മോഡി നുണയന്‍, യോഗി ക്രൂരന്‍, ട്വിറ്ററില്‍ പൊരിഞ്ഞ പോരുമായി കേജ്രിവാള്‍ ; ചുട്ട മറുപടിയുമായി ബിജെപി

മോഡി നുണയന്‍, യോഗി ക്രൂരന്‍, ട്വിറ്ററില്‍ പൊരിഞ്ഞ പോരുമായി കേജ്രിവാള്‍ ; ചുട്ട മറുപടിയുമായി ബിജെപി


ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിന് ചുട്ടമറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. അതിഥി തൊഴിലാളികളെ നാട്ടിലേക്ക് ആട്ടിയോടിച്ച് കോവിഡ് രാജ്യത്താകെ പരത്തിയത് ഡൽഹി സര്‍ക്കാരാണെന്ന് മുമ്പൊരിക്കൽ പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. മോഡി അന്ന് പറഞ്ഞത് നുണയാണെന്ന് എഎപി പറയുന്നു. യാതൊരു പ്ലാനിംഗുമില്ലാതെയാണ് അദ്ദേഹം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ദുരിതത്തിന്റെ കാര്യത്തില്‍ മനസ്താപം കാണിക്കുന്ന വ്യക്തിയാവണം പ്രധാനമന്ത്രി. എന്നാല്‍ ഇവിടെ അദ്ദേഹം വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണ്. നാണക്കേടാണിതെന്നും എഎപി ട്വീറ്റ് ചെയ്തു.


ഇതിന് പിന്നാലെ കേജ്രിവാള്‍ അതിരൂക്ഷമായിട്ടാണ് മോഡിയെ വിമര്‍ശിച്ചത്. മഹാ നുണയാണ് മോഡി പറഞ്ഞത്. എല്ലാവരോടും ഡൽഹിയില്‍ തന്നെ തുടരാനും അവര്‍ക്കായി ഭക്ഷണവും താമസവും ഒരുക്കി കൊടുക്കാമെന്നുമാണ് പറഞ്ഞതെന്നും കേജ്രിവാള്‍ പറഞ്ഞു. അതേസമയം മോഡിക്കെതിരെയുള്ള കേജ്രിവാളിന്റെ പരാമര്‍ശത്തിനെതിരെ യോഗി ആദിത്യനാഥ് രംഗത്ത് വന്നതോടെ പ്രശ്‌നം കടുത്തിരിക്കുകയാണ്. കേജ്രിവാള്‍ പ്രധാനമന്ത്രിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ അപലപനീയമാണ്. അദ്ദേഹം രാജ്യത്തോട് മാപ്പുപറയണം. നുണ പറയുന്നതില്‍ കേജ്രിവാളിന് പ്രത്യേക മിടുക്കുണ്ടെന്നും യോഗി ആരോപിച്ചു.


കോവിഡ് പോലൊരു മഹാമാരിക്കെതിരെ ലോകം പൊരുതുമ്പോള്‍ കേജ്രിവാള്‍ അതിഥി തൊഴിലാളികളെ ഡൽഹിയില്‍ നിന്ന് ആട്ടിയോടിക്കുകയായിരുന്നു. അവര്‍ക്കുള്ള വൈദ്യുതി കണക്ഷനുകളും ജല സൗകര്യങ്ങളും മുഖ്യമന്ത്രി കട്ട് ചെയ്തു. ഇത് തൊഴിലാളികളെ ശരിക്കും ബുദ്ധിമുട്ടിലാക്കി. അവരെ ഡൽഹിയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതമാക്കിയത് ഇത്തരം കാര്യങ്ങളാണ്. ഉറങ്ങി കിടക്കുന്നവരെ പോലും യുപി അതിര്‍ത്തികളിലേക്ക് ബസ്സില്‍ എത്തിക്കുകയാണ് കേജ്രിവാള്‍ ചെയ്തത്. യുപി - ബീഹാറിലേക്കുള്ള വാഹനങ്ങളാണ് ഡൽഹി സര്‍ക്കാര്‍ തയ്യാറാക്കുമെന്ന് പറഞ്ഞത്. യുപി സര്‍ക്കാരാണ് ബസ്സ് സൗകര്യമൊരുക്കി ഇവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതെന്നും യോഗി പറഞ്ഞു.


കേജ്രിവാള്‍ നിങ്ങളാണ് യുപിയില്‍ നിന്നുള്ള തൊഴിലാളികളെ ഡൽഹിയില്‍ നിന്ന് പോകാന്‍ നിര്‍ബന്ധിതമാക്കിയത്. കോവിഡിനെ തുടര്‍ന്ന് ലോകമൊന്നാകെ ദുരിതത്തില്‍ നില്‍ക്കുമ്പോഴാണിതെന്ന് ഓര്‍ക്കണം. ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ കാര്യമാണത്. ചെറിയ കുട്ടികളെയും സ്ത്രീകളെയും പോലും യുപി അതിര്‍ത്തിയില്‍ ഉപേക്ഷിച്ചു. നിങ്ങളെ രാജ്യദ്രോഹി എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്നും യോഗി ചോദിച്ചു.


ഇതിന് ചൂടേറിയ മറുപടിയാണ് കേജ്രിവാളിൽ നിന്നും യോഗിക്ക് കിട്ടിയത്. യോഗി, ഞാന്‍ പറയുന്നത് കേള്‍ക്ക്, നീയാണ് ഈ പ്രശ്‌നം മുഴുവന്‍ ഉണ്ടാക്കിയത്. ഗംഗയില്‍ ഒഴുകി നടന്ന മൃതദേഹങ്ങള്‍ പോലെ, ഇല്ലാ കഥകള്‍ ടൈം മാഗസിനില്‍ വരുത്താനുള്ള ശ്രമത്തിലായിരുന്നു നിങ്ങള്‍. നിന്നെ പോലെ ക്രൂരനായ ഒരു ഭരണാധികാരിയെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും കേജ്രിവാള്‍ പറഞ്ഞു.


മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗതപും മോഡിക്കെതിരെ പ്രതികരിച്ചു. എങ്ങനെയാണ് കൊറോണവൈറസ് രാജ്യത്തെത്തിയത്. രാഹുല്‍ ഗാന്ധി അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചെയ്തില്ല. അതിലൂടെ കേസുകള്‍ കുറയുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. കേന്ദ്ര സര്‍ക്കാരിന് ഇതില്‍ ഒരു പങ്കുണ്ട്. ജനങ്ങള്‍ക്ക് 106 ട്രെയിനുകളാണ് ഞങ്ങള്‍ എത്തിച്ച് കൊടുത്തത്. 75 ശതമാനം നിരക്കും കുറയ്ക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ബാക്കിയുള്ള തുക ഞങ്ങള്‍ നല്‍കി. ഒപ്പം തൊഴിലാളികള്‍ക്കു ഭക്ഷണവും വെള്ളവും എത്തിച്ച് കൊടുത്തുവെന്നും ഭായ് ജഗതപ് പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും നല്‍കുന്നത് പ്രധാനമന്ത്രിയുടെ കണ്ണില്‍ തെറ്റാണ്. എങ്കില്‍ ആ തെറ്റ് നൂറ് തവണ ഞങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.