വാഷിംഗ്ടണ്‍: ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന യുദ്ധ ഭീതിയുടെ സാഹചര്യത്തില്‍ കടുത്ത ആശങ്കയറിയിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര പരിഹാരമാണ് വേണ്ടതെന്ന് അദ്ദേഹം ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിനെയും ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയെയും ഫോണില്‍ വിളിച്ച് തന്റെ ഉത്കണ്ഠ ബോധ്യപ്പെടുത്തിയതായി അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.
'വരാനിരിക്കുന്ന മണിക്കൂറുകളിലും ദിവസങ്ങളിലും താന്‍ ഈ വിഷയത്തില്‍ ഇടപെടും. യുദ്ധത്തിലൂടെയുണ്ടാകുന്ന മനുഷ്യരുടെ ദുരിതം, നാശനഷ്ടങ്ങള്‍ എന്നിവയുടെ വില ചിന്തിക്കാന്‍ കഴിയാത്തത്ര ഉയര്‍ന്നതാണ്. അത്തരമൊരു വിനാശകരമായ ഏറ്റുമുട്ടലിന്റെ സാധ്യത പോലും അംഗീകരിക്കാന്‍ കഴിയില്ല. പരിഹരിക്കാനാകാത്തവ ഉള്‍പ്പെടെ എല്ലാ പ്രശ്‌നങ്ങളും നയതന്ത്രത്തിലൂടെ പരിഹരിക്കാന്‍ കഴിയും-ഗുട്ടെറസ് പറഞ്ഞു.
ഉക്രെയ്‌നില്‍ പിരിമുറുക്കം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ഗൗരവമായ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ടെന്നും നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ വേണ്ട എല്ലാ ചര്‍ച്ചകളെയും സ്വാഗതം ചെയ്യുന്നതായും വക്താവ് സ്റ്റെഫാന്‍ ദുജാറിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റഷ്യ ഉക്രെയ്‌നെ ആക്രമിക്കില്ലെന്ന് ഗുട്ടെറസിന് ഉറച്ച ബോധ്യമുണ്ടെന്ന് ജനുവരി 21 ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ദുജാറിക് വ്യക്തമാക്കിയിരുന്നു.
റഷ്യയുടെ നയതന്ത്ര ബന്ധത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് വേണ്ടി 15 യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംബാസഡര്‍മാരുമായി അന്റോണിയോ ഗുട്ടെറസ് ചര്‍ച്ച നടത്തിയിരുന്നു.
സ്വദേശികളും വിദേശികളുമായി ആകെ 1660 യു.എന്‍ ജീവനക്കാരാണ് ഉക്രെയ്‌നില്‍ സേവനമനുഷ്ഠിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎന്‍ ജീവനക്കാരെ ഉക്രെയ്‌നില്‍ നിന്ന് ഒഴിപ്പിക്കുന്നതിനോ സ്ഥലം മാറ്റുന്നതിനോ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ദുജാറിക് വ്യക്തമാക്കി. അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ട നടപടികളെ കുറിച്ച് സെക്യൂരിറ്റി കൗണ്‍സിലിന്റെ യോഗം വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.