ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രര്‍ത്തനത്തിനായി 5.7 ബില്യണ്‍ ഡോളറിന്റെ സ്വത്ത് കൈമാറിയതായുള്ള ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ വെളിപ്പെടുത്തലില്‍ അന്തം വിട്ട് സാമ്പത്തിക ലോകം. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനായിരിക്കാം തുക നല്‍കിയതെന്ന അഭ്യൂഹം ശക്തമായെങ്കിലും ഇതു വരെയും അങ്ങനെയൊരു സംഭവ വികാസമുണ്ടായിട്ടില്ലെന്ന് ഡബ്ല്യുഎഫ്പി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്ലി അറിയിച്ചതായി ഫോര്‍ബ്സ് സാമ്പത്തിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വന്‍ ആസ്തി സ്വന്തമാണെങ്കിലും താരതമ്യേന ചാരിറ്റി വിഷയത്തില്‍ വലിയ താല്‍പ്പര്യം കാണിക്കുന്നയാളല്ല 246 ബില്യണ്‍ ഡോളറിലേറെ വരുന്ന സ്വത്തിന്റെ ഉടമയായ ഇലോണ്‍ മസ്‌ക്. ഇതിനിടെയാണ് നവംബറില്‍ ഏകദേശം 5 ദശലക്ഷം ടെസ്ല ഷെയറുകള്‍ 'ചാരിറ്റി' ലക്ഷ്യത്തോടെ കൈമാറിയതായി പുതിയ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ഫയലിംഗില്‍ അദ്ദേഹം വെളിപ്പെടുത്തിയത്. ഇതിന്റെ മൂല്യമാണ് 5.7 ബില്യണ്‍ ഡോളര്‍. വെളിപ്പെടുത്തല്‍ അതേപടി ശരിയാണെങ്കില്‍, അത് അദ്ദേഹത്തിന്റെ മൊത്തം ആസ്തിയുടെ ഏകദേശം 2.3 ശതമാനമായിരിക്കുമെന്ന് ഫോര്‍ബ്സ് ചൂണ്ടിക്കാട്ടുന്നു.ശതമാനക്കണക്ക് ചെറുതെങ്കിലും ഇതുവരെ ചാരിറ്റിക്കായി അദ്ദേഹം നല്‍കിയതിന്റെ 20 മടങ്ങിലേറെ വരുന്ന തുകയാണിത്.
ഫയലിംഗ് വിവരം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായപ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് വന്‍ സമ്മാനം നല്‍കിയതായുള്ള ഊഹം പടരാന്‍ കാരണമുണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് 6 ബില്യണ്‍ സംഭാവന ചെയ്യാമെന്ന വാഗ്ദാനവുമായി നവംബറിലെ ഓഹരി കൈമാറ്റത്തിന് ഒരു മാസം മുമ്പ് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. 'ലോകത്തിന്റെ വിശപ്പ് എങ്ങനെ പരിഹരിക്കും എന്ന് സംഘടനയ്ക്ക് വിവരിക്കാന്‍ കഴിയുമെങ്കില്‍' , എന്ന നിബന്ധനയോടെ.
അമ്മാതിരി പലതും പലപ്പോഴായി പറയുകയും മറന്നതായി ഭാവിക്കുകയും ചെയ്ത ചരിത്രമുള്ളയാളാണ് മസ്‌കെന്ന് ട്രോളര്‍മാര്‍ വ്യാപകമായി ചൂണ്ടിക്കാട്ടിയിരുന്നു. ഡബ്ല്യുഎഫ്പിക്ക് അത്തരമൊരു സമ്മാനം ലഭിച്ചിട്ടില്ലെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ' ലഭിക്കുമോ എന്ന് ഇതുവരെ അറിയില്ല. എന്നാല്‍ തുക കൈമാറ്റം കഴിഞ്ഞുവെന്ന വാര്‍ത്ത കേള്‍ക്കുന്നതില്‍ എനിക്ക് ആവേശമുണ്ട്,'- അദ്ദേഹം പറഞ്ഞു. മറ്റ് ചാരിറ്റി പ്രസ്ഥാനങ്ങളൊന്നും ഇതുവരെ മസ്‌കിന്റെ പുതിയ സംഭവനകള്‍ ലഭിച്ചതായി പ്രഖ്യാപിച്ചിട്ടില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് മസ്‌ക് പ്രതികരിക്കുന്നുമില്ല.
സ്വന്തം സംവിധാനത്തിലേക്കോ?
