വാഷിങ്ടണ്‍: ഉക്രെയ്‌നില്‍ റഷ്യ ഏതു നിമിഷവും വ്യോമാക്രമണം നടത്തുമെന്ന് യു.എസ്. ബോംബ് വര്‍ഷിച്ചാകും ആക്രമണമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി. അതിനിടെ, ശീതയുദ്ധകാലത്തിനുശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനായി നയതന്ത്ര നീക്കങ്ങളും ഊര്‍ജിതമാക്കി. ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ 50 മിനിറ്റ് ഫോണില്‍ സംസാരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പുടിനെ വിളിച്ചു. ഇതുകൂടാതെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായും ഫോണ്‍ സംഭാഷണം നടത്തി.
ഉക്രെയ്ന്‍ അതിര്‍ത്തികളില്‍ റഷ്യ ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ടെങ്കിലും അധിനിവേശം സംബന്ധിച്ച ആരോപണങ്ങള്‍ തുടക്കം മുതല്‍ തള്ളുകയാണ് മോസ്‌കോ. അതേസമയം, ഉക്രെയ്‌നില്‍നിന്ന് പ്രകോപനമുണ്ടായേക്കാമെന്നത് മുന്‍നിര്‍ത്തി ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലെ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചതായും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുദ്ധ ഭീതിയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ അവരുടെ പൗരന്മാര്‍ക്ക് ഉടന്‍ ഉക്രെയ്ന്‍ വിടാന്‍ നിര്‍ദേശം നല്‍കി. ബുധനാഴ്ചയ്ക്കകം റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചേക്കുമെന്ന അമേരിക്കന്‍ മുന്നറിയിപ്പിനു പിന്നാലെയാണിത്.
അമേരിക്കന്‍ പൗരന്‍മാരോട് എത്രയും പെട്ടെന്ന് ഉക്രെയ്ന്‍ വിടാന്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. കീവില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ഞായറാഴ്ചയോടെ നിര്‍ത്താന്‍ യു.എസ്. തീരുമാനിച്ചിട്ടുണ്ട്. കുറച്ച് പ്രതിനിധികള്‍ മാത്രം രാജ്യത്ത് തങ്ങിയാല്‍ മതിയെന്നാണ് യു.എസ്. തീരുമാനമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവന്‍ പറഞ്ഞു. ആക്രമണം ആരംഭിച്ചശേഷം ഒഴിപ്പിക്കല്‍ സാധ്യമല്ലെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.
അമേരിക്കയ്ക്കു പുറമേ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ജര്‍മനി, ഇറ്റലി, ഇസ്രയേല്‍, നെതര്‍ലന്‍ഡ്സ്, ജപ്പാന്‍, ബെല്‍ജിയം, സ്വീഡന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും പൗരന്മാരോട് മടങ്ങാന്‍ ആവശ്യപ്പെട്ടു. കാനഡ എംബസി ഉദ്യോഗസ്ഥരെ പോളണ്ട് അതിര്‍ത്തിയിലെ ലിവ്യൂവിലേക്കു മാറ്റി.
അധിനിവേശവുമായി മുന്നോട്ടുപോയാല്‍ റഷ്യയ്ക്കുമേല്‍ സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ ആഴ്ചകളായി ഒരുലക്ഷത്തിലേറെ റഷ്യന്‍ സൈനികരാണ് യുദ്ധസജ്ജരായി നിലയുറപ്പിച്ചിട്ടുള്ളത്. ഉക്രെയ്‌നു തെക്ക് ബെലാറസ് അതിര്‍ത്തിയില്‍ കഴിഞ്ഞ 10 ദിവസമായി റഷ്യന്‍ പട്ടാളം സൈനികാഭ്യാസം നടത്തിവരികയാണ്. എന്നാല്‍ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് റഷ്യ ആവര്‍ത്തിക്കുന്നത്. അമേരിക്ക യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചു. പ്രകോപനപരമായ ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും റഷ്യ ആവശ്യപ്പെട്ടു.
ഉക്രെയ്ന്‍ അതിര്‍ത്തിയിലെ റഷ്യന്‍ സേനാ സന്നാഹങ്ങള്‍ പിന്‍വലിക്കണമെന്നാണു പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍, കിഴക്കന്‍ യൂറോപ്പിലെ നാറ്റോ-യു.എസ് സേനാത്താവളങ്ങള്‍ ഒഴിവാക്കണമെന്നും ഉക്രെയ്‌നിനെ നാറ്റോ സഖ്യത്തില്‍ ചേര്‍ക്കരുതെന്നുമാണു റഷ്യയുടെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.