ജെനോവ: സാമ്പത്തിക അടിത്തറ പൊളിഞ്ഞു പാളീസായിട്ടും ഉത്തര കൊറിയ എങ്ങനെയാണ് കോടികള്‍ ചെലവഴിച്ച് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി ഐക്യരാഷ്ട്ര സഭ.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ക്രിപ്റ്റോ കറന്‍സി നിക്ഷേപകരെ സൈബര്‍ ആര്‍മിയെ ഉപയോഗിച്ച് കൊള്ളയടിച്ചാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.
ബ്ലോക്ക്ചെയിന്‍ ഗവേഷണ സ്ഥാപനമായ ചൈനാലിസിസ് കഴിഞ്ഞമാസം പുറത്തിറക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭ സമര്‍പ്പിച്ച രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. ലോകത്താകമാനമുള്ള ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരെ കൊള്ളയടിച്ച് 400 ദശലക്ഷം ഡോളര്‍ ഈ സംഘം കൈക്കലാക്കിയെന്നാണ് ചൈനാലിസിസ് വെളിപ്പെടുത്തിയിരുന്നത്.അതേസമയം യു.എന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്് 2020-നും 2021-ന്റെ മധ്യത്തിനും ഇടയില്‍ രാജ്യം 50 മില്യണിലധികം ഡോളര്‍ മൂല്യം വരുന്ന ഡിജിറ്റല്‍ ആസ്തികള്‍ മോഷ്ടിച്ചെന്നാണ്.
കഴിഞ്ഞ മാസം മാത്രം ഉത്തര കൊറിയ ഏഴ് മിസൈല്‍ പരീക്ഷണങ്ങളാണ് നടത്തിയതെന്നുള്ള കാര്യം ചേര്‍ത്ത് വായിക്കുമ്പോഴാണ് ഉത്തര കൊറിയയുടെ കള്ളക്കളിയുടെ ആഴം വ്യക്തമാകുന്നത്. എവിടെ നിന്നാണ് ഉത്തര കൊറിയക്ക് ഇത്രയും പണം ലഭിക്കുന്നതെന്ന ചോദ്യം ഓരോ മിസൈല്‍ പരീക്ഷണ വാര്‍ത്ത വരുമ്പോഴും ലോകരാജ്യങ്ങള്‍ ചോദിച്ചിരുന്നു. മറ്റ് രാജ്യങ്ങളൊന്നും സഹായിക്കാത്ത സാഹചര്യത്തില്‍ ഏത് അജ്ഞാത ശക്തിയാണ്, ഏത് ഉറവിടമാണ് ഉത്തര കൊറിയയ്ക്ക് പണം നല്‍കുന്നതെന്നുള്ള അന്വേഷണത്തിലായിരുന്നു അമേരിക്കയും റഷ്യയുമെല്ലാം.
ഇവര്‍ക്കൊന്നും പിടികൊടുക്കാതെ ഉത്തര കൊറിയ അത് വലിയ രഹസ്യമായി തന്നെ സൂക്ഷിച്ചു. നേരായ വഴിക്കുള്ളതല്ല ഈ പണമെല്ലാം എന്ന് ആദ്യമേ സംശയമുണ്ടായിരുന്നുവെങ്കിലും മിസൈല്‍ പരീക്ഷണത്തിന് ഉപയോഗിക്കുന്ന പണം ഉത്തര കൊറിയ കൊള്ളയടിച്ചതെന്നാണ് ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തിയിരിക്കുന്നത്.ഉപരോധ സമിതി്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഐക്യരാഷ്ട്ര സഭ ഉത്തര കൊറിയയുടെ കള്ളക്കളി വെളിപ്പെടുത്തിയത്.
ക്രിപ്‌റ്റോ കറന്‍സി കൊള്ളയ്ക്കായുള്ള ഉത്തര കൊറിയയുടെ സൈബര്‍ വാര്‍ഫെയര്‍ ഗൈഡന്‍സ് യൂണിറ്റില്‍ 6,000 ത്തിലധികം അംഗങ്ങളുണ്ടെന്നാണ് വിവരം. സൈബര്‍ ലാബുകളിലെ ബ്യൂറോ 121 എന്നറിയപ്പെടുന്ന ഈ വിദഗ്ധരെ ഉപയോഗിച്ച് 2020-21 കാലത്ത് മാത്രം അഞ്ച് കോടി ഡോളറിന്റെ ഡിജിറ്റല്‍ സ്വത്തുക്കളാണ് ഉത്തര കൊറിയ കൊള്ളയടിച്ചത്. നിക്ഷേപ സ്ഥാപനങ്ങളെയും കേന്ദ്രീകൃത എക്സ്ചേഞ്ചുകളെയും ലക്ഷ്യമിട്ടാണ് സൈബര്‍ സൈന്യത്തിന്റെ ആക്രമണം.
ശരാശരി 40 കോടി ഡോളര്‍ ആണ് ഒരൊറ്റ വര്‍ഷത്തില്‍ ഇവര്‍ കൊള്ളയടിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മോഷണ മൂല്യത്തില്‍ 40 ശതമാനം വര്‍ദ്ധന ഇക്കൊല്ലം രേഖപ്പെടുത്തിയിട്ടുണ്ടന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. 2010-ലും സമാനമായ വിവരം ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തിയിരുന്നു. മാരകായുധങ്ങള്‍ നിര്‍മിക്കുന്നതിനായി രണ്ട് ബില്യന്‍ ഡോളര്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തുവെന്നാണ് അന്ന് യു എന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.