ഓസ്‌ട്രേലിയന്‍ തീരങ്ങളില്‍ സ്രാവ് ആക്രമണങ്ങള്‍ എന്തുകൊണ്ട്‌? സിഡ്‌നി സംഭവത്തില്‍ ഗവേഷകര്‍ പറയുന്നത്

ഓസ്‌ട്രേലിയന്‍ തീരങ്ങളില്‍ സ്രാവ് ആക്രമണങ്ങള്‍ എന്തുകൊണ്ട്‌? സിഡ്‌നി സംഭവത്തില്‍ ഗവേഷകര്‍ പറയുന്നത്

സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്‌നിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്രാവ് ആക്രമണത്തെക്കുറിച്ച് വ്യത്യസ്ത നിഗമനങ്ങളുമായി ഗവേഷകര്‍. സിഡ്‌നിയിലെ ലിറ്റില്‍ ബേ ബീച്ചില്‍ ബുധനാഴ്ച്ച ഉച്ചകഴിഞ്ഞാണ് സ്‌കൂബ ഡൈവിംഗ് പരിശീലകനായ സൈമണ്‍ നെല്ലിസ്റ്റ് (35) കടലില്‍ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. യുവാവിനെ സ്രാവ് കടിച്ചുകുടയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിഡ്‌നിയില്‍ അറുപതു വര്‍ഷത്തിനു ശേഷമാണ് സ്രാവിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നത്. പരുക്കേല്‍ക്കുന്ന സംഭവങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും മരണം അപൂര്‍വമാണ്.

വലിയ സ്രാവുകളെ ആകര്‍ഷിക്കാനും പിടികൂടാനും ഉപയോഗിക്കുന്ന ചൂണ്ടയായ ഡ്രം ലൈനുകള്‍ സംഭവം നടന്ന ലിറ്റില്‍ ബേ മുതല്‍ ലോംഗ് ബേ വരെ സ്ഥാപിച്ചെങ്കിലും സ്രാവിനെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

പൊതുസുരക്ഷയ്ക്ക് അപകടകരമാണെന്ന് കണ്ടെത്തിയാല്‍ സ്രാവിനെ കൊല്ലാന്‍ പോലീസിന് അധികാരമുണ്ടെങ്കിലും ഇതിനെ കണ്ടെത്താനാണിപ്പോള്‍ മുന്‍ഗണന നല്‍കുന്നത്

മൂന്നു മീറ്റര്‍ നീളമുള്ള ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് വിഭാഗത്തില്‍പെട്ട സ്രാവ് ഇതിനകം പ്രദേശം വിട്ടുപോയിരിക്കാമെന്നും അതിനെ പിടികൂടാനുള്ള സാധ്യത കുറവാണെന്നും സമുദ്രജീവി ഗവേഷകയായ ഡോ. വനേസ പിറോട്ട പറഞ്ഞു.


സൈമണ്‍ നെല്ലിസ്റ്റ് 

ഭീമാകാരമായ വലിപ്പമുള്ള ഗ്രേറ്റ് വൈറ്റ് സ്രാവുകള്‍ക്ക് ഏറെ ദൂരം സഞ്ചരിക്കാനാകും. സിഡ്‌നിയിലെ കടല്‍ മേഖലയില്‍ ഇതുപോലുള്ള സ്രാവുകളെ കാണുന്നത് അപൂര്‍വമാണെന്ന് വനേസ പിറോട്ട പറഞ്ഞു.

ഒരുപക്ഷേ, ഇരയെ പിന്തുടര്‍ന്ന് മനുഷ്യര്‍ സഞ്ചരിക്കുന്ന തീരങ്ങളിലേക്കു വന്നതാകാം. അല്ലെങ്കില്‍ കൂടുതല്‍ സുഖകരമായ താപനില തേടി സ്രാവുകള്‍ സഞ്ചരിക്കാറുണ്ട്. ഇതായിരിക്കാം അവയ്ക്ക് മനുഷ്യരെ ആക്രമിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നതും. സ്രാവ് കടന്നുപോയ അതേ സമയത്തും വഴിയിലും നിര്‍ഭാഗ്യവശാല്‍, സൈമണും കടന്നുപോയിരിക്കാം. ഇതാണ് ആക്രമണം ഉണ്ടായത്-വനേസ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രങ്ങള്‍ ചൂടാകുമ്പോള്‍, ആവാസവ്യവസ്ഥകള്‍ നശിപ്പിക്കപ്പെടുകയും അവ അതുമായി പൊരുത്തപ്പെടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. മുമ്പൊരിക്കലും വരാത്ത ഇടങ്ങളിലേക്കു സ്രാവുകള്‍ വരുന്നു. അവയുടെ പെരുമാറ്റത്തിലും മാറ്റങ്ങള്‍ ഉണ്ടാകുന്നു-മറ്റൊരു ഗവേഷകന്‍ പറഞ്ഞു.

2018-ല്‍ പുറത്തിറങ്ങിയ ഒരു പഠനത്തില്‍, 750 വലിയ ഗ്രേറ്റ് വൈറ്റ് സ്രാവുകള്‍ കിഴക്കന്‍ ഓസ്‌ട്രേലിയയിലെ സമുദ്രജലത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്തവയെക്കൂടി കണക്കിലെടുക്കുമ്പോള്‍, വിക്ടോറിയയുടെ തെക്കന്‍ തീരം മുതല്‍ സെന്‍ട്രല്‍ ക്വീന്‍സ് ലന്‍ഡ്, ന്യൂസിലന്‍ഡ് വരെ വ്യാപിച്ചുകിടക്കുന്ന കടല്‍ മേഖലയില്‍ 5,500 സ്രാവുകള്‍ ഉണ്ടെന്നാണു കണക്ക്.

സ്രാവിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി ബോണ്ടി മുതല്‍ ക്രോനുല്ല വരെയുള്ള 13 ബീച്ചുകള്‍ ഇന്നലെ അടച്ചെങ്കിലും പലരും മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ കടലില്‍ ഇറങ്ങി.

ബ്രിട്ടീഷ് സ്വദേശിയും മുന്‍ സൈനികനുമായ സൈമണ്‍ നെല്ലിസ്റ്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിട്ടത്. ഇദ്ദേഹം ലിറ്റില്‍ ബേയിലുള്ളവര്‍ക്ക് ഏറെ പരിചിതനായ വ്യക്തിയായിരുന്നുവെന്ന് റാന്‍ഡ്വിക്ക് മേയര്‍ ഡിലന്‍ പാര്‍ക്കര്‍ പറഞ്ഞു. അഫ്ഗാന്‍ ദൗത്യത്തില്‍ ഉള്‍പ്പെടെ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.