തൃശൂര്‍: അതിരപ്പിളളിയില്‍ വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ സോളാര്‍ റെയില്‍ ഫെന്‍സിങ്ങുകളും ആനമതിലും സ്ഥാപിക്കുമെന്ന് പട്ടിക ജാതി- പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഉടന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. അതിരപ്പിളളിയില്‍ അഞ്ചു വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ തൃശൂര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റേതാണ് തീരുമാനം. 
കൂടാതെ വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി വോളന്ററി ഫോഴ്സ് രൂപീകരിക്കും. വനപാലകരുടെ സേവനം കാര്യക്ഷമമാക്കി വ്യത്യസ്ത രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കും. ആവശ്യമുളളയിടങ്ങളില്‍ ട്രഞ്ച്, ആനമതില്‍ എന്നിവ സ്ഥാപിക്കും. വനം വകുപ്പ് ജീവനക്കാരുടെ അംഗ സംഖ്യ വര്‍ധിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. മേഖലയില്‍ അപകടകാരികളായി മൂന്ന് കാട്ടാനകളാണ് ഉളളതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. അവയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കാനും തീരുമാനമായി.
കാട്ടാനകളുടെ ആക്രമണത്തിനെതിരെ ശാശ്വത നടപടിയാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ റോഡ് ഉപരോധ സമരം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായിട്ടായിരുന്നു സര്‍വകക്ഷി യോഗം. സര്‍വകക്ഷിയോഗത്തില്‍ ചാലക്കുടി എംഎല്‍എ ടിജെ സനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പികെ ഡേവീസ്, കളക്ടര്‍ ഹരിത വി കുമാര്‍ എന്നിവരും പങ്കെടുത്തു. തിങ്കളാഴ്ചയാണ് അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. പുത്തന്‍ചിറ സ്വദേശി നിഖിലിന്റെ മകള്‍ ആഗ്നെലിയ ആണ് മരിച്ചത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.