പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പ്രമുഖ നഗരമായ പെര്‍ത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമധേയത്തില്‍ സിറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കായി ഒരു ദേവാലയം ആശിര്‍വദിച്ചു.
മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ദേവാലയത്തിന്റെ വെഞ്ചിരിപ്പു കര്‍മം ഇന്നലെ നിര്‍വഹിച്ചതോടെ പെര്‍ത്തിലും പരിസരപ്രദേശങ്ങളിലുമായുള്ള നൂറുകണക്കിന് മലയാളി കത്തോലിക്ക കുടുംബങ്ങളുടെ സ്വന്തമായി ഒരു ദേവാലയമെന്ന ചിരകാല അഭിലാഷമാണ് പൂവണിഞ്ഞത്.
പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പള്ളിയുടെ വെഞ്ചിരിപ്പ് കര്‍മത്തില്‍നിന്ന്
പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മെല്‍ബണ്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരിന് പെര്‍ത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതിനെതുടര്‍ന്ന് പള്ളി വികാരി ഫാ. അനീഷ് ജെയിംസിന്റെ കാര്‍മികത്വത്തിലായിരുന്നു വെഞ്ചിരിപ്പു കര്‍മം നിര്‍വഹിച്ചത്. വിപുലമായ ദേവാലയ കൂദാശകര്‍മം പിന്നീട് നടത്തും.
പെര്‍ത്തിലെ ഓറഞ്ച് ഗ്രോവില്‍ ആറേക്കര്‍ സ്ഥലത്താണ് പുതുതായി നിര്‍മിച്ച പള്ളിയും പാരീഷ് ഹാളും വൈദിക മന്ദിരവുമുള്ളത്.
ദേവാലയത്തിന്റെ മുന്നിലുള്ള കുരിശടി
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച വെഞ്ചിരിപ്പു കര്‍മത്തിന് വിന്‍സെന്‍ഷ്യന്‍ വൈദികരായ ഫാ. വര്‍ഗീസ് പാറയ്ക്കല്‍, ഫാ. സാബു കളപ്പുരയ്ക്കല്‍, ഫാ തോമസ് മങ്കുത്തേല്‍, ഫാ. മനോജ് കണ്ണംതടത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ വീഡിയോ സന്ദേശത്തെതുടര്‍ന്നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സ്വന്തം ദേവാലയമെന്ന സ്വപ്‌ന പൂര്‍ത്തീകരണത്തിന് ഒരു മനസോടെ പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത ഇടവക സമൂഹത്തെയും അതിന് നേതൃത്വം നല്‍കിയ വികാരി ഫാ. അനീഷ് ജയിംസിനെയും ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ അഭിനന്ദിച്ചു. തുടര്‍ന്നും ഇടവക സമൂഹം ദൈവസ്‌നേഹത്തിലും ഐക്യത്തിലും ഒരുമയോടെ നിലകൊള്ളണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ദേവാലയത്തിന്റെ ഉള്‍വശം
വെഞ്ചിരിപ്പു കര്‍മത്തെതുടര്‍ന്ന് ഇടവകയുടെ ആദ്യ വികാരിയും പെര്‍ത്ത് വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. വര്‍ഗീസ് പാറയ്ക്കല്‍ വചനസന്ദേശം നല്‍കി. വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള ദേവാലയം പെര്‍ത്തിലെ വിശ്വാസ സമൂഹത്തിന്റെ വലിയ ഐക്യത്തിന്റെയും പ്രാര്‍ത്ഥനയുടെയും അടയാളമായിരിക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തുടര്‍ന്നു നടത്തിയ പ്രഥമ ബലി അര്‍പ്പണത്തില്‍ മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളി വികാരി ഫാ. സാബു കളപ്പുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പെര്‍ത്തിലെ മറ്റ് ഇടവകകളില്‍നിന്നും ഇതര സഭകളില്‍നിന്നുമായി നിരവധി വൈദികര്‍ ചടങ്ങില്‍ പങ്കെടുത്തു.
പള്ളി പണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ കമ്മിറ്റികള്‍ക്കും ഫാ. അനീഷ് ജെയിംസ് നന്ദി പറഞ്ഞു.
പെര്‍ത്ത് അതിരൂപതയുടെ കീഴിലുള്ള മാഡിംഗ്ടണ്‍ ഹോളി ഫാമിലി ദേവാലയത്തിലായിരുന്നു കഴിഞ്ഞ 10 വര്‍ഷമായി പെര്‍ത്തിലെ മലയാളി കത്തോലിക്ക സമൂഹം ആരാധനയ്ക്കായി ഒത്തുചേര്‍ന്നിരുന്നത്. ആഗോള കത്തോലിക്ക സഭ വിശുദ്ധ യൗസേപ്പിന്റെ വര്‍ഷമായി ആചരിച്ച 2021 ഡിസംബര്‍ മാസത്തില്‍തന്നെ യൗസേപ്പ് പിതാവിന്റെ നാമധേയത്തിലുള്ള ദേവാലയം പ്രവര്‍ത്തന സജ്ജമാെയങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വെഞ്ചിരിപ്പു കര്‍മം നീട്ടിവയ്ക്കുകയായിരുന്നു. പള്ളിയോടനുബന്ധിച്ച് പണിതീര്‍ത്ത പാരീഷ് ഹാളും വൈദിക മന്ദിരവും ഒരുമാസം മുന്‍പ് വെഞ്ചിരിച്ച് തുറന്ന് കൊടുത്തിരുന്നു.
2015-ലായിരുന്നു ഇടവക സമൂഹം ദേവാലയം പണിയാനായി ഓറഞ്ച് ഗ്രോവില്‍ ആറേക്കര്‍ സ്ഥലം വാങ്ങിച്ചത്. 2019-ല്‍ പെര്‍ത്തിലെ അലീറ്റ കണ്‍ട്രക്ഷന്‍സ് എന്ന കമ്പനിയുമായി നിര്‍മാണ കരാര്‍ ഉണ്ടാക്കുകയും തുടര്‍ന്ന് 2020-ല്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തു.
പള്ളി പണിക്കായി വികാരി അച്ഛനോടൊപ്പം പ്രവര്‍ത്തിച്ച ചര്‍ച്ച് ബില്‍ഡിംഗ് കമ്മിറ്റി, ബില്‍ഡിംഗ് കോര്‍ കമ്മിറ്റി, പാരിഷ് കൗണ്‍സില്‍ ഫിനാന്‍സ് കമ്മിറ്റി, ചര്‍ച്ച് ഫര്‍ണിച്ചര്‍ കമ്മിറ്റി, ധനസമാഹരണ കമ്മിറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.