ന്യൂഡല്‍ഹി: പഞ്ചാബ് പൊളിറ്റിക്സ് ടിവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റും കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചു.
സിഖ് തീവ്ര സംഘടനയായ ഖലിസ്ഥാന്‍ അനുകൂല മാധ്യമമാണിത്. സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ) സംഘടനയുമായി അടുപ്പം പുലര്‍ത്തുന്ന ചാനലിന്റെ വെബ്സൈറ്റ്, ആപ്പ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയാണ് പൂട്ടിച്ചത്.
പഞ്ചാബിലെ ക്രമസമാധാനം തകര്‍ക്കാനും മതസൗഹാര്‍ദത്തിന് ഭീഷണിയുയര്‍ത്തുന്നതുമാണ് ചാനലിന്റെ പ്രവര്‍ത്തനങ്ങളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി.
സമാധാനാന്തരീക്ഷം തകര്‍ക്കുന്ന സമീപനമാണ് ചാനലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. മതസൗഹാര്‍ദം തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി ഉയര്‍ത്തുന്നതുമായ നീക്കങ്ങളും ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായതായി കേന്ദ്രം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതിന്റെ ഉത്തരവാദിത്തം നേരത്തെ എസ്.എഫ്.ജെ ഏറ്റെടുത്തിരുന്നു. പഞ്ചാബിലെ തിരഞ്ഞെടുപ്പിന് തലേദിവസം എസ്.എഫ്.ജെയുടെ പേരില്‍ ഒരു കത്തും പ്രചരിച്ചിരുന്നു.
തങ്ങളുടെ സ്വപ്നമായ സ്വതന്ത്ര രാജ്യം യാഥാര്‍ഥ്യമാവാന്‍ ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് അവര്‍ നിഷേധിച്ചിരുന്നു. എസ്.എഫ്.ജെ സ്ഥാപകനായ ഗുര്‍പത്വന്ത് സിങ് പന്നു പുറത്തിറക്കിയ വീഡിയോയിലാണ് ഇത് നിഷേധിച്ചത്.
ഇത്തരമൊരു വ്യാജ കത്ത് പ്രചരിച്ചതിന് പിന്നില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബിലെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് സിങ് മാനും ആണെന്ന് വീഡിയോയില്‍ പന്നു ആരോപിച്ചു.
ഈ വിഷയം ചൂണ്ടിക്കാണിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. എഎപിയും എസ്എഫ്ജെയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നായിരുന്നു ചന്നി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നത്. വിഷയത്തില്‍ ഇടപെടുമെന്ന് അമിത് ഷാ മറുപടിയും നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.