ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ 21-ന് തുറക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി

ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ 21-ന് തുറക്കാനുള്ള  തീരുമാനം അഭിനന്ദനാര്‍ഹമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: ഫെബ്രുവരി 21 മുതല്‍ രാജ്യാന്തര അതിര്‍ത്തികള്‍ തുറക്കാനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയത് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അതിര്‍ത്തികള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്കു മടങ്ങാന്‍ വഴിയൊരുക്കുമെന്ന് എസ്. ജയശങ്കര്‍ പ്രതികരിച്ചു. രണ്ടു വര്‍ഷത്തിനു ശേഷമാണ് ഓസ്‌ട്രേലിയ അതിര്‍ത്തികള്‍ തുറക്കുന്നത്.

ഫെബ്രുവരി 21 മുതല്‍ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ വിസയുള്ള എല്ലാവര്‍ക്കും ഓസ്‌ട്രേലിയയില്‍ എത്താന്‍ സാധിക്കും. രണ്ട് കോവിഡ് വാക്‌സിനുകള്‍ എടുത്തവര്‍ക്കാണ് രാജ്യത്തേക്കു പ്രവേശനമുള്ളത്. ഓസ്‌ട്രേലിയ ഉള്‍പ്പെടെ നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ മെല്‍ബണിലാണ് ഇപ്പോള്‍ എസ്. ജയശങ്കറുള്ളത്.

ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ പുതിയ തീരുമാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഗുണം ചെയ്യും. താല്‍കാലിക വിസയുള്ളവര്‍, വേര്‍പിരിഞ്ഞ കുടുംബങ്ങള്‍, ഇന്ത്യയില്‍ തിരിച്ചെത്താന്‍ കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്ക് പുതിയ തീരുമാനം ഏറെ ആഹ്‌ളാദം നല്‍കുന്നതാണ്. വളരെ അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്‌നും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് എസ്. ജയശങ്കര്‍ അതിര്‍ത്തി തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തത്.

കഴിഞ്ഞ നവംബറില്‍ പൗരന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ ഓസ്‌ട്രേലിയ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 2,500 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഓസ്ട്രേലിയയില്‍ പഠനം ആരംഭിച്ചതായി ഓസ്ട്രേലിയന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019-നെ അപേക്ഷിച്ച് 83 ശതമാനം കുറവാണിത്. 2019-20 കാലയളവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഓസ്ട്രേലിയയുടെ സമ്പദ്വ്യവസ്ഥക്ക് 6.6 ഓസ്ട്രേലിയന്‍ ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്തതായി സിഡ്നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.