ബെനെദെത്തോ കസ്‌തെല്ലി: ഗലീലിയോയുടെ ശിഷ്യനും സുഹൃത്തും സഹപ്രവര്‍ത്തകനുമായ വൈദികന്‍

ബെനെദെത്തോ കസ്‌തെല്ലി: ഗലീലിയോയുടെ ശിഷ്യനും സുഹൃത്തും സഹപ്രവര്‍ത്തകനുമായ വൈദികന്‍

ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ പത്തൊമ്പതാം ഭാഗം.

ജെസിബി പോലുള്ള വാഹനങ്ങള്‍ വലിയ ഭാരങ്ങള്‍ നിസാരമായി കൈകാര്യം ചെയ്യുമ്പോള്‍ ഒരുപക്ഷെ നാം ചോദിക്കാം എങ്ങനെയാണ് ഇത് സാധിക്കുന്നത്. എങ്ങനെയാണു ഇത്ര കരുത്ത് ഈ വാഹനത്തിനു കിട്ടുന്നത്. ഭാരം വഹിക്കുക എന്നത് നമ്മുടെ ജീവിതത്തില്‍ വളരെ സാധാരണമാണ്. അതിനായി നാം നമ്മെത്തന്നെ ബലപ്പെടുത്തുന്നു.

എന്നാല്‍ മനുഷ്യന്റെ ആരോഗ്യത്തിനു ഒരിക്കലും മാറ്റാനാവാത്ത ഭാരങ്ങള്‍ ഉണ്ട്. അങ്ങനെയുള്ള ഭാരങ്ങള്‍ നീക്കാന്‍ പല തന്ത്രങ്ങളും ഉപയോഗിക്കാറുണ്ട്. കപ്പിയും കയറും അതില്‍ ഒന്നാണ്. മറ്റൊന്നാണ് ഹൈഡ്രോളിക്സ്.

ഹൈഡ്രോളിക് എന്നത് വളരെ ചെറിയ ബലം ഉപയോഗിച്ചു വലിയ ഭാരങ്ങള്‍ നീക്കാന്‍ ഉള്ള ഒരു സംവിധാനം ആണ്. ഈ സംവിധാനത്തിന്റെ ആവിര്‍ഭാവത്തിനു പിന്നിലെ കരങ്ങള്‍ ബെനെദെത്തോ കസ്‌തെല്ലി എന്ന വൈദികന്റേതാണ്.

അന്റോണിയോ കസ്‌തെല്ലി ഇറ്റലിയിലെ ബ്രെഷ്യ എന്ന സ്ഥലത്തു 1578 ലാണ് ജനിക്കുന്നത്. 1595 ല്‍ ബെനഡിക്ടൈന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് അദ്ദേഹം ബെനെദെത്തോ എന്ന പേര് സ്വീകരിച്ചു. ഈ പേരിന്റെ അര്‍ഥം അനുഗ്രഹിക്കപ്പെട്ടവന്‍ എന്നാണ്. 1604 മുതല്‍ 1607 വരെ പാദുവായിലെ ഒരു ആശ്രമത്തില്‍ നിന്ന് അദ്ദേഹം പഠിച്ചു.

ഇക്കാലയളവില്‍ ഗലീലിയോ ഗലീലി അദ്ദേഹത്തിന്റെ അധ്യാപകന്‍ ആയിരുന്നു. പഠനത്തിന് ശേഷം 1611 ല്‍ അദ്ദേഹം ഫ്‌ളോറെന്‍സ് എന്ന പട്ടണത്തില്‍ എത്തി. ഇക്കാലയളവില്‍ ഗലീലിയോയുടെ ഒഴുകി നടക്കുന്ന വസ്തുക്കളെപ്പറ്റിയുള്ള പഠനം (Discourse on Floating Bodies) പ്രസിദ്ധീകരിക്കുന്നതിലും തുടര്‍ന്ന് അതിനെതിരായ പരാമര്‍ശങ്ങളെ തിരുത്തുന്നതിലും കസ്‌തെല്ലി വളരെ സജീവമായിരുന്നു. ഇത്തരത്തില്‍ കസ്‌തെല്ലി ആദ്യം ഗലീലിയയുടെ ശിഷ്യനും പിന്നീട് സുഹൃത്തും അതിനുശേഷം സഹപ്രവര്‍ത്തകനും ആയി.

ഗലീലിയോയുടെ ഉപദേശ പ്രകാരം കസ്‌തെല്ലി പിസ യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര അധ്യാപകനായി. 1613 ലാണ് അദ്ദേഹം ഉദ്യോഗം ഏറ്റെടുക്കുന്നത്. ആ വര്‍ഷം അവസാനം പിസയിലെ ഒരു അത്താഴ അവസരത്തില്‍ കസ്‌തെല്ലി ഗലീലിയോയുടെ കോപ്പര്‍നിക്കന്‍ സിദ്ധാന്തം എപ്രകാരം ബൈബിളിലെ ചില പുസ്തകങ്ങളുമായി പ്രത്യേകിച്ച് ജോഷ്വയുടെ പുസ്തകവുമായി രമ്യതപ്പെടുത്താം എന്നതിനെക്കുറിച്ച് സഗൗരവം സംസാരിച്ചു.

ഇതറിഞ്ഞ ഗലീലിയോ അദ്ദേഹത്തിന് നീണ്ട ഒരു കത്തെഴുതി. ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഗലീലിയോ സംസാരിക്കുന്ന ഈ കത്ത് Letter to the Grand Duchess Christina എന്ന പേരില്‍ പിന്നീട് കൂടുതല്‍ വിശദീകരിച്ചു പുറത്തിറക്കി.