നികുതി ലാഭിക്കാന്‍ പല പ്രമുഖ കോടീശ്വരന്മാരും ചെയ്യുന്നതുപോലെ ഡോണര്‍ അഡൈ്വസ്ഡ് ഫണ്ടിലേക്കാകാം (ഡി.എ.എഫ് ) ഫയലിംഗില്‍ വെളിപ്പെടുത്തിയ് 5.7 ബില്യണ്‍ ഡോളര്‍ വക മാറ്റിയതെന്ന് നിരീക്ഷകര്‍ അനുമാനിക്കുന്നു. ആ തുക ബാങ്ക് നിക്ഷേപമെന്നതുപോലെ കിടക്കും; ദാതാവിന്റെ ഇഷ്ട പ്രകാരം ജീവകാരുണ്യ പ്രര്‍ത്തനത്തിനു വിനിയോഗിക്കാന്‍.മസ്‌ക് ഇതുവരെ ചാരിറ്റിക്കായി നല്‍കിയ 280 മില്യണ്‍ ഡോളറിന്റെ 20 ശതമാനവും ഡി എ എഫ് ചാനലിലായിരുന്നു ചെലവാക്കിയത്.ചാരിറ്റിക്കായുള്ള സ്വന്തം ഫൗണ്ടേഷനിലേക്കാണോ മസ്‌ക് 5.7 ബില്യണ്‍ മാറ്റിയതെന്ന ചോദ്യവും ഉയരുന്നുണ്ടെങ്കിലും മറുപടിയില്ല.
ഇതിനിടെ പ്രകൃതി ദുരന്തത്തില്‍ വലഞ്ഞ ടോംഗയുടെ മേല്‍ മസ്‌ക് കനിവു കാട്ടിത്തുടങ്ങി. സമുദ്രാന്തര ഭാഗത്തു സ്ഥിതി ചെയ്ത അഗ്നി പര്‍വതത്തില്‍ സ്‌ഫോടനം നടന്നതിനെത്തുടര്‍ന്ന് ആഞ്ഞടിച്ച സൂനാമിയും ഭസ്മക്കാറ്റും തരിപ്പണമാക്കിയ ടോംഗയിലെ തകര്‍ന്ന ആശയവിനിമയ ശൃംഖലയും ഇന്റര്‍നെറ്റും ശരിയാക്കാനുള്ള യജ്ഞത്തിലാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവന കമ്പനിയായ സ്റ്റാര്‍ലിങ്ക്. മസ്‌കിന്റെ മറ്റൊരു സംരംഭവും ബഹിരാകാശ മേഖലയിലെ പ്രശസ്ത കമ്പനിയുമായ സ്‌പേസ് എക്‌സില്‍ നിന്നുള്ള വിദഗ്ധര്‍ ടോംഗയില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് ടോംഗയുടെ സമീപരാജ്യങ്ങളിലൊന്നായ ഫിജിയിലെ അറ്റോണി ജനറല്‍ അയാസ് സയീദ് ഖയൂം ട്വിറ്ററില്‍ അറിയിച്ചിരുന്നു.
ആശയവിനിമയ സംവിധാനങ്ങള്‍ ടോംഗയില്‍ ചിലയിടത്തു പൂര്‍ണമായും മറ്റിടങ്ങളില്‍ ഭാഗികമായും തകരാറിലായി. ഇന്റര്‍നെറ്റിനും ഫോണ്‍കോളുകള്‍ക്കും ദ്വീപില്‍ തടസ്സം നേരിട്ടു. ഈ പ്രതിസന്ധിക്ക് പരിഹാരമേകാന്‍ ഇലോണ്‍ മസ്‌ക് തുടക്കം മുതല്‍ ശ്രമിച്ചിരുന്നു. ടോംഗന്‍ അധികൃതര്‍ക്കു വിരോധമില്ലെങ്കില്‍ തന്റെ കമ്പനിയില്‍ നിന്നുള്ള വിദഗ്ധരെ അങ്ങോട്ടേക്ക് അയയ്ക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.രണ്ടായിരത്തോളം ഉപഗ്രഹങ്ങളടങ്ങിയ വമ്പന്‍ ഇന്റര്‍നെറ്റ് വിതരണ ശൃംഖല ബഹിരാകാശത്ത് സ്റ്റാര്‍ലിങ്ക് ഒരുക്കിയിട്ടുണ്ട്. 25 രാജ്യങ്ങളിലായി ഒന്നര ലക്ഷത്തോളം ഉപയോക്താക്കള്‍ കമ്പനിക്കുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.