തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുടെ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ നടത്തും. ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ സ്‌കൂള്‍ തലത്തില്‍ നല്‍കണം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പ്രത്യേക കര്‍മ്മ പദ്ധതിയിലൂടെ പരീക്ഷയ്ക്ക് സജ്ജമാക്കണം. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.
10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ 28നകം പൂര്‍ത്തിയാക്കി റിവിഷന്‍ നടത്തണം. എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ്.ആര്‍.ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തണം. കുട്ടികളുടെ പഠന നേട്ടം ഉറപ്പു വരുത്തണം. കൂടാതെ എസ്.എസ്.എല്‍.സി, പ്ലസ് ടു അധ്യാപകര്‍ ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയാറാക്കി പാഠ ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ശനിയാഴ്ചയും പ്രധാനാദ്ധ്യാപകര്‍ മുഖാന്തരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കണം.
ക്രോഡീകരിച്ച റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ തിങ്കളാഴ്ചയും നല്‍കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പാഠഭാഗങ്ങളുടെ വിനിമയവും പൊതു പരീക്ഷകളുടെ മുന്നൊരുക്കവും വിലയിരുത്തി നല്‍കുന്ന റിപ്പോര്‍ട്ട് ഡി.ഡി.ഇ/ആര്‍.ഡി.ഡി/എ.ഡി തലത്തില്‍ ക്രോഡീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.