രാഷ്ട്രീയ വേഷം അഴിച്ചുവെച്ച ഓസ്‌ട്രേലിയന്‍ മുന്‍ പ്രീമിയര്‍ ടെലികോം കമ്പനി നേതൃത്വത്തില്‍

രാഷ്ട്രീയ വേഷം അഴിച്ചുവെച്ച ഓസ്‌ട്രേലിയന്‍ മുന്‍ പ്രീമിയര്‍ ടെലികോം കമ്പനി നേതൃത്വത്തില്‍

സിഡ്നി: ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ സ്ഥാനത്തിരുന്ന് പുരുഷ സുഹൃത്തിനായി അധികാര ദുര്‍വിനിയോഗം നടത്തി ഒടുവില്‍ രാജിവയ്‌ക്കേണ്ടി വന്ന ഗ്ലാഡിസ് ബെറജക്ലിയന്‍ പുതിയ ചുമതലയില്‍. ന്യൂ സൗത്ത് വെയില്‍സ് മുന്‍ പ്രീമിയറായിരുന്ന ഗ്ലാഡിസ് രാജിവച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയന്‍ ടെലികോം രംഗത്തെ ഭീമനായ ഒപ്റ്റസില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിതയായത്. സജീവ രാഷ്ട്രീയം വിട്ടശേഷം ഗ്ലാഡിസ് സ്വീകരിക്കുന്ന ആദ്യ സ്ഥാനമാണിത്.

കമ്പനിയില്‍ പുതുതായി സൃഷ്ടിച്ച മാനേജിംഗ് ഡയറക്ടര്‍ ചുമതലയിലാണ് ഗ്ലാഡിസ് ബെറജിക്ലിയന്‍ നിയമിതയായത്. ടെല്‍കോ മേഖലയുടെ നേതൃത്വത്തിലുള്ള പുതിയ ചുമതലയില്‍ ഏറെ സന്തോഷമുണ്ടെന്ന് 51 വയസുകാരിയായ ഗ്ലാഡിസ് പറഞ്ഞു.

പ്രീമിയറായിരുന്ന കാലത്ത് മികച്ച നേതാവാണെന്ന് തെളിയിച്ച വ്യക്തിയാണ് ഗ്ലാഡിസെന്ന് ഒപ്റ്റസ് സി.ഇ.ഒ കെല്ലി ബയേര്‍ റോസ്മറിന്‍ പറഞ്ഞു. പുതിയ ചുമതലയില്‍ അവര്‍ ശോഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കെല്ലി ബയേര്‍ പറഞ്ഞു.

പുരുഷ സുഹൃത്തുമായുള്ള വഴിവിട്ട ബന്ധം അധികാര ദുര്‍വിനിയോഗത്തിന് ഉപയോഗിച്ചതാണ് മുന്‍ പ്രീമിയറുടെ രാജിയിലേക്കു നയിച്ചത്. വാഗ വാഗ മുന്‍ എം.പിയായ ഡാരില്‍ മഗ്വെയറുമായുള്ള അടുപ്പമാണ് വിവാദമായത്. ഡാരിലിനു വേണ്ടി പദ്ധതികള്‍ അനധികൃതമായി അനുവദിക്കുന്നതടക്കം ഗ്ലാഡിസ് ബെറജക്ലിയന്‍ തന്റെ പ്രീമിയര്‍ സ്ഥാനം ദുരുപയോഗം ചെയ്തതായി അഴിമതിക്കെതിരായ സ്വതന്ത്ര കമ്മിഷന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്വേഷണത്തിനിടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് പ്രീമിയര്‍ സ്ഥാനം ഗ്ലാഡിസ് രാജിവച്ചത്.

അതിനിടെ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ന്നതും മുന്‍ പ്രീമിയര്‍ക്കു ക്ഷീണമായി. 2020-ല്‍ ഗ്ലാഡിസും ഒരു ഫെഡറല്‍ മന്ത്രിയും തമ്മിലുള്ള ഫോണ്‍ സന്ദേശങ്ങളാണ് പുറത്തായത്. പ്രധാനമന്ത്രിയെ സഹിക്കാന്‍ കഴിയാത്ത വ്യക്തി എന്ന് ഗ്ലാഡിസ് ബെറജക്ലിയന്‍ വിശേഷിപ്പിക്കുന്നു. 'പ്രധാനമന്ത്രി ഒരു സൈക്കോ' ആണെന്ന് മന്ത്രി ഇതിന് മറുപടി നല്‍കുന്നു. പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരിച്ചില്ല.

അതേസമയം, സന്ദേശങ്ങള്‍ തനിക്ക് ഓര്‍മ്മയില്ലെന്നും നേതാവെന്ന നിലയില്‍ പ്രധാനമന്ത്രിക്ക് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നുമാണ് വിവാദങ്ങള്‍ക്ക് ഗ്ലാഡിസ് മറുപടി പറഞ്ഞത്.

2003-ല്‍ സിഡ്നിയിലെ വില്ലോബി സംസ്ഥാനത്തുനിന്നാണ് ഗ്ലാഡിസ് തിരഞ്ഞെടുക്കപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26