ലാഹോര്‍: മതനിന്ദാ കുറ്റം ആരോപിച്ച് പാകിസ്ഥാനില്‍ മാനസികാസ്വാസ്ഥ്യമുള്ളയാളെ ജനക്കൂട്ടം കല്ലെറിഞ്ഞും അടിച്ചും കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയില്‍ ഖനേവാള്‍ ജില്ലയില്‍ ശനിയാഴ്ച വൈകിട്ടാണു സംഭവം. ഇസ്ലാം മതഗ്രന്ഥത്തിലെ ഏതാനും പേജുകള്‍ ഇയാള്‍ കീറിയ ശേഷം കത്തിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുഹമ്മദ് മുഷ്താഖ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
ഒരാള്‍ ഖുര്‍ആനിന്റെ പേജുകള്‍ കത്തിക്കുന്നത് കണ്ടെന്ന് പള്ളി ഇമാമിന്റെ മകന്‍ അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിവരമറഞ്ഞ നൂറുകണക്കിന് പേര്‍ പള്ളിയില്‍ തടിച്ചുകൂടി മുഹമ്മദ് മുഷ്താഖിനെ പിടികൂടി ആക്രമണം തുടങ്ങി. പോലീസ് സ്ഥലത്തെത്തുമ്പോള്‍ ഇയാളെ മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. മര്‍ദനമേറ്റ് അബോധാവസ്ഥയിലായ മുഹമ്മദ് മുഷ്താഖിനെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസിനു നേരെയും ആക്രമണമുണ്ടായി. പോലീസിന്റെ പക്കല്‍നിന്ന് ജനക്കൂട്ടം ബലമായി ഇയാളെ പിടിച്ചെടുക്കുകയും വീണ്ടും ആക്രമിക്കുകയുമായിരുന്നു.
താന്‍ നിരപരാധിയാണെന്നും യാതൊരു കുറ്റവും ചെയ്തില്ലെന്നും നാല്‍പത്തൊന്നു വയസുകാരനായ മുഹമ്മദ് മുഷ്താഖ് ജനക്കൂട്ടത്തോട് അപേക്ഷിച്ചെങ്കിലും ആരും കേള്‍ക്കാന്‍ തയാറായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടി, കോടാലി, ഇരുമ്പ് ദണ്ഡ്, കല്ലുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇയാളെ മര്‍ദിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. കഴിഞ്ഞ 10-15 വര്‍ഷമായി മാനസികാരോഗ്യം തകരാറിലായിരുന്നയാണ് എന്നാണ് കുടുംബം സാക്ഷ്യപ്പെടുത്തുന്നത്.
സംഭവത്തില്‍ ഇതുവരെ പന്ത്രണ്ടോളം പേര്‍ അറസ്റ്റിലായി. നീചമായ ഈ കൊലപാതക ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും നിയമം കൈയിലെടുക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
മതനിന്ദയുടെ പേരില്‍ പാകിസ്ഥാനില്‍ ജനക്കൂട്ടം നടത്തുന്ന കൊലപാതകം വര്‍ധിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ സിയാല്‍കോട്ടില്‍ മതനിന്ദയാരോപിച്ച് ശ്രീലങ്കന്‍ സ്വദേശിയെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നശേഷം ശരീരം നടുറോഡില്‍ കത്തിച്ചത് ഏറെ വിവാദമായിരുന്നു.
പാകിസ്ഥാനില്‍ നിലവിലുള്ള മതനിന്ദാ കുറ്റം പോലുള്ള നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യക്തിപരമായ പക തീര്‍ക്കാന്‍ ഇത്തരം നിയമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു.
2017 ഏപ്രിലില്‍, മതനിന്ദാപരമായ ഉള്ളടക്കം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് രോഷാകുലരായ ജനക്കൂട്ടം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി മഷാല്‍ ഖാനെ കൊലപ്പെടുത്തി. 2014-ല്‍ പഞ്ചാബില്‍ ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ ദമ്പതികളെ ചൂളയില്‍ വെച്ച് കൊലപ്പെടുത്തി. ആസിയ ബീവി എന്ന ക്രിസ്ത്യന്‍ സ്ത്രീക്ക് പാകിസ്ഥാനില്‍നിന്ന് മാറിത്താമസിക്കേണ്ട അവസ്ഥ ഉണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.