ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സിറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ അത്മായർക്ക് വേണ്ടി ആരംഭിച്ച ദൈവശാസ്ത്ര ഇൻസ്റ്റിട്യൂട്ടിൽ നിന്നുമുള്ള പ്രഥമ ബാച്ച് വിജയകരമായി പഠനം പൂർത്തിയാക്കി. മൂന്ന് വർഷം നീണ്ടു നിന്ന പഠന പദ്ധതിയിലൂടെ നാല്പത്തിയാറ് അത്മായരാണ് ശനിയാഴ്ച വൈകുന്നേരം ചിക്കാഗോ കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന ബിരുദദാന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ ഏറ്റ് വാങ്ങിയത്.
വിദ്യാർഥികളും മെത്രാന്മാരും അധ്യാപകരും കത്തിച്ച് പിടിച്ച തിരികളുമായി പ്രദക്ഷിണമായി പാരിഷ്ഹാളിൽ എത്തി. വിദ്യാർഥികൾ നടത്തിയ പ്രാർത്ഥനാ ഗാനത്തോടെ സമ്മേളനം ആരംഭിച്ചു. ഫാ തോമസ് കടുകപ്പിള്ളിൽ സ്വാഗതപ്രസംഗവും മാർ ജേക്കബ് അങ്ങാടിയത്ത്,മാർ ജോയ് ആലപ്പാട്ട് എന്നിവർ ആശംസാ പ്രസംഗങ്ങളും നടത്തി. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ ഡോ ആൻഡ്രുസ് മേക്കാട്ടുകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. സൂം വഴിയാണ് അദ്ദേഹം സമ്മേളനത്തിൽ സംബന്ധിച്ചത്. റവ ഡോ ജോർജ് ദാനവേലിൽ ക്ലാസ് അംഗീകാരത്തിനായി സമർപ്പിക്കുകയും റവ ഡോ ആൻഡ്രുസ് മേക്കാട്ടുകുന്നേൽ ക്ലാസ്സ് സ്വീകരിക്കുകയും ചെയ്തതിന് ശേഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ മാർ ജേക്കബ് അങ്ങാടിയത്തിനോട് അപേക്ഷിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സിസിലി വർക്കി, ജോപ്പൻ ജോസഫ് എന്നിവർ നടത്തിയ മറുപടി പ്രസംഗത്തിന് ശേഷം ജോർജ് അമ്പാട്ട് നന്ദി പ്രകാശനം നടത്തി. തുടർന്ന് നടന്ന അത്താഴവും കേക്ക് മുറിക്കൽ ചടങ്ങും സമ്മേളനത്തിന് സമാപ്തി കുറിച്ചു.
ചിക്കാഗോ രൂപതയുടെ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് എന്നിവരുടെ പൂർണ്ണ പിന്തുണ ദൈവശാസ്ത്ര വിദ്യാർത്ഥികൾക്ക് തികഞ്ഞ പ്രോത്സാഹനമായിരുന്നു. മൂന്ന് വർഷം മുൻപ് തൊണ്ണൂറ് പേർ ചേർന്ന് ആരംഭിച്ച യാത്രയാണ്, നാല്പത്തിയാറ് പേർ ചേർന്ന് അവസാനിപ്പിച്ചത്. വിവിധങ്ങളായ കഴിവുകളും ആഭിമുഖ്യങ്ങളും വിവിധ തുറകളിൽ ജോലി ചെയുന്നവരുമായവർ ഒരേ മനസ്സോടെ അധ്വാനിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായാണ് നാല്പത്തിയാറ് അത്മായർ ക്യാപ്പും ഗൗണും അണിഞ്ഞ്, പ്രൗഢിയോടെ ഇടവക ജനങ്ങൾക്ക് മുൻപാകെ സഭയുടെ അഭിമാനമായി അണിനിരന്നത്. ഇതിൽ ഏഴ് ദമ്പതികളും ഉൾപ്പെടുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമാണ് അത്മായർക്ക് സഭയിൽ പ്രാതിനിധ്യം ഏറിയത്. ദൈവശാസ്ത്രം പഠിക്കുന്നത് ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഒരു കാലഘട്ടത്തിൽനിന്നും, ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും എടുക്കുകയും ദൈവശാസ്ത്രം പഠിപ്പിക്കുകയും ചെയുന്നവരായി മാറിയിരിക്കുന്നു അത്മായർ. സഭയിൽ അത്മായരുടെ പങ്ക് ഏറിവരികയാണ്. അത്മായർക്ക് ദൈവ ശാസ്ത്രം പഠിക്കാൻ ഇന്ന് പല കേന്ദ്രങ്ങളും സഭയുടേതായിട്ടുണ്ട്.
പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിലുള്ള , ചിക്കാഗോയിലെ മാർ തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ ദൈവശാസ്ത്ര പഠനം സജ്ജീകരിച്ച് സാധ്യമാക്കിയത്. മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയ് ആലപ്പാട്ട് എന്നിവർ രക്ഷാധികാരികളായിട്ടുള്ള ഇൻസ്റ്റിട്യൂട്ടിന്റെ അഡ്മിനിസ്ട്രേറ്റർ ഫാ തോമസ് കടുകപ്പിള്ളിൽ, ഡയറക്ടർ റവ ഡോ ജോർജ് ദാനവേലിൽ എന്നിവരാണ്. തോമസ് മൂലയിൽ, ജോർജ് അമ്പാട്ട് എന്നിവർ കോർഡിനേറ്റർമാരായിരുന്നു. കൂടാതെ വിവിധ കമ്മറ്റികളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് ചടങ്ങ് അതിമനോഹരമാക്കിയത്.
ഇരുപത്തിനാല് കോഴ്‌സുകളാണ് ഈ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. സൂം വഴിയും അല്ലാതെയും ക്ലാസുകൾ നടത്തപ്പെട്ടു.
ഓരോ കോഴ്‌സും വിജയകരമായി പൂർത്തിയാക്കാൻ നിർദേശിക്കപ്പെട്ട വിഷയങ്ങളിൽ ഉപന്യാസവും ക്ലാസ്സിൽ അവതരണവും രണ്ട് മണിക്കൂറിനുള്ളിൽ എഴുതി തീർക്കേണ്ട പരീക്ഷയും ഉണ്ടായിരുന്നു. തികഞ്ഞ അർപ്പണ മനോഭാവത്തോടും തീഷ്ണതയോടുംകൂടി, തികഞ്ഞ സമയപരിമിതിക്കുള്ളിൽ ഈ ജോലികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.