ലൂക്കാ പച്ചോളി: സാമ്പത്തിക ശാസ്ത്രം വളര്‍ത്തിയ ദാരിദ്ര്യ വ്രതക്കാരന്‍

ലൂക്കാ പച്ചോളി: സാമ്പത്തിക ശാസ്ത്രം വളര്‍ത്തിയ ദാരിദ്ര്യ വ്രതക്കാരന്‍

ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഇരുപതാം ഭാഗം.

ശാസ്ത്രം എന്ന് പറയുമ്പോള്‍ നാമെല്ലാം ആദ്യം ചിന്തിക്കുന്നത് രസതന്ത്രം, ഊര്‍ജ്ജതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളാണ്. മാനവിക ശാസ്ത്രങ്ങള്‍ പലപ്പോഴും നാം ശാസ്ത്രമായി പരിഗണിക്കാറില്ല. സാമ്പത്തിക ശാസ്ത്രം പോലുള്ള വിഷയങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അത് ഒരു ശാസ്ത്രമായി നമ്മളില്‍ പലരും ചിന്തിക്കാറില്ല.

ചിട്ടയോടും ശാസ്ത്രീയമായ രീതിയിലും പഠിക്കപ്പെടുമ്പോള്‍ മാനവിക വിഷയങ്ങളും ശാസ്ത്രമാകും. ഇന്ന് നമ്മള്‍ പരിചയിക്കുന്ന അക്കൗണ്ടിംഗ് മേഖലയെ ഇപ്രകാരം ആക്കുന്നതില്‍ വലിയ പങ്കു വഹിച്ച ഒരാളാണ് ലൂക്കാ പച്ചോളി. അക്കൗണ്ടിംഗിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിത-ശാസ്ത്ര സംഭാവനകള്‍ നമുക്ക് പരിചയപ്പെടാം.

1446 നും 1448 നും മധ്യേ ഇറ്റലിയിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസം വളരെ പരിമിതമായിരുന്നു. അന്നത്തെ പ്രധാന വിദ്യാഭ്യാസം ലാറ്റിന്‍ ഭാഷയില്‍ ആയിരുന്നു. എന്നാല്‍ പച്ചോളി തദ്ദേശീയ ഭാഷയില്‍ ആണ് വിദ്യാഭ്യാസം നേടിയത്. ഇത് പ്രധാനമായും കച്ചവടക്കാരെ ഉദ്ദേശിച്ചുള്ള അടിസ്ഥാന വിദ്യാഭ്യാസം ആയിരുന്നു.

1464 ല്‍ അദ്ദേഹം വെനീസിലേക്ക് മാറി. അവിടെ ഒരു കച്ചവടക്കാരന്റെ മൂന്നു മക്കള്‍ക്ക് ട്യൂഷന്‍ എടുത്തു. കണക്ക് പറഞ്ഞുകൊടുത്തിരുന്ന ഈ കുട്ടികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യമായി ഒരു പുസ്തകം രചിക്കുന്നത്. തുടര്‍ന്ന് 1475 ല്‍ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു ഒരു സന്യാസിയായി.

1475 ല്‍ ലൂക്കാ പച്ചോളി പെറുജിയായില്‍ പഠിപ്പിക്കാന്‍ ആരംഭിച്ചു. അന്നത്തെ നാട്ടുഭാഷയില്‍ ആയിരുന്നു പഠിപ്പിച്ചത്. ഗണിത ശാസ്ത്രം ആയിരുന്നു പ്രധാന വിഷയം. 1494 ല്‍ അദ്ദേഹം തന്റെ ആദ്യ പ്രമുഖ പുസ്തകം പ്രസാധനം ചെയ്തു. Summa de arithmetica, geometria, Proportioni et proportionalita എന്നാണ് അതിന്റെ പേര്. ഈ പുസ്തകം അന്നുവരെയുള്ള എല്ലാ ഗണിതശാസ്ത്ര അറിവുകളെയും ഉള്‍ക്കൊള്ളുകയും അതോടൊപ്പം അദ്ദേഹത്തിന്റേതായ ആശയങ്ങളെക്കൂടി അവതരിപ്പിക്കുകയും ചെയ്യുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തമായ ആശയങ്ങള്‍ ഈ പുസ്തകത്തില്‍ വളരെ കുറവാണ്. ഇതിനെ തുടര്‍ന്ന് മിലാനില്‍ ഗണിതം പഠിപ്പിക്കാന്‍ ക്ഷണം ലഭിച്ചു. ഇത് അദ്ദേഹം സ്വീകരിക്കുകയും അവിടെ പോകുകയും ചെയ്തു. ഇക്കാലത്തു പച്ചോളി ലിയനാര്‍ഡോ ഡാവിഞ്ചിയെ ഗണിതം പഠിപ്പിക്കുകയും അദ്ദേഹത്തോട് സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. ഫ്രാന്‍സിലെ ലൂയി പന്ത്രണ്ടാമന്‍ രാജാവ് മിലാന്‍ പിടിച്ചെടുത്തപ്പോള്‍ അവര്‍ ഇരുവരും അവിടെ നിന്ന് രക്ഷപെട്ടു. ഏറെ താമസിക്കാതെ അവരുടെ പാതകള്‍ വ്യത്യസ്തമായി.

