കെ.പി.എ.സി ലളിത അന്തരിച്ചു

കെ.പി.എ.സി ലളിത അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടി കെ.പി.എ.സി ലളിത അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു അന്ത്യം.

കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍.

ആലപ്പുഴയിലെ കായംകുളത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കല്‍ തറയില്‍ കെ. അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ. നാലു സഹോദരങ്ങള്‍. മഹേശ്വരിയമ്മ എന്നാണ് യഥാര്‍ത്ഥ പേര്. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. ചങ്ങനാശേരി ഗീഥാ ആര്‍ട്‌സ് ക്ലബ്ബിന്റെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് പ്രമുഖ നാടക സംഘമായിരുന്ന കെ.പി.എ.സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ.പി.എ.സി എന്നത് പേരിനോട് ചേരുകയും ചെയ്തു.


കെ.പി.എ.സി ലളിതയും ഭരതനും (ഫയല്‍ ചിത്രം)

മലയാളത്തിലും തമിഴിലുമായി 550ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ശാന്തം, അമരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് കെ.പി.എസി ലളിത. ഭരതന്‍ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തം സിനിമയിലെ അഭിനയത്തിന് 2000 ലുമാണ് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. 1975 (നീലപ്പൊന്മാന്‍), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം) എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ടെലിവിഷന്‍ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്. 

നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകളില്‍ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'കഥ തുടരും' എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്‌കാരം ലഭിച്ചു.

സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവും ലളിതയെ ഏറെ ശ്രദ്ധേയമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.