അനുദിനം ഏറി പിരിമുറുക്കം; ബെലാറസുമായി ചേര്‍ന്നുള്ള സൈനികാഭ്യാസം തുടങ്ങി റഷ്യ

അനുദിനം ഏറി പിരിമുറുക്കം; ബെലാറസുമായി  ചേര്‍ന്നുള്ള സൈനികാഭ്യാസം തുടങ്ങി റഷ്യ

മിന്‍സ്‌ക്:ഉക്രെയ്ന്‍ മേഖലയിലെ പിരിമുറുക്കം ഉച്ചസ്ഥായിയിലാക്കി ബെലാറസുമായി ചേര്‍ന്നുള്ള സൈനികാഭ്യാസം ആരംഭിച്ച് റഷ്യ. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ റഷ്യയും ബെലാറസുമായുള്ളത് 10 ദിവസത്തെ സംയുക്ത സൈനികാഭ്യാസമാണ്. റഷ്യയുടെ അടുത്ത സഖ്യകക്ഷിയാണ് ബെലാറസ്, ഉക്രെയ്‌നുമായി നീണ്ട അതിര്‍ത്തിയുള്ള രാജ്യം.

മുന്‍ സോവിയറ്റ് രാജ്യമായ ബെലാറസില്‍ ശീതയുദ്ധത്തിനുശേഷമുള്ള റഷ്യയുടെ ഏറ്റവും വലിയ സൈനിക, ആയുധ വിന്യാസമാണ് സംയുക്ത അഭ്യാസത്തിലേതെന്ന് നാറ്റോ പറയുന്നു.അക്രമത്തിനുള്ള സൂചന നല്‍കുന്ന സംയുക്ത അഭ്യാസമാണിതെന്ന് ഫ്രാന്‍സ് അഭിപ്രായപ്പെട്ടു.തങ്ങളുടെ മാനസിക സമ്മര്‍ദ്ദം വീണ്ടും ഉയര്‍ത്തുന്നുന്ന സാഹചര്യമാണുള്ളതെന്ന് ഉക്രെയ്ന്‍ സമ്മതിച്ചു.

ഉക്രെയ്ന്‍ മേഖലയിലെ പിരിമുറുക്കം ഏറിയതോടെ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് യൂറോപ്പ് അഭിമുഖീകരിക്കുന്നതെന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.അതേസമയം, അതിര്‍ത്തിയില്‍ 100,000 സൈനികരെ വിന്യസിച്ചിട്ടും ഉക്രെയ്‌നെ ആക്രമിക്കാനുള്ള പദ്ധതികളൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു റഷ്യ. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടായേക്കാമെന്ന് യു.എസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി.

ഉക്രെയ്നുമായുള്ള ബെലാറഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് 1,000 കിലോമീറ്ററിലധികം നീളത്തില്‍ കിടക്കുന്ന പ്രദേശങ്ങളിലാണ് അലൈഡ് റിസോള്‍വ് 2022 എന്നറിയപ്പെടുന്ന സംയുക്ത അഭ്യാസങ്ങള്‍ അരങ്ങേറുന്നത്.റഷ്യന്‍ സൈന്യത്തിന് ഉക്രേനിയന്‍ തലസ്ഥാനമായ കീവിനോട് അടുക്കാനും നഗരത്തിന് നേരെയുള്ള ആക്രമണം എളുപ്പമാക്കാനും വഴി തെളിക്കുന്നുണ്ട് അലൈഡ് റിസോള്‍വ് 2022 എന്ന് നിരീക്ഷകര്‍ പറയുന്നു.



ലുകാഷെങ്കോ പുടിന്റെ കീശയില്‍

ബെലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഉറച്ച സഖ്യകക്ഷിയാണ്. സാമ്പത്തികവും സൈനികവുമായ ഏകീകരണ പരിപാടികളുമായി ഇരു രാജ്യങ്ങളും 'യൂണിയന്‍ സ്റ്റേറ്റ്' എന്ന് സ്വയം വിളിക്കുന്നുമുണ്ട്. തര്‍ക്കം ബാക്കിയായ 2020 ലെ തിരഞ്ഞെടുപ്പിന് ശേഷം ക്രെംലിന്‍ ലുകാഷെങ്കോയെയാണ് പിന്തുണച്ചത്. ഇത് ബെലാറസില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഏകദേശം 30,000 റഷ്യന്‍ സൈനികര്‍ ബെലാറസുമൊത്തുള്ള അഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പറയുന്നു.അതേസമയം, പങ്കെടുക്കുന്നവരുടെ കൃത്യമായ എണ്ണം മോസ്‌കോയും മിന്‍സ്‌കും വെളിപ്പെടുത്തിയിട്ടില്ല.

റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, 'പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ ബാഹ്യ ആക്രമണത്തെ ചെറുക്കുക' എന്നതാണ് സൈനിക അഭ്യാസങ്ങളുടെ ലക്ഷ്യം. അതിര്‍ത്തി സംരക്ഷിക്കുന്നതിനും ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കുമുള്ള ഡെലിവറി ചാനലുകള്‍ സുഗമമാക്കുന്നതിനും സൈനിക അഭ്യാസങ്ങള്‍ ഉപകരിക്കും.

നിലവിലുള്ള ഉടമ്പടി പ്രകാരം സ്വന്തം പ്രദേശത്തു മാത്രമല്ല സഖ്യകക്ഷികളുടെ പ്രദേശത്തും തങ്ങളുടെ സൈന്യത്തെ സ്വതന്ത്രമായി നീക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് റഷ്യ ചൂണ്ടിക്കാട്ടുന്നു.ബെലാറസിലുള്ള സൈനികര്‍ അഭ്യാസത്തിന് ശേഷം അവരുടെ താവളങ്ങളിലേക്ക് മടങ്ങുമെന്നും റഷ്യ പറയുന്നു.

റഷ്യയും ബെലാറസും 'അഭൂതപൂര്‍വമായ ഭീഷണികളെ അഭിമുഖീകരിക്കുന്ന' സാഹചര്യത്തില്‍ സംയുക്ത അഭ്യാസങ്ങള്‍ ഗൗരവതരമാണെന്ന് ക്രെംലിന്‍ വക്താവ് പറഞ്ഞു. അതേസമയം, കരിങ്കടലിലും അസോവ് കടലിലും റഷ്യ നടത്തുന്ന നാവിക അഭ്യാസങ്ങള്‍ തങ്ങളെ വല്ലാതെ ക്ലേശിപ്പിക്കുന്നതായി കീവ് പരാതി പറയുന്നുണ്ട്. അന്താരാഷ്ട്ര ഷിപ്പിംഗ് മാനദണ്ഡങ്ങള്‍ ലംഭിച്ചാണ് ഉക്രെയ്‌നിന്റെ തെക്കന്‍ ഭാഗത്തെ അഭ്യാസം. ഇത് മൂലം രണ്ട് കടലുകളിലും നാവിഗേഷന്‍ 'ഫലത്തില്‍ അസാധ്യമായിരിക്കുന്നു'.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.