1626 ല്‍ അദ്ദേഹം റോമില്‍ വന്നു. പാപ്പായുടെ കീഴിലുള്ള സ്ഥലങ്ങളിലെ നദികളുടെ പരിപാലനത്തിനായിരുന്നു റോമില്‍ എത്തിയത്. ഇക്കാലയളവില്‍ തന്നെ അദ്ദേഹം റോമിലെ യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്ര അധ്യാപകന്‍ കൂടിയായി.

1628 ലാണ് കസ്‌തെല്ലി തന്റെ പ്രശസ്തമായ Della Misura dell'Acque Correnti ഒഴുകുന്ന ജലത്തിന്റെ അളവിനെക്കുറിച്ചു എന്ന പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. ഉര്‍ബാന്‍ എട്ടാമന്‍ മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചതാണ് രണ്ടു ഭാഗങ്ങള്‍ ഉള്ള ഈ പുസ്തകത്തിന്റെ ആദ്യ ഭാഗം.

ഇന്നത്തെ ഹൈഡ്രോളിക് സംവിധാനങ്ങളുടെ വളര്‍ച്ചക്ക് പിന്നിലെ ആദ്യ ചുവടുവെപ്പായി ഈ പുസ്തകത്തെ ഗണിക്കാം. വിവിധ നിറങ്ങളുടെ ചൂടിന്റെ ആഗിരണ തോതിലെ വ്യത്യാസത്തെക്കുറിച്ചും ടെലിസ്‌കോപ്പിനെക്കുറിച്ചും ഫോട്ടോമെട്രിക് വിഷയങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പഠിച്ചു.

ഒരു നിശ്ചിത സ്ഥലത്തുകൂടെ ഒരു നിശ്ചിത സമയത്തു കടന്നു പോകുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചുള്ള ആദ്യ പഠനങ്ങള്‍ നടത്തുന്നത് അദ്ദേഹമാണ്. കടന്നു പോകുന്ന സ്ഥലത്തിന്റെ വ്യാപ്തിക്കുണ്ടാകുന്ന വ്യത്യാസം എങ്ങനെ അതിന്റെ വേഗതയെ നിര്‍ണയിക്കും എന്ന് അദ്ദേഹം പഠനം നടത്തി. Torricelli എന്ന കസ്‌തെല്ലിയുടെ ശിഷ്യനാണ് പില്‍ക്കാലത്തു തന്റെ ഗുരുവിന്റെ പഠനങ്ങളുടെ വെളിച്ചത്തില്‍ ഹൈഡ്രോളിക് തിയറം രൂപപ്പെടുത്തുന്നത്.

അദ്ദേഹം തന്നെ അനുസ്മരിക്കുന്നത് പോലെ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അറിവുകളാണ് ഹൈഡ്രോളിക് പഠനങ്ങള്‍ക്ക് അദ്ദേഹത്തിന് വിളക്കായത്. കസ്‌തെല്ലിയുടെ ഹൈഡ്രോളിക് പഠനങ്ങള്‍ എല്ലാം പരീക്ഷണാര്‍ത്ഥത്തിലുള്ള പഠനങ്ങള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ ആകൃഷ്ടനായ ഗലീലിയോ അദ്ദേഹത്തിന് ഒരു പെന്‍ഡുലം സമ്മാനിച്ചു. കൂടുതല്‍ കൃത്യതയോടെ പരീക്ഷണങ്ങള്‍ നടത്തുവാന്‍.

ശാസ്ത്രവും മതവും തമ്മിലുള്ള പാരസ്പര്യത്തെപ്പറ്റി കസ്‌തെല്ലിയും ഗലീലിയോയും പരസ്പരം എഴുതിയിട്ടുള്ള കത്തുകള്‍ വളരെ പ്രശസ്തമാണ്. അവ സഭയും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ മനസിലാക്കാന്‍ വളരെ ഉപയുക്തമായ രേഖകളാണ്.

എപ്രകാരം ഒരാള്‍ക്ക് വിശ്വാസവും ശാസ്ത്രവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കും എന്നതിന്റെ സൂചനകള്‍ ഈ കത്തുകളില്‍ നിന്ന് ലഭി്ക്കും. ബാരോമീറ്റര്‍ കണ്ടുപിടിച്ച തോറിചെല്ലി, ബയോമെക്കാനിക്‌സിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ബോറെല്ലി എന്നിവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.

തത്വശാസ്ത്രവും ജ്യോതിശാസ്ത്രവുമെല്ലാം കസ്‌തെല്ലിയുടെ അഭിരുചികളില്‍ ഉള്‍പ്പെട്ടിരുന്നു. 1641 ല്‍ അദ്ദേഹം റോമില്‍ നിന്നും വെനീസ്, പിസ, ഫ്‌ളോറെന്‍സ് തുടങ്ങിയ നഗരങ്ങളില്‍ പോകുകയും ഗലീലിയോയെയും സഹ സന്യാസികളെയുമെല്ലാം അഭിവാദനം ചെയ്യുകയും ചെയ്തു. 1643 ല്‍ റോമില്‍ വെച്ചു അദ്ദേഹം നിത്യസമ്മാനത്തിനു യാത്രയായി.

ഗലീലിയോയുടെ ഉറ്റ സഹചരനാകാന്‍ മാത്രം ശാസ്ത്രവൈദഗ്ദ്യം ഉണ്ടായിരുന്ന വ്യക്തിയാണ് ബെനെദെത്തോ കസ്‌തെല്ലി. അദ്ദേഹം ഒരു വൈദികനായിരുന്നിട്ടും ഗലീലിയോ പോലുള്ള തലയെടുപ്പുള്ള ശാസ്ത്രജ്ഞരോട് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ സാധിച്ചു എന്നത് അദ്ദേഹത്തിന്റെ ഔന്നത്യം വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.