ആയുധ സഹായവും, 500 മില്യണ്‍ ഡോളര്‍ വായ്പയും ;വിവിധ രാജ്യങ്ങള്‍ക്കു പിന്നാലെ ഉക്രെയ്‌ന് കൈത്താങ്ങേകി കാനഡ

 ആയുധ സഹായവും, 500 മില്യണ്‍ ഡോളര്‍ വായ്പയും ;വിവിധ രാജ്യങ്ങള്‍ക്കു പിന്നാലെ ഉക്രെയ്‌ന് കൈത്താങ്ങേകി കാനഡ

ഒട്ടാവ: ആപത് സന്ധിയില്‍ ഉക്രെയ്‌ന് വായ്പയും ആയുധ സഹായവുമായി കാനഡ രംഗത്ത്. റഷ്യയെ പ്രതിരോധിക്കാന്‍ 500 മില്യണ്‍ ഡോളര്‍ വായ്പയും 7.8 മില്യണ്‍ ഡോളറിന്റെ മാരക ശേഷിയുള്ള യുദ്ധ ഉപകരണങ്ങളും അത്യാധുനിക വെടിക്കോപ്പുകളും നല്‍കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ആക്രമിക്കാനടുക്കുന്ന റഷ്യക്കെതിരെ ശക്തമായ സൈനിക സഹായമാണ് ഉക്രെയ്‌ന് വിവിധ രാജ്യങ്ങള്‍ നല്‍കിവരുന്നത്. കരസേനയ്ക്കായുള്ള തോക്കുകളും അനുബന്ധ ഉപകരണങ്ങളും കാനഡ കൈമാറി. മെഷീന്‍ ഗണ്ണുകള്‍, പിസ്റ്റളുകള്‍, 1.5 ദശലക്ഷം റൗണ്ട് വെടിയുണ്ടകള്‍, സ്നിപ്പര്‍ റൈഫിളുകള്‍, യുദ്ധമേഖലയില്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.റഷ്യന്‍ സൈന്യം ഉക്രെയ്നിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന സാഹചര്യത്തില്‍ കാനഡയുടെ പിന്തുണ വീണ്ടും ഉറപ്പിക്കാന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയുമായി ശനിയാഴ്ച സംസാരിച്ചതായി ട്രൂഡോ അറിയിച്ചു.

റഷ്യയുടേത് അനാവശ്യവും ഗുരുതരവുമായ കൈകടത്തലാണെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഉക്രെയ്ന്‍ ഒരു സ്വതന്ത്ര്യ രാജ്യമാണ്. അവരുടെ അഖണ്ഡത സംരക്ഷിക്കാന്‍ ആ രാജ്യത്തിന് എല്ലാ അവകാശവുമുണ്ട്. 2015 മുതല്‍ തങ്ങളുടെ സുഹൃദ് രാജ്യമെന്ന നിലയില്‍ ഉക്രെയ്‌നെ സഹായിക്കാന്‍ ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.റഷ്യ നടത്തുന്ന അതിര്‍ത്തി അധിനിവേശ ശ്രമത്തിനെതിരെ നയതന്ത്രപരമായ എല്ലാ പരിശ്രമവും നടത്തുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുള്ള സൈനിക നീക്കത്തെ പ്രതിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയനും സഖ്യസേനയ്ക്കും ബാദ്ധ്യതയുണ്ട്. അതിനൊപ്പമാണ് തങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും കാനഡ അറിയിച്ചു.

മേഖലയിലെ യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കവേ വാരാന്ത്യത്തില്‍ ട്രൂഡോ മറ്റ് യൂറോപ്യന്‍ നേതാക്കളുമായും സംസാരിച്ചു.അമേരിക്ക, യുകെ, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക്, നെതര്‍ലാന്‍ഡ്സ്, പോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഇതിനകം ആയുധങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഉക്രെയ്നില്‍ നിന്നുള്ള പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് മാരകായുധങ്ങളും വെടിക്കോപ്പുകളും നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.റഷ്യന്‍ ആക്രമണം തടയുകയാണ് പിന്തുണയുടെ ലക്ഷ്യം.'സാഹചര്യങ്ങള്‍ അതിവേഗം രൂക്ഷമാവുകയാണ്, നമ്മള്‍ സുഹൃദ് രാജ്യവുമായുള്ള നമ്മുടെ ഐക്യദാര്‍ഢ്യം വീണ്ടും പ്രകടമാക്കുന്നു' ട്രൂഡോ പാര്‍ലമെന്റ് ഹില്ലില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഉക്രേനിയന്‍ സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനുള്ള റഷ്യന്‍ ശ്രമങ്ങളെ ചെറുക്കാന്‍ വായ്പ സഹായിക്കുമെന്ന് ഉക്രേനിയന്‍ കനേഡിയന്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് അലക്സാന്ദ്ര ചിക്സിജ്് പറഞ്ഞു.'ഉക്രെയ്ന് അസാധാരണമാംവിധം ബുദ്ധിമുട്ടുള്ള ഈ സമയത്ത്, കാനഡ ഞങ്ങളുടെ യഥാര്‍ത്ഥ സുഹൃത്ത് ആണെന്ന് വീണ്ടും തെളിയിച്ചു'.

കനേഡിയന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് തന്റെ ജി 7 പങ്കാളികളുമായി ചേര്‍ന്ന് ഉക്രെയ്നെതിരായ ഏത് സൈനിക നടപടിയും 'റഷ്യന്‍ സമ്പദ്വ്യവസ്ഥയില്‍ വന്‍തോതിലുള്ളതും ഉടനടി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ' ഉപരോധത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.2014ല്‍ റഷ്യ ഉക്രെയ്‌നില്‍ നിന്ന് ക്രിമിയ പിടിച്ചെടുത്തതിന് ശേഷം 440 റഷ്യക്കാര്‍ക്കെതിരെ കാനഡ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ, പരിശീലന ദൗത്യത്തിന്റെ ഭാഗമായി ഉക്രെയ്‌നിലുണ്ടായിരുന്ന തങ്ങളുടെ സേനാംഗങ്ങളെ റഷ്യന്‍ അധിനിവേശം ആസന്നമാണെന്ന ഭീതി ശക്തമായതോടെ ഞായറാഴ്ച പിന്‍വലിച്ചതായി കാനഡയുടെ പ്രതിരോധ വകുപ്പ് അറിയിച്ചു. ഇവരെ യൂറോപ്പിലെ മറ്റിടങ്ങളിലേക്ക് താത്കാലികമായി മാറ്റുകയാണെന്ന് വകുപ്പ് വെളിപ്പെടുത്തി. സൈനികര്‍ എവിടേക്കാണ് പോയതെന്നോ എത്രപേരെ മാറ്റിയെന്നോ സുരക്ഷാ കാരണങ്ങളാല്‍ വ്യക്തമാക്കിയില്ല.ഉക്രേനിയന്‍ തലസ്ഥാനമായ കീവിലെ എംബസി കാനഡ അടച്ചു.രാജ്യത്ത് അവശേഷിക്കുന്ന കാനഡക്കാരോട് രാജ്യം വിട്ടു പോരണമെമെന്ന് വിദേശകാര്യ മന്ത്രി മെലാനി ജോളി അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.