ആടിപ്പാടാം...ആനവണ്ടിയില്‍ കറങ്ങാം... കിടിലന്‍ ഏകദിന ട്രിപ്പൊരുക്കി കെ.എസ്.ആര്‍.ടി.സി; വെറും 700 രൂപ

ആടിപ്പാടാം...ആനവണ്ടിയില്‍ കറങ്ങാം... കിടിലന്‍ ഏകദിന ട്രിപ്പൊരുക്കി കെ.എസ്.ആര്‍.ടി.സി; വെറും 700 രൂപ

പ്രകൃതി സൗന്ദര്യം ആവോളം നുകര്‍ന്ന് യാത്ര ഒരനുഭവമാക്കാന്‍ വിനോദ സഞ്ചാരികളെ ആനവണ്ടി ക്ഷണിക്കുന്നു. പത്തനംതിട്ടയില്‍ നിന്നു ഗവി, വണ്ടിപ്പെരിയാര്‍, പരുന്തുംപാറ വഴി വാഗമണ്ണിലേക്കാണ് കെ.എസ്.ആര്‍.ടി.സി വിനോദ യാത്രയൊരുക്കുന്നത്. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലില്‍ നിന്നുമുള്ള ടൂര്‍ പാക്കേജ് സര്‍വീസ് അടുത്തയാഴ്ച ആരംഭിക്കും.

വിനോദ സഞ്ചാരികള്‍ക്ക് താല്‍പര്യമേറുന്ന തരത്തിലാണ് ദിവസേനയുള്ള സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. 36 സീറ്റുള്ള ഓര്‍ഡിനറി ബസാണ് സര്‍വീസ് നടത്തുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും. നിലവിലുള്ള പത്തനംതിട്ട - ഗവി-കുമളി ഓര്‍ഡിനറി യാത്രാ സര്‍വീസിന് പുറമേയാണിത്.

ഗവി-വണ്ടിപ്പെരിയാര്‍-പരുന്തുംപാറ- വാഗമണ്‍ ടൂറിസം പാക്കേജില്‍ ഒരാള്‍ക്ക് 700 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. വനമേഖലയിലൂടെ യാത്രചെയ്യുന്നതിനാല്‍ വനംവകുപ്പിന് അടയ്‌ക്കേണ്ട 100 രൂപയുടെ പാസ് അടക്കമാണിത്.

മൂന്ന് മുതല്‍ അഞ്ചു വരെ ബസുകള്‍ ഇതിനായി അനുവദിക്കാനാണ് ആലോചന. ആവശ്യമനുസരിച്ചാകും ഈ ക്രമീകരണം. യാത്രക്കാര്‍ ആവശ്യപ്പെടുന്ന പ്രധാന പോയിന്റുകളില്‍ കാഴ്ചകള്‍ കാണാന്‍ ബസ് നിര്‍ത്തും. രാവിലെ ആറിന് പുറപ്പെട്ട് രാത്രിയോടെ പത്തനംതിട്ടയില്‍ തിരിച്ചെത്തും.

വാഗമണ്ണില്‍ നിന്ന് മുണ്ടക്കയം വഴിയാണ് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്ര. ടൂര്‍ പാക്കേജ് സര്‍വീസ് ആരംഭിക്കുന്നതിന് ഇനി വനംവകുപ്പിന്റെ അനുമതികൂടി മതിയെന്ന് പത്തനംതിട്ട ഡി.ടി.ഒ തോമസ് മാത്യു വൃക്തമാക്കി. റാന്നി ഡി.എഫ്.ഒ.യ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈയാഴ്ച അനുമതി ലഭിച്ചേക്കുമെന്നും ഡി.ടി.ഒ പറഞ്ഞു.

ദൂരസ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പത്തനംതിട്ടയില്‍ രാത്രിയില്‍ തങ്ങി പുലര്‍ച്ചെ യാത്ര തുടങ്ങുന്നതിന് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. ഇതിനായി 150 കിടക്കകളാണ് ക്രമീകരിക്കുന്നത്.

ഒന്നാം നിലയില്‍ ഇതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങും. ഒരു കിടക്കയ്ക്ക് മിതമായ തരത്തില്‍ ഫീസ് അടയ്ക്കണം. ഒന്നര മാസത്തിനുള്ളില്‍ ഈ സംവിധാനമൊരുക്കും.

ബസ് ടെര്‍മിനലില്‍ കുടുംബശ്രീ കഫെ ആരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ടെര്‍മിനലിന് പുറത്ത് ഷോപ്പിങ് കോംപ്ലക്‌സിനോട് ചേര്‍ന്ന് പേ ആന്‍ഡ് പാര്‍ക്ക് സംവിധാനവും ഉടന്‍ ആരംഭിക്കും.

കെ.എസ്.ആര്‍.ടി.സിയുടെ കോതമംഗലം ഡിപ്പോയില്‍ നിന്നും പൂയംകുട്ടി-മാങ്കുളം വഴി മൂന്നാറിലേക്ക് ആരംഭിച്ച ഏകദിന ട്രിപ്പ് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. 700 രൂപ മുടക്കുമ്പോള്‍ ബോട്ട് യാത്രയും ആസ്വദിക്കാമെന്ന പ്രത്യേകതയും ഇവിടെയുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.