പെര്‍ത്തിലെ പള്ളിയില്‍ കുര്‍ബാന തടഞ്ഞ് പോലീസിന്റെ മാസ്‌ക് പരിശോധന

പെര്‍ത്തിലെ പള്ളിയില്‍ കുര്‍ബാന തടഞ്ഞ് പോലീസിന്റെ മാസ്‌ക് പരിശോധന

പെര്‍ത്ത്: പള്ളിയില്‍ ആരാധനയ്‌ക്കെത്തിയവര്‍ മാസ്‌ക് ധരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ കുര്‍ബാന തടസപ്പെടുത്തിയ പോലീസ് നടപടിയില്‍ പ്രതിഷേധം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഇന്നലെ രാത്രിയാണു സംഭവം. മൗണ്ട് ഹത്തോണ്‍ സെന്റ് ബെര്‍ണാഡെറ്റ്സ് കത്തോലിക്ക പള്ളിയില്‍ സായാഹ്ന ശുശ്രൂഷ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് പരിശോധനയ്‌ക്കെത്തിയത്.

പള്ളിയിലെത്തിയ എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ യൂണിഫോമില്‍ അനുവാദമില്ലാതെ അകത്തേക്കു പ്രവേശിച്ച് പരിശോധന നടത്തിയത്. ഇതിനിടെ കുര്‍ബാന തടസപ്പെടുകയും ചെയ്തു. അഞ്ച് ഇടവകക്കാര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. അതില്‍ ഒരാള്‍ക്ക് ഇളവ് ഉണ്ടായിരുന്നു.

പെര്‍ത്ത്, പീല്‍, സൗത്ത് വെസ്റ്റ്, വീറ്റ്‌ബെല്‍റ്റ്, ഗ്രേറ്റ് സതേണ്‍ മേഖല എന്നിവിടങ്ങളില്‍ ഇന്‍ഡോര്‍ ചടങ്ങുകളില്‍ മാസ്‌ക് ധരിക്കണമെന്നാണു നിര്‍ദേശം. എന്നാല്‍ ചിലര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.


പള്ളിക്കുള്ളില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഇടവകാംഗങ്ങളോട് വിശദാംശങ്ങള്‍ തേടുന്നു

ഇടവകാംഗങ്ങളില്‍ ഒരാള്‍ എടുത്ത ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പള്ളിയുടെ മധ്യഭാഗത്തു നിന്ന് ആളുകളോട് വിശദാംശങ്ങള്‍ തേടുന്നത് കാണാം.

പോലീസിന്റെ അനവസരത്തിലുള്ള നടപടിയില്‍ പള്ളി അധികൃതരും ഇടവകാംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തി. 'ആളുകള്‍ക്ക് ഇതില്‍ അമ്പരപ്പും ദുഃഖവുമുണ്ട്. എന്തു കാരണത്താലും ആരാധന പോലീസ് തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് പള്ളി അംഗമായ മാത്യു പറഞ്ഞു.

അതേസമയം, പരിശോധനയെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പോലീസ് ന്യായീകരിച്ചു. മാസ്‌ക് ധരിക്കാത്ത അഞ്ച് പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഇളവുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. പള്ളിക്കുള്ളില്‍ ചിലര്‍ മാസ്‌ക് ധരിച്ചിട്ടില്ലെന്ന് വ്യാഴാഴ്ച വൈകിട്ട് ആരോ വിളിച്ചറിയിച്ചതിനെതുടര്‍ന്നാണ് പരിശോധന നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.