മോദിയുമായി ടെലിവിഷൻ സംവാദം വേണം : പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ

മോദിയുമായി ടെലിവിഷൻ സംവാദം വേണം : പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ

ഇസ്‌ലാമാബാദ് :ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദം നടത്താൻ ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

“നരേന്ദ്ര മോദിയുമായി ടിവിയിൽ സംവാദം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു,” റഷ്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഖാൻ പറഞ്ഞു, അഭിപ്രായവ്യത്യാസങ്ങൾ സംവാദത്തിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ ഉപഭൂഖണ്ഡത്തിലെ ബില്യൺ ജനങ്ങൾക്ക് അത് പ്രയോജനകരമാകുമെന്ന് കൂട്ടിച്ചേർത്തു.

ആണവശക്തിയുള്ള എതിരാളികൾ എന്ന നിലയിൽ ലോകം ഉറ്റുനോക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. സ്വാതന്ത്ര്യത്തിനു ശേഷം പരസ്പരം മൂന്ന് യുദ്ധങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്.  ഇമ്രാൻഖാന്റെ അഭിപ്രായത്തോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുമായി കുറഞ്ഞു വരുന്ന വ്യാപാര ബന്ധങ്ങൾ ഇമ്രാൻഖാന്റെ സർക്കാരിനെ വളരെയധികം അലസോരപ്പെടുത്തുന്നുണ്ട്.

അടുത്തിടെ പാകിസ്ഥാൻ ഉന്നത വാണിജ്യ ഉദ്യോഗസ്ഥനായ റസാഖ് ദാവൂദിന്റെ അഭിപ്രായങ്ങൾക്ക് പിന്നാലെയാണ് ഖാനും സമാനമായ അഭിപ്രായങ്ങൾ റഷ്യ ടുഡേയുമായി പങ്കു വച്ചത്. പാകിസ്താന്റെ തെക്കുപടിഞ്ഞാറൻ  അയൽരാജ്യമായ ഇറാൻ അമേരിക്കയുടെ ഉപരോധത്തിന് വിധേയമായിരിക്കുന്നതിനാലും അവരുമായി വലിയ തോതിൽ വ്യാപാര സാദ്ധ്യതകൾ ഇല്ല. പതിറ്റാണ്ടുകളായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റൊരു അയൽ രാജ്യമായ അഫ്ഗാനിസ്ഥാനുമായും പരിമിതമായ വ്യാപാരം മാത്രമേ സാദ്ധ്യമാകുകയുള്ളു.  എന്നാൽ പാകിസ്ഥാൻ അതിന്റെ വടക്കൻ അയൽരാജ്യമായ ചൈനയുമായി ശക്തമായ സാമ്പത്തിക ബന്ധം പങ്കിടുന്നു. ബെൽറ്റ് ആൻഡ് റോഡ് പദ്ധതി പ്രകാരം അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് പദ്ധതികൾക്കുമായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ചു.

ബുധനാഴ്ച മോസ്‌കോ സന്ദർശിക്കുന്നതിനു മുൻപ് റഷ്യ ടുഡേ ക്കു നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ മനസുതുറന്നത്‌. രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു പാകിസ്ഥാൻ നേതാവ് റഷ്യയിലേക്കു നടത്തുന്ന ആദ്യ സന്ദർശനമാണിത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണുന്ന ഇമ്രാൻ റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കും.

“Jaw-Jaw is better than to War-War” എന്ന വിൻസ്റ്റൺ ചർച്ചിലിന്റെ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യൻ എംപി ശശി തരൂർ, ഇമ്രാൻഖാന്റെ അഭിപ്രായത്തെ സ്വീകരിച്ചു. എങ്കിലും ഇന്ത്യൻ ടെലിവിഷൻ ചർച്ചകളിൽ പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടുന്നില്ല, അത് കൂടുതൽ വഷളാക്കുകയേയുള്ളൂ!. TRP വർദ്ധിപ്പിക്കുമെങ്കിൽ ലോകയുദ്ധം ആളിക്കത്തിക്കുന്നതിൽ ഞങ്ങളുടെ ചില അവതാരകർ സന്തുഷ്ടരാണ്
എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.