മോസ്‌കോ: കോവിഡ് പരിശോധനക്ക് സമ്മതിക്കാത്തതിനാല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ നീളന്‍ മേശയുടെ അപ്പുറമിരുത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ ചര്‍ച്ച നടത്തിയത് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളായി നിറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മോസ്‌കോയില്‍ ഇരു നേതാക്കളും നീളന്‍ മേശയുടെ അറ്റത്തിരുന്ന് ചര്‍ച്ച നടത്തിയത്. ഉക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായിട്ടായിരുന്നു മാക്രോണിന്റെ സന്ദര്‍ശനം. ഇരുനേതാക്കളും ഏറെ ദൂരത്തിരുന്ന് ചര്‍ച്ച നടത്തുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയായിരുന്നു.
പ്രത്യേകിച്ച് മൂന്നു ദിവസത്തിന് ശേഷം കസാഖിസ്ഥാന്‍ പ്രസിഡന്റ് വന്നപ്പോള്‍ ചെറിയ മേശയിലിരുന്നാണ് പുടിന്‍ ചര്‍ച്ച നടത്തിയത്. ഇതോടെ പുടിന്‍-മാക്രോണ്‍ ചര്‍ച്ചയിലെ മേശ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയായി. തുടര്‍ന്ന് നീളന്‍ മേശയുടെ പിന്നിലെ രഹസ്യം വെള്ളിയാഴ്ച റഷ്യ വെളിപ്പെടുത്തുകയായിരുന്നു. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും കോവിഡ് പരിശോധനയ്ക്ക് മാക്രോണ്‍ തയാറാകാത്തതിനാലാണ് കോവിഡ് മാനദണ്ഡപ്രകാരമുള്ള അകലം പാലിച്ച് ചര്‍ച്ച നടത്തേണ്ടിവന്നതെന്ന് പുടിന്റെ വക്താവ് ദിമിത്രി പെക്സോവ് പറഞ്ഞു. ടേബിളിന്റെ നീളം 20 അടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയില്‍ കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പ്രസിഡന്റിന്റെ ഡി.എന്‍.എ ഘടന അവര്‍ മനസിലാക്കുമെന്ന സംശയത്തിലാണ് ഫ്രഞ്ച് അധികൃതര്‍ പരിശോധനയ്ക്കു വിസമ്മതിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുറപ്പെടും മുന്‍പ് മാക്രോണ്‍ കോവിഡ് പരിശോധന നടത്തിയിരുന്നുവെന്നും സമയപരിമിതിയും ആരോഗ്യ സ്വകാര്യതയും പരിഗണിച്ചാണു റഷ്യയിലെ ടെസ്റ്റിനു വിസമ്മതിച്ചതെന്നും ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു.
ആതിഥേയരുമായി സഹകരിക്കാതെ ചിലര്‍ സ്വന്തം രീതികള്‍ പിന്തുടരുകയാണെന്ന് ദിമിത്രി പെക്സോവ് പറഞ്ഞു. ഈ സാഹചര്യത്തില്‍ തങ്ങളുടെ പ്രസിഡന്റിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് കൂടൂതല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ദിമിത്രി ചൂണ്ടിക്കാട്ടി. അതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവശത്തെയും ഡോക്ടര്‍മാര്‍ സഹകരിക്കുകയാണെങ്കില്‍ നയതന്ത്രചര്‍ച്ചകളില്‍ പുടിന്‍ അടുത്തടുത്തായി ഇരിക്കാറുണ്ടെന്നും കൈ കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.