ഹിജാബ് വിഷയം: ഹര്‍ജിയില്‍ തീര്‍പ്പാകും വരെ കോളേജുകളില്‍ മതപരമായ വേഷം ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി

ഹിജാബ് വിഷയം: ഹര്‍ജിയില്‍ തീര്‍പ്പാകും വരെ കോളേജുകളില്‍ മതപരമായ വേഷം ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗ്‌ളൂരു: ഹിജാബ് വിഷയത്തില്‍ വിധി വരും വരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കോടതി. കര്‍ണാടക ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തില്‍ അടച്ചു പൂട്ടിയ കോളേജുകള്‍ തുറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കുട്ടികളുടെ അധ്യായനം മുടക്കാതെ അവര്‍ക്ക് കോളേജുകളില്‍ പോകാനുള്ള സൗകര്യം ഒരുക്കണം. അതിനായി ഒരു ഇടക്കാല ഉത്തരവ് ഇറക്കണം എന്നായിരുന്നു വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ പ്രധാനമായും വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ മതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ച് കോളേജിലോ സ്‌കൂളിലോ പോകാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

ഹിജാബുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ഇത്തരത്തില്‍ കുട്ടികള്‍ക്ക് കോളേജില്‍ പോകാവുന്നതാണ്. തിങ്കളാഴ്ച വീണ്ടും ഹര്‍ജിയില്‍ വാദം തുടരും. അത് കഴിഞ്ഞ് മാത്രമേ തീര്‍പ്പുണ്ടാവുകയുള്ളൂ. എത്രയും പെട്ടെന്ന് ഹര്‍ജി തീര്‍പ്പാക്കാനാണ് കര്‍ണാടക ഹൈക്കോടതി ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ വിദ്യാര്‍ഥികളും രാഷ്ട്രീയ സംഘടനകളും സംയമനം പാലിക്കണമെന്ന് കോടതി അറിയിച്ചു.

ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗ്‌ളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.