യൂനിസ് കൊടുങ്കാറ്റ്: യൂറോപ്പില്‍ 8 മരണം, കനത്ത നാശനഷ്ടം;' സ്റ്റിംഗ് ജെറ്റ് 'ഭീതിയില്‍ ബ്രിട്ടന്‍

 യൂനിസ് കൊടുങ്കാറ്റ്: യൂറോപ്പില്‍ 8 മരണം, കനത്ത നാശനഷ്ടം;' സ്റ്റിംഗ് ജെറ്റ് 'ഭീതിയില്‍ ബ്രിട്ടന്‍

ലണ്ടന്‍: മണിക്കൂറില്‍ 122 മൈല്‍ വരെ റെക്കോര്‍ഡ് വേഗത്തില്‍ ആഞ്ഞടിച്ച യൂനിസ് കൊടുങ്കാറ്റ് യൂറോപ്പില്‍ എട്ട് പേരുടെ ജീവനെടുത്തു. കനത്ത നാശനഷ്ടമാണ് വ്യാപകമായുണ്ടായത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ വിമാനങ്ങളും ട്രെയിനുകളും ഫെറികളും തടസപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.15 വര്‍ഷത്തിനിടെ ആദ്യമായാണ് യൂനിസ് പോലെ അതിശക്തമായ കൊടുങ്കാറ്റ് ബ്രിട്ടനില്‍ വീശിയടിക്കുന്നത്.

ലണ്ടനില്‍ 30 കാരി കാറിന് മുകളില്‍ മരം വീണ് മരിച്ചു. ഇവിടെ കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ടായി. വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ 50 വയസ് പ്രായമുള്ള ഒരാളും മരിച്ചു.ലണ്ടനിലെന്നപോലെ, തെക്കന്‍ ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ്, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ ഉയര്‍ന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.നിരവധി സ്‌കൂളുകള്‍ അടച്ചു, തീവണ്ടിയാത്ര സ്തംഭിച്ചു, ഉയര്‍ന്ന തിരമാലകള്‍ തീരത്ത് കടല്‍ഭിത്തികള്‍ തകര്‍ത്തു. അതേസമയം കാറ്റ് മൂലം ഇംഗ്ലണ്ടിലെ 1,40,000-ലധികം വീടുകളിലും, അയര്‍ലണ്ടിലെ 80,000 വീടുകളിലും വൈദ്യുതി മുടക്കിയെന്ന് യൂട്ടിലിറ്റി കമ്പനികള്‍ പറഞ്ഞു.

യുകെ തലസ്ഥാനത്തിന് ചുറ്റും, കൊടുങ്കാറ്റില്‍ പരിക്കേറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലസ്ഥാനത്തെ മില്ലേനിയം ഡോമിലെ മേല്‍ക്കൂരയുടെ വലിയൊരു ഭാഗം കാറ്റില്‍ തകര്‍ന്നു.നെതര്‍ലന്‍ഡ്സില്‍ മരം വീണു മൂന്നു പേരും തെക്കുകിഴക്കന്‍ അയര്‍ലന്‍ഡില്‍ 60 വയസ്സുള്ള ഒരാളും മരിച്ചു. ബെല്‍ജിയത്തില്‍ 79 വയസ്സുള്ള ഒരു കനേഡിയന്‍ കൊല്ലപ്പെട്ടു. നെതര്‍ലന്‍ഡ്സിന്റെ വടക്കന്‍ പ്രവിശ്യയായ ഗ്രോനിംഗനില്‍ അഡോര്‍പ്പിന് സമീപം റോഡിന് കുറുകെ വീണ മരത്തില്‍ കാര്‍ ഇടിച്ച് ഒരു വാഹനയാത്രികനും മരിച്ചു.


യൂനിസ് ചുഴലിക്കാറ്റിനൊപ്പം സ്റ്റിംഗ് ജെറ്റ് പ്രതിഭാസമുണ്ടായേക്കാമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്് ബ്രിട്ടന്റെ ഭീതി ഇരട്ടിയാക്കുന്നുണ്ട്. ചുഴലിക്കാറ്റിനുള്ളില്‍ തീവ്രമായ കാറ്റുള്ളതും, പ്രവചിക്കാന്‍ പ്രയാസമുള്ളതുമായ ഇടങ്ങളാണ് സ്റ്റിംഗ് ജെറ്റ്.1987 ല്‍ വീശിയടിച്ച ഗ്രേറ്റ് സ്റ്റോം കൊടുങ്കാറ്റിലാണ് ഇതിന് മുന്‍പ് ഈ പ്രതിഭാസം ഉണ്ടായത്. അന്ന് കനത്ത നാശനഷ്ടമായിരുന്നു ബ്രിട്ടന് ഏറ്റുവാങ്ങേണ്ടിവന്നത്. 18 പേര്‍ കൊല്ലപ്പെട്ടു. കോടികളുടെ നാശനഷ്ടവും രാജ്യത്ത് ഉണ്ടായി. യൂനിസിനൊപ്പം സ്റ്റിംഗ് ജെറ്റ് എന്ന പ്രതിഭാസം ഉണ്ടായാല്‍ സമാന സാഹചര്യം ആവര്‍ത്തിക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍.

10 മുതല്‍ 20 വരെ കിലോ മീറ്റര്‍ വീതിയിലാണ് സ്റ്റിംഗ് ജെറ്റുകള്‍ സാധാരണയായി കാണപ്പെടാറുള്ളത്. എല്ലാ കൊടുങ്കാറ്റുകളിലും ഈ പ്രതിഭാസം ഉണ്ടാകാറില്ല. അതിതീവ്രമായ യൂനിസ് പോലെയുള്ള കൊടുങ്കാറ്റുകളില്‍ മാത്രമാണ് ഇത്തരം സ്റ്റിംഗ് ജെറ്റുകള്‍ ഉണ്ടാകാറുള്ളത്. അതിശക്തമായ വേഗത ഇവയെ പ്രവചനാതീതമാക്കുന്നു. കനത്ത നാശനഷ്ടങ്ങള്‍ക്കും ജീവഹാനിക്കും ഇടയാക്കുന്നതാണ് ഈ പ്രതിഭാസം. ഏകദേശം മൂന്ന് മുതല്‍ നാല് മണിക്കൂര്‍വരെയാണ് സ്റ്റിംഗ് ജെറ്റ് പ്രതിഭാസം നിലനില്‍ക്കാറുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.