ഒരുമിച്ചായിരുന്ന കാലത്ത് ലൂക്കാ പച്ചോളി ഡാവിഞ്ചിയോടൊപ്പം തന്റെ രണ്ടാമത്തെ പുസ്തകത്തിന് രൂപം നല്‍കി. divina proportione എന്നാണ് പുസ്തകത്തിന്റെ പേര്. ഇതിന്റെ ചിത്രങ്ങള്‍ വരച്ചു നല്‍കിയത് ഡാവിഞ്ചി ആണ്. ചരിത്രത്തില്‍ തന്നെ മറ്റൊരു ഗണിതശാസ്ത്രജ്ഞനും ഇത്രയും മികച്ച ഒരു ചിത്രകാരനെ തന്റെ പുസ്തകത്തിന് ചിത്രങ്ങള്‍ വരയ്ക്കാന്‍ കിട്ടിയിട്ടുണ്ടാവില്ല. ഗോള്‍ഡന്‍ റേഷ്യോ പോലുള്ള പ്രധാന കാര്യങ്ങള്‍ ഈ പുസ്തകത്തിലാണ് അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. A:B= B:(A+B) എന്നതാണ് ഗോള്‍ഡന്‍ റേഷ്യോ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഡാവിഞ്ചിക്ക് ഈ തിയറത്തോട് തോന്നിയ ഗണിതശാസ്ത്ര പരവും സൗന്ദര്യശാസ്ത്ര പരവുമായ താല്‍പര്യം ഈ പുസ്തകത്തെ ഏറെ വിലപ്പെട്ടതാക്കുന്നു. De ludo scachorum എന്ന പേരില്‍ അദ്ദേഹം ചെസ് കളിയെപ്പറ്റി എഴുതിയ ഒരു പുസ്തകവും 2006 ല്‍ കണ്ടെത്തുകയുണ്ടായി. ഈ പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചതും ചെസ് ബോര്‍ഡിലെ കരുക്കള്‍ രൂപപ്പെടുത്തിയതുമെല്ലാം ലിയനാര്‍ഡോ ഡാവിഞ്ചിയാണ്.

അക്കൗണ്ടിംഗില്‍ ജേര്‍ണല്‍, ലെഡ്ജര്‍, വാര്‍ഷിക കണക്കിന്റെ രീതികള്‍, റൂള്‍ 72 (നാപിയേര്‍, ബ്രിഗ്‌സ് എന്നിവര്‍ക്ക് 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ്), മിച്ചം കണക്കാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹമാണ് തുടങ്ങിയത്. കച്ചവടത്തെ ലാഭകരമാക്കാന്‍ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള സംഭാവനകള്‍ ഏറെ സഹായിച്ചു.

യൂറോപ്പില്‍ ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സിസ്റ്റം വിവരിക്കുന്ന രണ്ടാമത്തെ പുസ്തകം പച്ചോളിയുടേതാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള തൊഴിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന കച്ചവടത്തെ ആധുനികവത്കരിക്കുന്നതില്‍ ലൂക്കാ പച്ചോളിയുടെ സംഭാവനകള്‍ ഏറെ സഹായിച്ചു.

ലൂക്കാ പച്ചോളി അന്ന് വിവരിച്ച അക്കൗണ്ടിങ്ങിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഇന്നും വ്യാപാരമേഖലയില്‍ നിലകൊള്ളുന്നു എന്നത് വളരെ പ്രശംസനാര്‍ഹമാണ്. കുറേക്കാലം തന്റെ സന്യാസ ഭവനത്തിന്റെ അധിപന്‍ കൂടിയായിരുന്നു ലൂക്കാ പച്ചോളി. 1517 ല്‍ ആണ് അദ്ദേഹം മരിക്കുന്നത്. മരിക്കുന്ന സമയത്ത് De Viribus Quantitatis എന്ന പുസ്തകത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു. ഈ പുസ്തകം ജ്യാമിതീയ രൂപങ്ങളെയും കണക്കിലെ ചില പ്രശ്‌നങ്ങളെയും കുറിച്ചുള്ളതായിരുന്നു.

ഈ പുസ്തകത്തില്‍ അദ്ദേഹം ഇടക്കിടയ്ക്ക് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം ഈ പുസ്തക രചനയില്‍ പച്ചോളിയുടെ കൂടെ ഉണ്ടായിരുന്നു. ഈ പുസ്തകത്തിലെ പല പ്രശ്‌നങ്ങളും ഡാവിഞ്ചിയുടെ പുസ്തകങ്ങളിലും കാണാനാകും. ലൂക്കാ പച്ചോളി തന്റെ പുസ്തകങ്ങളൊന്നും തന്റെ സ്വതന്ത്ര ചിന്തകളാണെന്നു അവകാശപ്പെടുന്നില്ല. പലരില്‍ നിന്ന് കടമെടുത്ത ആശയങ്ങളാണെന്നത് അനുസ്മരിച്ചു തന്നെയാണ് അദ്ദേഹം ഈ പുസ്തകങ്ങളെല്ലാം എഴുതിയിരുന്നത്.

ദാരിദ്ര്യം എന്ന വ്രതം സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നിട്ടു കൂടി അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തെ ഏറെ വളര്‍ത്തി. വിശ്വാസം ഒരിക്കലും ശാസ്ത്രീയ പഠനങ്ങള്‍ക്ക് വിരുദ്ധമല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ലൂക്കാ പച്ചോളിയുടെ ജീവിതം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.