മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 'മൈത്രി' സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. സാംസ്‌ക്കാരിക-വിദ്യാഭ്യാസ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ നടപടി.
ഓസ്ട്രേലിന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നാലു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുന്നതിന് മൈത്രി സ്‌കോളര്‍ഷിപ്പിന് കീഴില്‍ 11 മില്യണ്‍ ഡോളറാണ് ഓസ്ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയിനാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി മന്ത്രി എസ്. ജയശങ്കറിന്റെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനമുണ്ടായത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ വ്യാപാര-നിക്ഷേപ മേഖലയില്‍ മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. കോവിഡാനന്തരം ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മേഖലയെ തിരിച്ചു കൊണ്ടുവരുന്നതില്‍ മൈത്രി സ്‌കോളര്‍ഷിപ്പ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.
'മൈത്രി' എന്ന വാക്കിന്റെ അര്‍ഥം സൗഹൃദമെന്നാണ്, ഈ പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുമെന്നും പെയ്ന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ പഠനത്തിനായി വരുന്ന മികച്ച വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനച്ചെലവിനെക്കുറിച്ച് ആലോചിക്കേണ്ടി വരില്ല. 'മൈത്രി' സ്‌കോളര്‍ഷിപ്പിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്ട്രേലിയയില്‍ മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുമെന്ന് ഓസ്ട്രേലിയന്‍ വാണിജ്യ-ടൂറിസം മന്ത്രി ഡാന്‍ ടെഹാന്‍ വ്യക്തമാക്കി. സ്‌കോളര്‍ഷിപ്പ് പരിപാടിയിലൂടെ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി ഓസ്ട്രേലിയ തെരഞ്ഞെടുക്കും. ഇതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക-വിദ്യാഭ്യാസ ബന്ധം വര്‍ധിക്കുമെന്നും ടെഹാന്‍ പറഞ്ഞു.
മൈത്രി സ്‌കോളര്‍ഷിപ്പിലൂടെ റോഡ്സ്, ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് തുല്യമായ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കൂടുതല്‍ സംരംഭങ്ങള്‍ തുടര്‍ന്നും പ്രഖ്യാപിക്കുമെന്ന് ടെഹാന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം ഉന്നത പഠനത്തിനായി ആശ്രയിക്കുന്ന രാജ്യങ്ങളി ലൊന്നാണ് ഓസ്ട്രേലിയ. വ്യവസായ സംരംഭകര്‍. ഐ.ടി വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, കായിക താരങ്ങള്‍ എന്നിവര്‍ക്കു പ്രാമുഖ്യം നല്‍കുന്ന പദ്ധതികളും ഭാവിയില്‍ ഇന്ത്യയുമായി ഒപ്പുവെയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.