈനികരെ അധികമായി വിന്യസിക്കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. നീക്കം വിനാശകരമെന്ന് റഷ്യ പ്രതികരിച്ചു

അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചത്. നിലവില്‍ ജര്‍മനിയിലുള്ള ആയിരം സൈനികരെ റുമാനിയയിലേക്ക് മാറ്റി വിന്യസിക്കുമെന്നും പുതിയതായി രണ്ടായിരം സൈനികരെ പോളണ്ടിലും ജര്‍മനിയിലുമായി വിന്യസിക്കുമെന്നും യു.എസ്. പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി വ്യക്തമാക്കി.

അമേരിക്കയുടെ നീക്കം വിനാശകരമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. സമാധാനശ്രമങ്ങള്‍ക്ക് നീക്കം തിരിച്ചടിയാവുമെന്നും റഷ്യന്‍ പ്രതിനിധി മുന്നറിയിപ്പു നല്‍കി. അതിനിടെ ഉക്രെയ്‌നു സമീപം ബലാറസിലും ക്രൈമിയയിലുമായി റഷ്യ കൂടുതല്‍ സൈനികവിന്യാസം നടത്തിയതായി സ്വകാര്യ അമേരിക്കന്‍ ഉപഗ്രഹ കമ്പനി അറിയിച്ചു. സംഘര്‍ഷമൊഴിവാക്കാന്‍ ചര്‍ച്ചകളിലൂടെ ശ്രമം തുടരുകയാണെന്നും റഷ്യയുടെ ഭീഷണി പൂര്‍ണമായി ഒഴിവായിട്ടില്ലെന്നും ഉക്രെയ്ന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

ആവശ്യമെങ്കില്‍ കിഴക്കന്‍ യൂറോപ്പിലേക്കു വിന്യസിക്കാന്‍ ഒരുങ്ങിയിരിക്കാന്‍ 8,500 സൈനികര്‍ക്ക് പെന്റഗണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് വീണ്ടും സൈനികരെ വിന്യസിക്കാന്‍ ഒരുങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.