യുദ്ധഭീതി വിട്ടൊഴിയുന്നില്ല; അതിര്‍ത്തി ലംഘിച്ച അഞ്ച് ഉക്രെയ്ന്‍ സൈനികരെ വധിച്ചതായി റഷ്യ

യുദ്ധഭീതി വിട്ടൊഴിയുന്നില്ല; അതിര്‍ത്തി ലംഘിച്ച അഞ്ച് ഉക്രെയ്ന്‍ സൈനികരെ വധിച്ചതായി റഷ്യ

കീവ്: ഉക്രെയ്‌നില്‍ അധിനിവേശം നടത്താതിരുന്നാല്‍ മാത്രമേ റഷ്യയുമായി ചര്‍ച്ചയുള്ളൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയതിന് പിന്നാലെ അഞ്ച് ഉക്രെയ്‌നിയന്‍ സൈനികരെ വധിച്ചതായി റഷ്യയുടെ വെളിപ്പെടുത്തല്‍. റോസ്‌തോവ് മേഖലയിലെ മിത്യകിന്‍സ്‌കായ ഗ്രാമത്തിന് സമീപം രാവിലെ ആറിനാണ് സംഭവമുണ്ടായത്. റഷ്യന്‍ അതിര്‍ത്തി ലംഘിച്ച അഞ്ച് പേര്‍ കൊല്ലപ്പെട്ടു എന്നാണ് റഷ്യ പ്രസ്താവനയില്‍ അറിയിച്ചത്. അതേസമയം, റഷ്യന്‍ അവകാശവാദം ഉക്രെയ്ന്‍ നിഷേധിച്ചു. സംഭവം റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയേക്കാം.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തില്‍ ഏറ്റവുമധികം ആശങ്കയുയര്‍ത്തുന്ന തര്‍ക്കമാണ് ഇപ്പോള്‍ റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ജി 7 രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തില്‍ നിലപാട് എടുക്കാന്‍ ശ്രമമാരംഭിച്ചിരിക്കുകയാണ് അമേരിക്ക.

ഉക്രെയ്ന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ റഷ്യ ഉക്രെയ്ന്‍ അതിര്‍ത്തിയിലെ തങ്ങളുടെ സൈനിക പോസ്റ്റ് തകര്‍ന്നതായി റഷ്യ ആരോപിച്ചു. ഇന്ന് രാവിലെ 9.50നാണ് ആക്രമണമുണ്ടായതെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നുമാണ് റഷ്യയുടെ വാദം. അതേസമയം തങ്ങള്‍ ഷെല്‍ ആക്രമണം നടത്തിയിട്ടില്ലെന്നാണ്
ഉക്രെയ്ന്‍ പറയുന്നത്. ഉക്രേനിയന്‍ സൈന്യത്തിന്റെ ആക്രമണത്തിന് പ്രതികാരമായാണ് അഞ്ച് ഉക്രെയ്ന്‍ സൈനികരെ വധിച്ചതെന്നാണ് റഷ്യ അറിയിച്ചത്.

ഉക്രെയിനിന്റെ അതിര്‍ത്തിയില്‍ ജനുവരി 30ന് 1,50,000 സൈനികരെ റഷ്യ വിന്യസിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാല്‍ ഉക്രെയ്‌നെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നാണ് ഇതുവരെ റഷ്യ പറഞ്ഞിരുന്നത്. അതിന് വിപരീതമായാണ് അഞ്ച് ഉക്രേനിയന്‍ സൈനികരെ വധിച്ചുവെന്ന വെളിപ്പെടുത്തലുമായി റഷ്യ രംഗത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.