ഇന്ത്യന്‍ പൗരന്മാര്‍ ഉക്രെയ്ന്‍ വിടണമെന്ന് എംബസി; വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നു

ഇന്ത്യന്‍ പൗരന്മാര്‍ ഉക്രെയ്ന്‍ വിടണമെന്ന് എംബസി; വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നു


കീവ്: ഉക്രെയ്നിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ എംബസി. രാജ്യത്ത് തുടരണമെന്ന അടിയന്തിര ആവശ്യമുള്ളവരൊഴികെ ശേഷിക്കുന്ന ഇന്ത്യക്കാര്‍ താല്‍ക്കാലികമായി രാജ്യം വിടണമെന്നാണ് കീവിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം.

വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കോണ്‍ട്രാക്ടര്‍മാരുമായി ആശയവിനിമയം നടത്തണം. ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളും വെബ്സൈറ്റും തുടര്‍ച്ചയായി പരിശോധിക്കണമെന്നും എംബസി നിര്‍ദേശിച്ചു.

നേരത്തെ ഫെബ്രുവരി 15ന് നല്‍കിയ ഉത്തരവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് രാജ്യം വിടുന്നതിനെക്കുറിച്ച് പരിഗണിക്കണമെന്ന് എംബസി ആവശ്യപ്പെട്ടിരുന്നു. മടങ്ങേണ്ടതില്ലെന്ന നിലപാടാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സ്വീകരിച്ചത്. അതിനാല്‍ തിരിച്ചുവരാന്‍ താല്‍പര്യപ്പെടുന്നവരെ എത്തിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

എന്നാല്‍ സൈനിക പിന്മാറ്റം നടത്തിയെന്ന് അവകാശപ്പെട്ടിരുന്ന റഷ്യ വീണ്ടും ഉക്രെയ്നിലേക്ക് ഷെല്ലാക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശനിയാഴ്ച മാത്രം ഇരുപതോളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരോട് താല്‍ക്കാലികമായി രാജ്യം വിടാന്‍ എംബസി ആവശ്യപ്പെട്ടത്. അത്യന്താപേക്ഷിതമല്ലാതെ ഉക്രെയ്നില്‍ തുടരുന്നവര്‍ മടങ്ങണമെന്നാണ് നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.